ജനസംഖ്യ കൂടുതലുള്ള കേരളത്തിലെ നാല് നഗരങ്ങളിലേക്ക് റെയില്‍ ലൈന്‍; സാധ്യതകള്‍ ഇങ്ങനെ
പാലക്കാട്: കേരളത്തിലേക്ക് നാല് റെയില്‍വെ ലൈനുകള്‍ കൂടി വരാന്‍ സാധ്യത. 50000 ത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മുഴുവന്‍ നഗരങ്ങളിലേക്കും റെയില്‍ ഗതാഗതം ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റെയില്‍വേക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കൈമാറിയതായാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഈ സൗകര്യം ലഭ്യമല്ലാത്ത നഗരങ്ങളിലേക്ക് പുതിയ ലൈന്‍ എത്തിക്കുന്നതിനുള്ള സാധ്യത ഡിസംബര്‍ രണ്ടിനകം അറിയിക്കണം എന്ന് ആവശ്യപ്പെട്ട് സോണല്‍ മാനേജര്‍മാര്‍ക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നീ നഗരങ്ങളില്‍ ഇത് പ്രകാരം റെയില്‍വെ ലൈന്‍ വരാനാണ് സാധ്യത.

പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ കീഴില്‍ 2024 - 2025 വര്‍ഷത്തിന് ഉള്ളില്‍ ഇത് ഉറപ്പുവരുത്തും. രാജ്യത്ത് മുഴുവന്‍ റെയില്‍ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ആണ് പ്രധാനമന്ത്രി ഗതിശക്തി പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങള്‍ നിലവിലുള്ള റെയില്‍വേ ലൈനില്‍ നിന്നോ സ്റ്റേഷനില്‍ നിന്നോ അഞ്ച് കിലോമീറ്ററില്‍ അലധികം ദൂരത്താണോ എന്ന് പരിശോധിക്കും.
ഇത് പ്രകാരം മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നീ നഗരങ്ങളില്‍ ജനസംഖ്യ ഇനി പറയുന്ന പ്രകാരമാണ്. മലപ്പുറം ( 1,01,386 ), മഞ്ചേരി ( 97,102 ), കൊടുങ്ങല്ലൂര്‍ ( 60,190 ), നെടുമങ്ങാട് ( 60,161 ). മലപ്പുറത്തെ രണ്ട് നഗരങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക.
കൂടാതെ തമിഴ്‌നാട്ടിലെ വാല്‍പാറയും കമ്പവും റെയില്‍വേ ബോര്‍ഡിന്റെ പട്ടികയില്‍ ഉണ്ട്. സര്‍വേ നടത്തി നിര്‍ത്തിവച്ച നിര്‍ദിഷ്ട നിലമ്പൂര്‍ - ഫറോക്ക്, ഇടപ്പള്ളി - ഗുരുവായൂര്‍, തിരുവനന്തപുരം - പുനലൂര്‍ പാതകള്‍ പ്രാവര്‍ത്തികമായാല്‍ കേരളത്തിലെ നാല് നഗരത്തിലേക്കും റെയില്‍ ഗതാഗത സൗകര്യം വേഗത്തില്‍ ലഭ്യമാകും.












Click it and Unblock the Notifications