ജവാനും ഹണിബീയും ഇനിയെത്ര കൊടുത്താൽ കിട്ടും; പുതിയ വില ഇങ്ങനെ
സംസ്ഥാന ബജറ്റിൽ മദ്യത്തിന് വില കൂട്ടിയിരുന്നു. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മദ്യത്തിന് വില കൂട്ടിയിരുന്നു. 500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യൻ നിർമിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റിൽ നിരക്ക് വർധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും.
മാസങ്ങൾക്ക് മുൻപ് മദ്യത്തിന് 10 രൂപ മുതൽ 20 രൂപവരെ കൂട്ടിയതിന് പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചത്. 400 കോടി സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഏപ്രിൽ മുതൽ വില വർധന പ്രാബല്യത്തിൽ വരും. ബവ്റിജസ് കോർപറേഷന്റെ ചില ബ്രാൻഡുകളിൽ വരുന്ന വില വ്യത്യാസം ഇങ്ങനെ:
ബ്രാൻഡ്, ബവ്റിജസ് കോർപറേഷന്റെ വില, പഴയ വില, പുതുക്കിയ വില
ഡാഡിവിൽസൺ-750 എംഎൽ: 680-700
ഓൾഡ് മങ്ക്- 980-1000
ഹെർക്കുലീസ്- 800-820
ജവാൻ -1000എംഎൽ: 610-630
ജോളി റോജർ- 990-1010
ഒസിആർ- 670-690
ഓഫിസേഴ്സ് ചോയ്സ്- 780-800
നെപ്പോളിയൻ- 750-770
മാൻഷൻ ഹൗസ്- 990-1010
ഡിഎസ്പി ബ്ലാക്ക്- 930-950
ഹണിബീ- 830-850
എംജിഎം- 670-690
റെമനോവ്- 900-920
മദ്യത്തിനും പെട്രോളിനും ഡീസലിനും വിലകൂടുമെന്നും സാമൂഹ്യ സുരക്ഷ ഫണ്ടിനായി മദ്യത്തിന് സെസ് പിരിക്കുമെന്നും ബജറ്റിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. ആയിരം രൂപ വരെയുളള മദ്യത്തിന് 20 രൂപ സെസ് ആണ് ഏർപ്പെടുത്തുക. 1000 രൂപയ്ക്ക് മുകളിൽ 40 രൂപ സെസ് ഏർപ്പെടുത്തും. അതേസമയം, പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏർപ്പെടുത്തുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
വാഹന നികുതിയും കൂട്ടിയിട്ടുണ്ട്. വാഹനം വങ്ങുമ്പോൾ ഉള്ള ഒറ്റത്തവണ സെസ് ഇരട്ടിയാക്കി. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തിമാക്കി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വർധിപ്പിക്കാനുള്ള തീരുമാനമെന്നാണ് പറഞ്ഞത്. വിവിധ കാരണങ്ങളാൽ വിപണിമൂല്യം വർധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വർധിപ്പിക്കാൻ 2022ൽ ഫിനാൻസ് ആക്ടിലൂടെ നിയമനിർമാണം നടപ്പിലാക്കിയിരുന്നു. ഇതിനായി വിശദമായ പഠനം നടത്തി മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റിൽ സാമൂഹ്യ ക്ഷേമ പെൻഷൻ കൂട്ടിയില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ അനർഹരെ ഒഴിവാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications