അപര്‍ണ ബാലമുരളിക്കെതിരായ മോശം പെരുമാറ്റം; വിനീത് ശ്രീനിവാസന്റെ പ്രതികരണം ഇങ്ങനെ, 'കൂടുതല്‍ ചര്‍ച്ച വേണ്ട'
അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറുമ്പോള്‍ വിനീത് ശ്രീനിവാസനും അടുത്തുണ്ടായിരുന്നു

കൊച്ചി: ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമയുടെ പ്രൊമോഷനായി എറണാകുളം ലോ കോളെജില്‍ എത്തിയ നടി അപര്‍ണ ബാലമുരളിക്ക് നേരെ വിദ്യാര്‍ത്ഥി നടത്തിയ പെരുമാറ്റം ഏറെ വിവാദമായിരുന്നു. തങ്കം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു അപര്‍ണ ബാലമുരളിയെ അനുവാദം കൂടാതെ വിദ്യാര്‍ത്ഥിയായ വിഷ്ണു കടന്ന് പിടിച്ചത്. സ്റ്റേജിലേക്ക് കയറി വന്ന വിഷ്ണു അപര്‍ണ ബാലമുരളിയുടെ അനുവാദം കൂടാതെ കൈയില്‍ പിടിക്കുകയായിരുന്നു.
പിന്നീട് അപര്‍ണ ബാലമുരളിയുടെ തോളില്‍ കൈയിടാനും വിദ്യാര്‍ത്ഥി ശ്രമിച്ചു. ഇതിനോട് അതൃപ്തിയോടെ പെരുമാറിയ അപര്‍ണ ബാലമുരളി കുതറി മാറാന്‍ ശ്രമിക്കുകയും തിരികെ സീറ്റില്‍ വന്നിരിക്കുകയുമായിരുന്നു. സഹതാരവും നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ സ്റ്റേജിലിരിക്കെ ആയിരുന്നു സംഭവം. വിദ്യാര്‍ത്ഥി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറുമ്പോള്‍ വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ ഇത് കണ്ട് ചിരിക്കുകയായിരുന്നു.

വിനീതിനെ വിമര്‍ശിച്ച് പികെ ശ്രീമതിയും
ഇതിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നു. മുന്‍ ആരോഗ്യമന്ത്രിയും മുന്‍ എം പിയും സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയും വിനീത് ശ്രീനിവാസന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന്റെ പ്രതികരണം.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുണ്ടോ
തങ്കത്തിന്റെ ഓഡിയോ ലോഞ്ചിംഗ് സമയത്ത് അപര്‍ണ ബാലമുരളിക്ക് മോശം അനുഭവം ഉണ്ടായല്ലോ. ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു. ചേട്ടന്റെ ആ നോട്ടവും എല്ലാം വെച്ച് ട്രോളും കാര്യങ്ങളും പോകുന്നുണ്ട്. അത് കണ്ടായിരുന്നോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് അത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നമുക്ക് ഒഴിവാക്കാം എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

കൂടുതല്‍ ചര്‍ച്ച വേണ്ട
'അതിനെ പറ്റി കുറെ ചോദ്യങ്ങള്‍ വന്നു. അപര്‍ണ ആ സ്‌പോട്ടില്‍ അത് വളരെ കൃത്യമായിട്ട് അത് ഹാന്‍ഡില്‍ ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. അപ്പോള്‍ ഫര്‍ദര്‍ ഡിസ്‌കഷന്‍സ് നമുക്ക് ഒഴിവാക്കാം,' എന്നായിരുന്നു വിനീത് ശ്രീനിവാസന്‍ പറഞ്ഞത്. വിനീത് ശ്രീനിവാസന് ഇതുപോലെ നല്ലതും നെഗറ്റീവായതുമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് നമ്മള്‍ അതൊക്കെ മറന്ന് പോകില്ലേ എന്നായിരുന്നു മറുപടി.

ഓടി പോകാന്‍ തോന്നിയിട്ടുണ്ട്
എങ്കിലും ചില അവസരങ്ങളിലൊക്കെ എങ്ങനെ എങ്കിലും ഇറങ്ങി ഓടിയാല്‍ മതി എന്നൊക്കെ തോന്നിയിട്ടുണ്ട് എന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി 18 ന് ആയിരുന്നു എറണാകുളം ലോ കോളേജ് യൂണിയന്‍ പരിപാടിക്കിടെ അപര്‍ണ ബാലമുരളിയോട് രണ്ടാം വര്‍ഷ എല്‍ എല്‍ ബി വിദ്യാര്‍ത്ഥി വിഷ്ണു മോശമായി പെരുമാറിയത്. പരിപാടിക്കിടെ പൂവുമായി എത്തിയ വിഷ്ണു വേദിയില്‍ കയറി അപര്‍ണയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി.

അപമര്യാദയായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍
ഇതിന് ശേഷം അപര്‍ണ ബാലമുരളിയുടെ കൈയില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിഷ്ണുവിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത് എന്നും ലോ കോളേജില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും അപര്‍ണ ബാലമുരളി പറഞ്ഞിരുന്നു.

നിയമനടപടിയിലേക്കില്ലെന്ന് അപര്‍ണ
കോളെജിന്റെ നടപടികളില്‍ തൃപ്തിയുണ്ട് എന്നും നിയമനടപടിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അപര്‍ണ ബാലമുരളി വ്യക്തമാക്കിയിരുന്നു. കോളെജിലെ വിദ്യാര്‍ത്ഥികളെല്ലാം തന്നോട് മാപ്പ് പറഞ്ഞെന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നടിയാണ് അപര്‍ണ ബാലമുരളി












Click it and Unblock the Notifications