'ആർത്തവ സമയത്ത് പാഡ് മാറ്റുന്നതിന് പോലും സാധിക്കാറില്ല,പല സ്ത്രീകൾക്കും യൂറിനറി ഇൻഫെക്ഷൻ ഉണ്ടായി'
കൊച്ചി: ആർത്തവ സമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധിയാണ് എന്നും മൂത്രം ഒഴിക്കാൻ പോകാൻ പോലും സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരുന്നുവെന്നും നടിമാർ മൊഴി നൽകി.
ലൊക്കേഷനിൽ നടിമാർക്ക് ശുചിമുറി ഒരുക്കാറില്ലെന്ന വിവരവും റിപ്പോർട്ടിലുണ്ട്. മൂത്രമൊഴിക്കാൻ സൗകര്യമില്ലാത്തതിനാൽ സെറ്റിൽ സ്ത്രീകൾ വെള്ളം കുടിക്കാതെ നിൽക്കുന്നു. പല സ്ത്രീകൾക്കും യൂറിനറി ഇൻഫെക്ഷൻ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. 'അഡ്ജസ്റ്റ്മെന്റുകളും ' ' കോംപ്രമൈസും ' എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകൾക്ക് സുപരിചിതമാണെമെന്നും റിപ്പോർട്ടിൽ പറയുന്നു.

നടിമാർ താമസിക്കുന്ന ഹോട്ടൽ മുറി തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നും മൊഴിയിലുണ്ട്. ഷൂട്ടിംഗ് സൈറ്റുകളിൽ കുടുംബത്തിനുള്ളിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥ ഉണ്ടെന്നും നടിമാർ മൊഴി നൽകിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത് പതിവാണ്.
സഹകരിക്കുന്ന നടിമാർ പ്രത്യേക കോഡ് പേരുകളിലാണ് സിനിമ മേഖലയിൽ അറിയപ്പെടുന്നത്. സഹരിക്കാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ടെന്നും നടിമാർക്ക് പുറമെ അവരുടെ ബന്ധുക്കൾ പോലും വഴങ്ങേണ്ട സ്ഥിതിയുണ്ടെന്ന വെളിപ്പെടുത്തലും ഉണ്ട്. അഭിനയിക്കുമ്പോൾ അനാവശ്യമായി റിപ്പീറ്റ് ഷോർട്ട് എടുക്കാറുണ്ട്. അവസരങ്ങൾ ഇല്ലാതാക്കി സിനിമയിൽ നിന്ന്
പുറത്താക്കാനുള്ള ശ്രമവും ഉണ്ടെന്നും പറയുന്നു.
മലയാളം സിനിമയിസെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിക്കുന്നത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്. ശനിയാഴ്ച റിപ്പോർട്ട് പുറത്ത് വിടുമെന്ന് പറഞ്ഞെങ്കിലും റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി കോടതി തള്ളിയതോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ചൊവ്വാഴ്ച അവധി ആയതിനാലാണ് ഇന്ന് തന്നെ റിപ്പോർട്ട് പുറത്തുവിട്ടത്.
സിനിമയുടെ ആകാശം നിഗൂഢമാണ് എന്നും കാണുന്നത് പോലെ ശോഭ ഉള്ളല്ല സിനിമ രംഗം എന്നും ഇതിൽ പറയുന്നുണ്ട്. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിനിമയിൽ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. താഴെ തട്ട് മുതൽ ചൂഷണം നടക്കുന്നുണ്ട് എന്നും പറയുന്നു.












Click it and Unblock the Notifications