ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കും, വനിതാ ജഡ്ജും അംഗം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി. വനിതാ ജഡ്‍ജി ഉള്‍പ്പെട്ട വിശാല ബെഞ്ചായിരിക്കും ഹർജി പരിഗണിക്കുക. നിർമാതാവായ സജിമോൻ പറയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എമുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരാണ് ഹർജി പരിഗണിച്ചത്.

വിശാല ബെഞ്ചിൽ ആരൊക്കെ അംഗമാകണമെന്ന കാര്യം ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ആയിരിക്കും തീരുമാനിക്കുക. ശോഭ അന്നമ്മ ഈപ്പന്‍, സോഫി തോമസ്, എം ബി സ്‌നേഹലത, സി എസ് സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍. അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്‌റെ പൂർണരൂപം സർക്കാർ സപ്റ്റംബർ 9 ന് ഹൈക്കോടതിക്ക് സമർപ്പിക്കും. 10 നകം റിപ്പോർട്ട് കൈമാറാൻ നേരത്തേ കോടതി ഉത്തരവ് ഇട്ടിരുന്നു. മുദ്ര വെച്ച കവറിൽ റിപ്പോർട്ട് കൈമാറണമെന്നായിരുന്നു നിർദ്ദേശം. ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചറ നവാസ് നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ കേസ് എടുക്കാൻ പരിമിതികൾ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിവരങ്ങൾ പുറത്തുവരില്ലെന്ന ഉറപ്പിലാണ് പലരും കമ്മിറ്റിക്ക് മൊഴി നൽകിയതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നടപടികൾ, റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കൈക്കൊണ്ട കേസുകൾ തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിനൊപ്പം സമർപ്പിക്കണം.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഗുരുതര ആരോപണങ്ങളാണ് സിനിമയിലെ പല നടൻമാർക്കെതിരേയും ഉയർന്നത്. നടനും താരസംഘടനയായ അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ധിഖ്, നടനും എം എൽ എയുമായ മുകേഷ്, മണിയൻ പിള്ള രാജു, ജയസൂര്യ തുടങ്ങിയ താരങ്ങൾക്കെതിരെ പലരും രംഗത്തെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ താരങ്ങൾക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ മുകേഷ് അടക്കം ഉള്ളവർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുകേഷ്, മണിയൻ പിള്ള രാജു എന്നിവരുടെ ഹർജികളിൽ ഇന്ന് ഹൈക്കോടതി വിധി പറയും.












Click it and Unblock the Notifications