ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; എന്തെങ്കിലും തീരുമാനം ആയോ എന്ന് പാര്‍വതി; കേസുകള്‍ പിന്‍വലിക്കുന്നതില്‍ വിമര്‍ശനം
കൊച്ചി: നടി പാര്‍വതി തിരുവോത്തിന്റെ വിമര്‍ശനത്തിന്റെ ചൂട് തിരിച്ചറിഞ്ഞിട്ടുള്ളവരാണ് സിനിമാ മേഖലയിലെ പല പ്രമുഖരും. മികച്ച പ്രതിഭയുള്ള പാര്‍വതി സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതായി ആരോപണം ഉയരുമ്പോഴും വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറയ്ക്കാന്‍ നടി തയാറല്ല. ഇപ്പോഴിതാ, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി വിമര്‍ശനം ഉന്നയിച്ചത്.
മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതാണ് ഹേമ കമ്മിഷന്‍. കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചലച്ചിത്ര മേഖലയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് എല്ലാ കേസുകളും അവസാനിപ്പിച്ചതായുള്ള പൊലീസിന്റെ പ്രഖ്യാപനത്തിന് എതിരെ വിമര്‍ശനം ഉയരുകയാണ്. കമ്മിറ്റി മുമ്പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി എന്നാണ് പോലീസിന്റെ വാദം.

കേസുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചാണ് പാര്‍വതി തിരുവോത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനം ആയോ എന്നാണ് പാര്‍വതി മുഖ്യമന്ത്രിയോട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചോദിക്കുന്നത്. മുഖ്യമന്ത്രിയെ ടാഗ് ചെയ്താണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഇനിയെങ്കിലും എന്തിനായിരുന്നു ഹേമാ കമ്മിറ്റി യഥാര്‍ത്ഥത്തില്‍ രൂപീകരിച്ചത് എന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമല്ലോ? ചലച്ചിത്ര മേഖലയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. അതില്‍ എന്താണ് സംഭവിക്കുന്നത്? ഇക്കാര്യത്തില്‍ ധൃതിയൊന്നുമില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷം മാത്രമല്ലേ ആകുന്നുള്ളൂ. - ഇതായിരുന്നു പാര്‍വതിയുടെ വാക്കുകള്‍.
സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ മുതല്‍ ലൈംഗിക ചൂഷണവും വിവേചനവും വരെ പഠിക്കാനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത്. 2019 ലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഹേമ കമ്മീഷന്‍ 300 പേജ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൊഴി നല്‍കിയ ഭൂരിപക്ഷം പേരും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസുകള്‍ പിന്‍വലിക്കാനുള്ള പോലീസിന്റെ നടപടി.
അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിക്ക്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണവുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications