ചെമ്പൂച്ചിറ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിലെ അപാകത; കരാറുകാരന് പൊളിക്കലിന് പണം നൽകില്ലെന്ന് കിഫ്ബി
തൃശ്ശൂർ; ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം ബലക്ഷയം കാരണം പൊളിക്കാൻ തിരുമാനിച്ചതിൽ പ്രതികരണവുമായി കിഫ്ബി. നിർമാണത്തിലെ അപാകതകൾ കണ്ടത്തിയതിനെ തുടർന്ന് നിർമാണം നിർത്തിവയ്ക്കാൻ കിഫ്ബി, എസ്പിവി ആയ കൈറ്റിനോട് നിർദേശിച്ചിരുന്നു. തകരാറുകൾ പരിഹരിച്ച് പദ്ധതി പൂർത്തിയാക്കാത്തതിനാൽ കരാറുകാരന് ഈ നിർമാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും കിഫ്ബി നൽകിയിട്ടില്ല. ഇപ്പോൾ ഗുണനിലവാര പ്രശ്‌നവുമായി ബന്ധപ്പെട്ട് സ്‌കൂൾ കെട്ടിടം പൊളിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പൊളിക്കലിന് വേണ്ടി വരുന്ന ചെലവ് പോലും കിഫ്ബിയിൽ നിന്ന് കരാറുകാരന് ലഭിക്കില്ലെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സ്കൂളിന്റെ രണ്ടാം നിലയാണ് പൊളിക്കുന്നത്. 3.75 കോടി ചെലവിലായിരുന്നു കെട്ടിടം പണിതത്. കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ചായിരുന്നു നിർമ്മാണം നടത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ടെക്നിക്കൽ ഇൻസ്പെക്ഷൻ വിഭാഗവും ക്വാളിറ്റി വിഭാഗവും നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തുകയായിരുന്നു.

കിഫ്ബിയുടെ കുറിപ്പ് വായിക്കാം-ചെമ്പൂച്ചിറ ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂളിൽ കിഫ്ബിയുടെ മൂന്നു കോടിയും എംഎൽഎ ഫണ്ടും മുടക്കി നിർമിച്ച സ്‌കൂൾ കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ചാണ് ഈ കുറിപ്പ്. ഈ വിഷയത്തിൽ നേരെത്തെയും ഇതേ പേജിൽ തന്നെ പദ്ധതിയുടെ ഗുണനിലവാരം സംബന്ധിച്ച് വിവാദം ഉയർന്നപ്പോൾ കാര്യങ്ങൾ കിഫ്ബി വിശദമാക്കിയിരുന്നു. എന്നാൽ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും കാര്യങ്ങൾ വിശദമാക്കേണ്ടി വന്നിരിക്കുന്നു. ചെമ്പൂച്ചിറ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പദ്ധതികൾക്ക് രണ്ടു ഭാഗങ്ങളുണ്ട്. ഒന്നു പൂർണമായും പുതിയ ഒരു കെട്ടിടവും(Main Block) മറ്റൊന്ന് പഴയകെട്ടിടത്തിന്റെ മുകളിലായി പണിയുന്ന അഞ്ചു ക്ലാസ്മുറികളും. ഇതിൽ രണ്ടാമത്തെ ഭാഗമാണ് (പഴയ കെട്ടിടത്തിന് മുകളിൽ പണിത അഞ്ച്ക്ലാസ്മുറികൾ) ഇപ്പോൾ പൊളിക്കുന്നത്. പുതിയ കെട്ടിടമാകട്ടെ(Main Block) പതിനാറ് പുതിയ ക്ലാസ്മുറികളും ലൈബ്രറിയും അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കും അടുക്കളയും ശുചിമുറികളും ഒക്കെയായി സമയബന്ധിതമായി ഗുണനിലവാരം ഉറപ്പുവരുത്തി പൂർത്തീകരണത്തിലേക്കെത്തി കഴിഞ്ഞു.
ഗുണനിലവാരം സംബന്ധിച്ച് പരാതികൾ ഉയർന്നപ്പോൾ തന്നെ 2020 നവംബർ 29ന് കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ അഥോറിറ്റി ഇവിടെ പരിശോധന നടത്തിയിരുന്നു. ആ വർഷം തന്നെ ഡിസംബർ ഒന്നിന് ക്വാളിറ്റി വിഭാഗവും പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുണനിലവാരത്തിൽ ചില പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു.(ആ പരിശോധനയുടെയും തുടർനടപടികളുടെയും വിശദാംശങ്ങൾ ആ സമയത്ത് പോസ്റ്റ് ചെയ്തിരുന്നതിനാൽ ആവർത്തിക്കുന്നില്ല).
നിർമാണത്തിലെ അപാകതകൾ കണ്ടത്തിയതിനെ തുടർന്ന് ഈ നിർമാണം നിർത്തിവയ്ക്കാൻ കിഫ്ബി, എസ്പിവി ആയ കൈറ്റിനോട് നിർദേശിച്ചിരുന്നു. ന്യൂനതകൾ കണ്ടുപിടിച്ച ഭാഗത്തുള്ള പ്രവർത്തികളുടെ പണം കരാറുകാരന് നൽകിയിട്ടുമില്ല.
2021 ഫെബ്രുവരി ഒമ്പതിന് നൽകിയ അന്തിമ അന്വേഷണ റിപ്പോർട്ടിൽ എസ്പിവിയോട് പരിഹാരമാർഗങ്ങൾ ഒക്കെ ഉൾപ്പെടുത്തി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് തകരാറുകൾ പരിഹരിക്കുന്നതിനായുള്ള വർക്കുകൾ വിലയിരുത്തുന്നതിനായി 26.06.2021 ൽ കിഫ്ബിയുടെ ടെക്‌നിക്കിൽ ഇൻസ്‌പെക്ഷൻ വിഭാഗം പരിശോധന നടത്തിയിരുന്നു.ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് എസ്പിവിയിൽ നിന്ന് മറുപടിയുണ്ടാകാത്തതിനാൽ 08.08.2021ൽ ഒബ്‌സെർവേഷൻ മെമ്മോ നൽകുകയുണ്ടായി. സ്‌ളാബിന്റെ സ്‌ട്രെങ്ത് പരിശോധിക്കുന്നതിനുള്ള ടെസ്റ്റുകളും വിള്ളലുകൾ മോണിറ്റർ ചെയ്യുന്നതിനുള്ള ടെസ്റ്റുകളും ചെയ്യണമെന്നും അക്കാര്യം കിഫ്ബിയെ അറിയിക്കണമെന്നും ഒബ്‌സെർവേഷൻ മെമ്മോയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എസ്പിവിയിൽ നിന്നും മറുപടി ഉണ്ടാകാത്തതിനാൽ 21.10.2021,1.11.2021, 3.12,2021 എന്നീ തീയതികളിൽ റിമൈൻഡറുകൾ അയച്ചുവെങ്കിലും മറുപടിയുണ്ടായില്ല.
ഇത്തരത്തിൽ തകരാറുകൾ പരിഹരിച്ച് പദ്ധതി പൂർത്തിയാക്കാത്തതിനാൽ കരാറുകാരന് ഈ നിർമാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും കിഫ്ബി നൽകിയിട്ടില്ല. ഇപ്പോൾ ഗുണനിലവാര പ്രശ്‌നവുമായി ബന്ധപ്പെട്ട് സ്‌കൂൾ കെട്ടിടം പൊളിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പൊളിക്കലിന് വേണ്ടി വരുന്ന ചെലവ് പോലും കിഫ്ബിയിൽ നിന്ന് കരാറുകാരന് ലഭിക്കില്ല.അതേസമയം പദ്ധതിയുടെ പ്രധാനഭാഗമായ മെയിൻബ്ലോക്ക് ഗുണനിലവാരം ഉറപ്പുവരുത്തി പൂർത്തീകരണത്തിലേക്കെത്തുകയാണ് എന്നതും എടുത്തുപറയണം. അഞ്ചുക്ലാസ്മുറികളുടെ കാര്യത്തിൽ മാത്രമാണ് ഗുണനിലവാരം പ്രശ്‌നമായിട്ടുള്ളത്.
നിർമാണ പ്രവർത്തികൾ നടക്കുന്ന എല്ലാ സ്‌കൂളുകളിലും ഗുണനിലവാര പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ കൈമാറുകയുള്ളു. ഇങ്ങനെ ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷമേ കരാറുകാർക്ക് പേയ്മെന്റ് പൂർണമായും നൽകുകയും ഉള്ളു. ഗുണനിലവാരത്തിൽ സംശയം ഉയർന്നിട്ടുള്ള മറ്റു ചില പദ്ധതികൾ കിഫ്ബി ടെക്നിക്കൽ ഇൻസ്പെക്ഷൻ അഥോറിറ്റിയുടെ സൂക്ഷ്മ നിരീക്ഷണത്തിൽ (close monitoring)ആണ്. ചില പദ്ധതികൾക്ക് സ്‌റ്റോപ് മെമ്മോയും നൽകുന്നുണ്ട്.
സംസ്ഥാനത്തെ വികസന പദ്ധതികൾക്കുള്ള ധനലഭ്യത ഉറപ്പുവരുത്തുന്നത് കിഫ്ബിയുടെ ദൗത്യമാണ്. ഇതിനൊപ്പം പദ്ധതികളുടെ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുന്നതും കിഫ്ബിയിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യമാണെന്ന് ആവർത്തിച്ചു പറയട്ടെ. ഗുണനിലവാരം ഉറപ്പുവരുത്തി സമയക്രമം പാലിച്ച് പരമാവധി പദ്ധതികൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിൽ തന്നെ കിഫ്ബി മുന്നോട്ടു പോകും എന്നതിൽ സംശയം വേണ്ട.












Click it and Unblock the Notifications