'സിപിഎം എഴുതി നല്‍കി, വിഎസ് വായിച്ചു'; ബിജു, ഉമ്മന്‍ ചാണ്ടിയോട് പറഞ്ഞ രഹസ്യമിതായിരുന്നു: ഷിബു ബേബി ജോണ്‍
കൊല്ലം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൡ സി പി എം മാപ്പ് പറയണമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഉമ്മന്‍ ചാണ്ടിയെ സ്ത്രീ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കി നീചമായ രീതിയില്‍ വ്യക്തിഹത്യ നടത്തിയ സി പി എമ്മുകാരാണ് ഇപ്പോള്‍ അദ്ദേഹത്തെ വാഴ്ത്തുന്നത് എന്നും അദ്ദേഹം പരിഹസിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്കെതിരേ നിയമസഭയില്‍ വി എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശം സി പി എമ്മിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി പി എം എഴുതിക്കൊടുത്തത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് നിയമസഭയില്‍ വായിക്കുകയായിരുന്നെന്നും പറയാന്‍ അറപ്പ് തോന്നുന്ന നിര്‍ഭാഗ്യകരമായ ഈ സംഭവത്തിന് താനും സാക്ഷിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'ഈ വിഷയത്തിലെങ്കിലും തെറ്റുപറ്റിയെന്ന് പറയാനുള്ള മര്യാദ സി പി എം കാണിക്കണം. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മഹാനാണെന്ന് പറഞ്ഞ് മത്സരിച്ച് പലരും പ്രസ്താവന കൊടുക്കുന്നു. എന്നാല്‍ അവരുടെ വാക്കുകളില്‍ ഞങ്ങള്‍ക്ക് ഒരു തെറ്റ് പറ്റി എന്ന വാചകംകൂടി ഞാന്‍ പ്രതീക്ഷിച്ചു. തെറ്റ് ഏറ്റുപറയാനുള്ള മാന്യത സി പി എം കാണിക്കണം,' ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.
രണ്ട് പെണ്‍മക്കളുടെ അച്ഛനും പേരക്കുട്ടികളുമുള്ള ഒരാളെ സ്ത്രീ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കിയ പ്രതികരണം നടത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹം മഹാനാണെന്ന് പറയുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹമാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഇന്നാട്ടിലെ സാധാരണക്കാര്‍ പ്രകടിപ്പിച്ചത്. കഴിക്കാന്‍ ഉപയോഗിച്ച സാധനത്തിന്റെ ഗുണം കൊണ്ടാണ് വിനായകനെ പോലുള്ളവരുടെ മനസ്സിലുള്ളത് പുറത്തുവന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി ആരായിരുന്നുവെന്ന് സിപിഎം ഇപ്പോഴും മനസിലാക്കിയിട്ടില്ല. ഈ ജനവികാരത്തിനിടയില്‍ തങ്ങള്‍ നല്ലത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ എതിരാകുമെന്ന് കണ്ടാണ് അവര്‍ ഉമ്മന്‍ ചാണ്ടിയുടെ മഹത്വം പറഞ്ഞത് എന്നും തെറ്റിപറ്റിയെന്ന് അംഗീകരിച്ചാല്‍ മാത്രമേ അതിനെല്ലാം ആത്മാര്‍ത്ഥയുണ്ടെന്ന് കരുതാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയുടെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ സി പി എമ്മിന് ആശങ്കയായിരുന്നു.
പിറവത്തും നെയ്യാറ്റിന്‍കരയിലുമെല്ലാം യു ഡി എഫ് ജയിച്ചതോടെ തുടര്‍ ഭരണമെന്ന ചര്‍ച്ച ആരംഭിച്ചു. ഇതോടെ ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ തകര്‍ക്കണമെന്ന സിപിഎം തീരുമാനത്തിന്റെ ഭാഗമായി മെനഞ്ഞെടുത്ത കഥകളാണ് പിന്നീട് വന്നതെല്ലാം എന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണ് അത് എന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി.

സിപിഎം തെറ്റുപറ്റിയെന്ന് ഏറ്റ് പറയണം എന്ന് ഉമ്മന്‍ ചാണ്ടി ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും പക്ഷേ കേരള രാഷ്ട്രീയം അത് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ എറണാകുളം ഗസ്റ്റ്ഹൗസില്‍ വെച്ച് കണ്ടുവെന്നത് ഇതിന് ഏറ്റവും വിശ്വസനീയത കൊടുത്ത സംഭവമാണ്. എന്നാല്‍ തന്റെയടുത്ത് സ്വകാര്യമായി പങ്കിട്ട വിവരം താന്‍ പുറത്തുപറയില്ല എന്ന് ഉമ്മന്‍ ചാണ്ടി ഉറപ്പിച്ച് പറഞ്ഞു.
മരിക്കുന്നത് വരെ ആ വാക്ക് അദ്ദേഹം പാലിച്ചു എന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വം താന്‍ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു ബിജു രാധാകൃഷ്ണന്‍ പറഞ്ഞത് എന്നും അത് പലര്‍ക്കും അറിയാമായിരുന്നു എന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. സംരക്ഷിക്കാന്‍ ശ്രമിച്ചവര്‍ തന്നെ ഉമ്മന്‍ ചാണ്ടിക്കെതിരേയുള്ള വ്യാജ രേഖകള്‍ പോലും ചമച്ചെന്നും അദ്ദേഹം ആരോപിച്ചു.
നെഞ്ചില്‍ കഠാര കുത്തിയിറക്കുന്ന വേദന അനുഭവിച്ച് ആ മനുഷ്യന്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുതിയൊരു പാത വെട്ടിത്തുറന്നിട്ടാണ് അദ്ദേഹം പോയത് എന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications