ഞാന്‍ പൊലീസാകാനില്ല... ഉദ്യോഗസ്ഥരുടെ വേട്ട നടക്കട്ടെ; സിനിമയിലെ ലഹരി ഉപയോഗത്തില്‍ സുരേഷ് ഗോപി
തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സിനിമയിലെ ലഹരി ഉപയോഗത്തില്‍ പലരുടെയും കണ്ടെത്തലുകള്‍ വന്ന് കൊണ്ടിരിക്കുന്നുവെന്നും ഇതിലെ സത്യം നിയമപരമായി കണ്ടെത്തണം എന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ താന്‍ പൊലീസ് ആകാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തില്‍ ശുചീകരണം നടത്തണം എന്നും സത്യം ഉദ്യോഗസ്ഥരാണ് കണ്ടെത്തേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ വേട്ട നടക്കണം. അവര്‍ പറയട്ടെ. സമൂഹത്തിന്റെ സുരക്ഷക്കായി ചില കണ്ടെത്തലുകള്‍ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട് എന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

അതിലെ സത്യസന്ധതയും, അതിനകത്ത് ശുദ്ധീകരണം ആവശ്യമാണെങ്കില്‍ നാട്ടില്‍ നിലനില്‍ക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അത് നടക്കുകയും വേണം എന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ തിരുത്താനുള്ള നടപടികള്‍ എടുക്കുകയാണെങ്കില്‍ ആ പ്രക്രിയയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കാനുള്ള നിലപാട് എടുക്കുമെന്നും അതിനെ സാധിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടന്‍മാരായ ബാബുരാജ്, ടിനി ടോം എന്നിവര്‍ തുറന്ന് പറഞ്ഞിരുന്നു. നിര്‍മാതാക്കളുടെ സംഘടനയും സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ സിനിമ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ അറിയിച്ചിരുന്നു.
ലൊക്കേഷനുകളില്‍ ഷാഡോ പൊലീസിന്റെ സാന്നിധ്യമുണ്ടാകും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ചേര്‍ന്നിരുന്നു എന്നും ഇക്കാര്യത്തില്‍ സിനിമാ രംഗത്ത് നിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും വിശദമായി തന്നെ അന്വേഷിക്കുമെന്നും കമ്മിഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ സെറ്റുകളില്‍ റെയ്ഡ് നടത്തും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിനിമാ സെറ്റിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്സൈസ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയേക്കും എന്നാണ് വിവരം. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതം ചെയ്യുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications