ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണോ? മന്ത്രി പി രാജീവിന് നൽകിയ കത്ത് പുറത്ത് വിട്ട് ഡബ്ല്യൂസിസി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന പി രാജീവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത് വിട്ട് വനിതാ സംഘടന. 2022 ജനുവരി 21ന് മന്ത്രിയുമായി നടത്തിയ മീറ്റിംഗിൽ ഡബ്ല്യൂസിസി നൽകിയ കത്താണ് ഫേസ്ബുക്ക് പേജിലൂടെ സംഘടന പുറത്ത് വിട്ടിരിക്കുന്നത്. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോരെന്ന് ഡബ്ല്യൂസിസി വ്യക്തമാക്കുന്നു.
ബഹുമാനപ്പെട്ട മന്ത്രി രാജീവുമായി ഞങ്ങൾ നടത്തിയ മീറ്റിങ്ങിൽ (21-01-2022) സമർപ്പിച്ച കത്തിൻ്റെ പൂർണ്ണരൂപം ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഞങ്ങൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഏറെ പണവും സമയവും ചിലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കാതെ നീണ്ടു പോയപ്പോൾ ഞങ്ങൾ സാധ്യമായ എല്ലാ സർക്കാർ ഇടങ്ങളിലും അതിനായി ആവശ്യപ്പെട്ടിരുന്നു. അവസാനം സമർപ്പിച്ച റിപ്പോർട്ടിൽ ഗവൺമെൻറ് നിശ്ശബ്ദമായിരുന്നപ്പോൾ ഞങ്ങൾ അതിനെതിരെ തുടരെ ശബ്ദമുയർത്തിയിരുന്നു. കമ്മിറ്റി റിപ്പോർട്ടു മുന്നോട്ടു വെക്കുന്ന ഗൗരവപ്പെട്ട വിഷയങ്ങൾ മൂടിവെച്ച് നിർദേശങ്ങൾ മാത്രം പുറത്തു വിട്ടാൽ പോര.
അതിൽ രേഖപ്പെടുത്തിയ കേസ് സ്റ്റഡികളും, (അതിജീവതകളുടെ പേരും മറ്റു സൂചനകളും ഒഴിവാക്കിക്കൊണ്ടു തന്നെ), കണ്ടെത്തലുകളും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. അതിനാലാണ് ഹേമ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ മാത്രം ചർച്ച ചെയ്ത് കമ്മിറ്റികൾ ഒന്നിനു പുറകെ ഉണ്ടാക്കിയിട്ട് കാര്യമില്ല എന്നു ഞങ്ങൾ പറയുന്നത്. ഹേമ കമ്മിറ്റി മുന്നോട്ടുവെച്ചു നിർദ്ദേശങ്ങളിൽ അവർ എത്താനുണ്ടായ കാരണം പൊതു ജനങ്ങൾക്ക് അറിയേണ്ടതുണ്ട്. മാത്രവുമല്ല ഗവൺമെൻ്റ് പുറത്തു വിടുന്ന കമ്മിറ്റിയുടെ രൂപം ഹേമ കമ്മിറ്റി അംഗങ്ങൾ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് അതിപ്രധാനമാണ്. നാലാം തീയതി ഗവൺമെൻറ് ക്ഷണിച്ച മീറ്റിങ്ങിൽ ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ പങ്കെടുക്കുന്നത്. ഡബ്ല്യൂസിസിയുടെ കത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട നിയമ, വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിക്ക്
മലയാള സിനിമ വളര്‍ന്ന് പന്തലിച്ച് ലോകത്തിന് മുന്നില്‍ തന്നെ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. പ്രശസ്തിക്കൊപ്പം ചലച്ചിത്ര വ്യവസായം കേരള സമ്പദ് വ്യവസ്ഥയില്‍ ഗൗരവമായതും നിര്‍ണായകമായതുമായ സംഭാവന നല്‍കുന്നുണ്ട്. ആയിരക്കണക്കിന് തൊഴിലുകളാണ് ഓരോ വര്‍ഷവും ഇതിലൂടെ രൂപപ്പെടുന്നത്. എന്നാല്‍ ഈ തൊഴിലിടം എല്ലാ കാലത്തും സ്ത്രീകള്‍ക്ക് പ്രശ്‌ന സങ്കീര്‍ണ്ണമായിരുന്നു. അത് വേതന വ്യവസ്ഥയുടെ കാര്യമാണെങ്കിലും തൊഴിലിടത്തെ സുരക്ഷയുടേത് ആണെങ്കിലും പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യതയെ സംബന്ധിച്ചാണെങ്കിലും. ഡബ്ല്യൂസിസി എന്ന സിനിമയിലെ സ്ത്രീ കൂട്ടായ്മ തന്നെ രൂപപ്പെട്ടത് ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തക തൊഴിലിടത്തില്‍ വെച്ച് ആക്രമിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായിട്ടാണല്ലോ. അഞ്ച് വര്‍ഷമായി നീതി തേടിയുളള അവളുടേയും കേരളത്തിന്റെയും പോരാട്ടത്തിന് ഇപ്പോഴും മറുപടി കിട്ടിയിട്ടില്ല.
