'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി
കൊച്ചി: പുതിയ ചിത്രം പടവെട്ടിന്റെ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരായ മീടു ആരോപണത്തിലും കേസിലും പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. കൊച്ചി ടൈംസിനോടായിരുന്നു നിവിന്‍ പോളിയുടെ പ്രതികരണം. ലിജു കൃഷ്ണക്കെതിരെ സഹപ്രവര്‍ത്തകയാണ് ആരോപണം ഉന്നയിച്ചിരുന്നത്. ക്രൂരമായ പീഡനമാണ് താന്‍ ഏറ്റുവാങ്ങിയത് എന്ന് അതിജീവിത പറഞ്ഞിരുന്നു.
സംഭവത്തില്‍ ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലിജു കൃഷ്ണയെ ഈ വര്‍ഷം ആദ്യം ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ചിത്രത്തില്‍ ലിജു കൃഷ്ണയുടെ പേര് വെക്കരുത് എന്ന് പറഞ്ഞ് അതിജീവിത കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഒടുവില്‍ സംഭവത്തെ കുറിച്ച് നിവിന്‍ പോളി പ്രതികരിക്കുന്നത്.

ഒരു സിനിമ എന്നത് ഒരുപാടാളുകളുടെ സംയോജിത സൃഷ്ടിയാണ് എന്നാണ് നിവിന്‍ പോളി പറയുന്നത്. അതിനാല്‍ രണ്ട് പേരുടെ പ്രശ്‌നം ഒരു പ്രൊജക്ടിനെ ബാധിക്കരുത് എന്നും നിവിന്‍ പോളി പറയുന്നു. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നം രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തേയും സമ്മതത്തേയും സംബന്ധിച്ചുള്ളതാണ് എന്നാണ് നിവിന്‍ പോളിയുടെ അഭിപ്രായം.

ഇതിനെ പറ്റി എനിക്ക് ഒരു വിവരവുമില്ല. അതിനാല്‍ ഈ കേസ് സംബന്ധിച്ച് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല എന്നാണ് നിവിന്‍ പോളി പറഞ്ഞത്. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. 2021 മാര്‍ച്ചില്‍ ആദ്യം പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് തീയതി പലതവണ മാറ്റിവെച്ചിരുന്നു. ഒടുവില്‍ ഈ ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളിയിരുന്നു. ലിജു കൃഷ്ണയ്ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്നും വിചാരണ പൂര്‍ത്തിയാകും വരെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നും ആയിരുന്നു അതിജീവിതയുടെ ആവശ്യം.

എന്നാല്‍, പരാതിക്കാരിയുടെ ആരോപണങ്ങള്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഇടപെടാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും വ്യക്തമാക്കിയത്. ഇതോടേയാണ് കോടതി ഹര്‍ജി തള്ളിയത്. പടവെട്ട് സിനിമയുടെ ചിത്രീകരണ ഘട്ടത്തില്‍ സംവിധായകന്‍ ലിജു കൃഷ്ണ നിഷ്ഠൂരമായി റേപ്പ് ചെയ്യുകയായിരുന്നു എന്നാണ് അതിജീവിത പറയുന്നത്.

കേസില്‍ 2022 മാര്‍ച്ച് ആറിനാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തത്. താന്‍ ശാരീരികമായും മാനസികമായും ഏറെ പീഡനം സഹിച്ചു എന്നും ഇപ്പോഴും അതില്‍ നിന്ന് മുക്തയായിട്ടില്ല എന്നും അതിജീവിത അടുത്തിടെ വെൡപ്പെടുത്തിയിരുന്നു. ലിജു കൃഷ്ണ നിരവധി പേര്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും അതിജീവിത പറഞ്ഞിരുന്നു.












Click it and Unblock the Notifications