അതൊക്കെ പാര്‍ലമെന്റ് കാണാത്തത് കൊണ്ട് പറയുന്നതാ..; ടിജി മോഹന്‍ദാസിന് വി മുരളീധന്റെ മറുപടി
തിരുവനന്തപുരം: ബി ജെ പി മുന്‍ ബൗദ്ധിക വിഭാഗം തലവന്‍ ടി ജി മോഹന്‍ദാസിന്റെ പരിഹാസത്തോട് പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പാര്‍ലമെന്റിലെ കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ടി ജി മോഹന്‍ദാസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു പരാമര്‍ശം വന്നത് എന്നായിരുന്നു വി മുരളീധരന്‍ പറഞ്ഞത്. മുരളീധരന്റെ രാജ്യസഭയില്‍ ഇരിക്കുന്ന രീതിയെ ആയിരുന്ന ടി ജി മോഹന്‍ദാസ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നത്.
ഇതിനാണ് ഇന്ന് മറുപടിയുമായി വി മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ലമെന്റ് അദ്ദേഹം ( ടി ജി മോഹന്‍ദാസ് ) കാണാത്തത് കൊണ്ടും പാര്‍ലമെന്റിലെ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാത്തതും കൊണ്ടും ആണ് ടി ജി മോഹന്‍ദാസ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത് എന്നാണ് വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ പ്രധാനമന്ത്രിയുടെ പിന്നില്‍ അല്ല നില്‍ക്കാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പിന്നിലല്ല. പ്രധാനമന്ത്രിയുടെ സൈഡിലാണ് ഞാന്‍ നില്‍ക്കാറുള്ളത്. പാര്‍ലമെന്ററി സഹമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വരുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ചുമതലയുള്ള ആളാണ് താന്‍ എന്നും തങ്ങള്‍ മൂന്ന് പേരും പ്രധാനമന്ത്രിയെ സ്വീകരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിനോട് കൂടെ നില്‍ക്കണം എന്നും വി മുരളീധരന്‍ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ടി ജി മോഹന്‍ദാസ് വി മുരളീധരനെ വിമര്‍ശിച്ചിരുന്നത്. പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസംഗിക്കാന്‍ വരുമ്പോഴൊക്കെ നമ്മുടെ വി.മുരളീധരന്‍ യാദൃച്ഛികമെന്നവണ്ണം പുറകില്‍, സൈഡിലായി വീഡിയോയില്‍ വരത്തക്കവിധം ഇരിക്കും! കാമറ ഏതാങ്കിളില്‍ വച്ചാലും മുരളി അതില്‍ വരും. കൊള്ളാം! നല്ല സാമര്‍ഥ്യം! പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്നു കരുതരുത് കേട്ടോ.. എന്നായിരുന്നു ടി ജിയുടെ പോസ്റ്റ്.

അതേസമയം ടി ജി മോഹന്‍ദാസിന്റെ പോസ്റ്റിന് പിന്നാലെ ബി ജെ പി അണികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ടി ജി മോഹന്‍ദാസിന്റെ പരിഹാസത്തിന് രൂക്ഷമായ ഭാഷയില്‍ ആയിരുന്നു വി മുരളീധരപക്ഷത്തെ അണികളും നേതാക്കളും പ്രതികരിച്ചിരുന്നത്. രാജ്യസഭാ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയുടെ പിന്നിലിരിക്കുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് എന്താണ് ഇത്ര അസഹിഷ്ണുത എന്നായിരുന്നു മുരളീധരപക്ഷത്ത് ഉള്ളവര്‍ ടി ജി മോഹന്‍ദാസിനോട് ചോദിച്ചിരുന്നത്.

മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് വോട്ടുകച്ചവടം എന്ന ചീത്തപ്പേര് ബി ജെ പിയില്‍ നിന്ന് ഒഴിഞ്ഞ് പോയത് എന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തില്‍ ബി ജെ പി വളരാതിരിക്കാനുള്ള കാരണം മുരളീധരനെപ്പോലുള്ളവര്‍ നടത്തുന്ന ഗ്രൂപ്പിസാണ് എന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.












Click it and Unblock the Notifications