സിപിഎം സെമിനാറില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കാന്തപുരം; ലീഗ് നിലപാടില്‍ പ്രതികരണം ഇങ്ങനെ
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ പങ്കെടുക്കില്ല എന്ന മുസ്ലീം ലീഗ് നിലപാടില്‍ പ്രതികരണവുമായി കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സിപിഎം ദേശീയ സെമിനാറില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പങ്കെടുക്കണം എന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.
സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ ന്യായം മുസ്ലിം ലീഗിനോട് തന്നെ ചോദിക്കണം എന്നും ഓരോരുത്തരുടെയും തീരുമാനം അവര്‍ എടുക്കുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് പങ്കെടുക്കാത്തത് ശരിയാണോ തെറ്റാണോ എന്ന് പറയേണ്ടത് തങ്ങളല്ല എന്നും കാന്തപുരം പ്രതികരിച്ചു. ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ അഖണ്ഡതയുടെ വിഷയമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകീകൃത സിവില്‍ കോഡ് രാജ്യത്തിനെ ഭിന്നിപ്പിക്കും. അത് രാജ്യ പുരോഗതിക്ക് എതിരാണ്. ഇത് നടപ്പിലായാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന തത്വം ഇല്ലാതാകുമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നേരത്തെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി കാന്തപുരം എ ബി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങള്‍ ഹനിക്കുന്നില്ലെന്നും മതേതര ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവില്ലാതെ എല്ലാ വിഭാഗങ്ങളെയും സര്‍ക്കാര്‍ ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു. അതേസമയം സിപിഎം സെമിനാറില്‍ പങ്കെടുക്കില്ല എന്നാണ് മുസ്ലീം ലീഗ് ഇന്ന് പാണക്കാട് ചേര്‍ന്ന യോഗത്തിന് പിന്നാലെ തീരുമാനമെടുത്തത്.
കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത സെമിനാറില്‍ മുസ്ലീം ലീഗ് പങ്കെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. യു ഡി എഫിലെ മറ്റ് ഘടകകക്ഷികളെ ക്ഷണിക്കാതെ ലീഗിനെ മാത്രമാണ് സെമിനാറിലേക്ക് ക്ഷണിച്ചത്. ഇത് ദുരുദ്ദേശ്യപരമാണ് എന്നാണ് ലീഗ് വിലയിരുത്തല്‍. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ട് ഏകീകൃത സിവില്‍ കോഡില്‍ പ്രതിഷേധം സംഘടിപ്പിക്കാനാവില്ലെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി.
യൂണിഫോം സിവില്‍ കോഡ് ദേശീയ വിഷയമാണെന്നും ഡല്‍ഹിയില്‍ ആണ് കക്ഷികള്‍ തമ്മില്‍ യോജിപ്പുണ്ടാകേണ്ടത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലീഗിനെ യുഡിഎഫില്‍ നിന്ന് അടര്‍ത്താനല്ല സെമിനാറിലേക്ക് ക്ഷണിച്ചത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.












Click it and Unblock the Notifications