സുപ്രീം കോടതി ഉത്തരവനുസരിച്ച് നിയമപരമായ ബാധ്യത എന്ന നിലയില്‍ സിനിമയുടെ തൊഴിലിടങ്ങളില്‍ POSH Act പ്രകാരമുളള സമിതിയും ആഭ്യന്തര പരാതി പരിഹാര സമിതിയും(ic) രൂപീകരിക്കാന്‍ കേരളത്തിലെ സിനിമാ വ്യവസായവും ഇവിടുത്തെ ചലച്ചിത്ര സംഘടനകളും ഇനിയും തയ്യാറായിട്ടില്ല. മലയാള സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നത് കേരള ഫിലിം ചേമ്പറും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമാണ്. നടി ആക്രമിക്കപ്പെട്ട് പോലൊരു സംഭവം ഉണ്ടാകുന്നത് പോലും നിയമപരമായ ബാധ്യത അനുസരിക്കാത്തത് മൂലമാണ്. ഇക്കാര്യത്തില്‍ സിനിമാ സംഘടനകളുടെ വിമുഖത കാരണമാണ് ലിംഗനീതി പുലരേണ്ട നിയമം ഇവിടെ നടപ്പാക്കാതെ പോകുന്നത്. കുറ്റകരമായ അനാസ്ഥയാണിത്.
മൃഗങ്ങളെ ദ്രോഹിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇപ്പോള്‍ ഒരു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. എന്നാല്‍ സ്ത്രീകള്‍ സിനിമാ നിര്‍മ്മാണ വേളയില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ എന്നത് സിനിമക്ക് പ്രശ്‌നമേ അല്ല. ഐസി രൂപീകരിക്കാതെ നിര്‍മ്മിക്കുന്ന ഒരു സിനിമക്ക് പ്രദര്‍ശനാനുമതി ലഭ്യമാക്കരുത് എന്നാണ് ഞങ്ങളുടെ ആവശ്യം. മഹാരാഷ്ട്രയില്‍ വനിതാ കമ്മീഷന്‍ ഇടപെട്ട് ഈ വിഷയത്തില്‍ സൃഷ്ടിച്ച സ്ത്രീപക്ഷ മാതൃക നമുക്കും പിന്തുടരാവുന്നതാണ്. മലയാള സിനിമയില്‍ SHWWP(PPR)Act 2013 നടപ്പിലാക്കാന്‍ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ തൊഴിലിടങ്ങളിലും ഐസി ഏര്‍പ്പെടുത്താനുളള അടിയന്തര ശ്രദ്ധ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
Recommended Video

സിനിമാ രംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്ത്യുത്യര്‍ഹമായ വിധം ഇടപെട്ട പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്നതും ഞങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ഒന്നര കോടിയിലേറെ നികുതിപ്പണം ചിലവിട്ട് രണ്ട് വര്‍ഷമെടുത്ത് പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍(?) പുറത്ത് കൊണ്ടുവരികയും വേണ്ട ചര്‍ച്ചകള്‍ നടത്തി പ്രായോഗിക നടപടികള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. കേരളമടക്കം തെലുങ്ക്, കന്നട, തമിഴ് സിനിമാ രംഗത്തെ തൊഴിലിടത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ പഠിക്കുകയും ക്രിയാത്മക നിര്‍ദേശങ്ങളോടെ ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തത് ഇതിനൊപ്പം താങ്കളുടെ ശ്രദ്ധയിലേക്കായി സമര്‍പ്പിക്കുന്നു.
സ്ത്രീക്ക് നീതി ഉറപ്പ് വരുത്തുന്ന സംവിധാനത്തിന് മാത്രമേ സ്ത്രീപക്ഷ കേരളം വാര്‍ത്തെടുക്കാനാവൂ. ഒരു നൂറ്റാണ്ടിനോടടുക്കുന്ന മലയാള സിനിമയില്‍ ചരിത്ര പ്രാധാന്യമുളള ഈ തിരുത്തലിന് ആവശ്യമായ തൊഴില്‍ നിയമങ്ങള്‍ താങ്കളുടെ നേതൃത്വത്തില്‍ നടപ്പിലാക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തയോടെ
വിമന്‍ ഇന്‍ സിനിമാ കളക്ടീവ്












Click it and Unblock the Notifications