'ഫോണിലൂടെ അസഭ്യവര്‍ഷവും കൊലവിളിയും': സുരാജിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്
കൊച്ചി: ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തിയെന്ന് ആരോപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട് നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്കും വാട്‌സാപ്പിലേക്കും അനോണിമസ് നമ്പരുകളില്‍ നിന്ന് അസഭ്യവര്‍ഷവും കൊലവിളിയും വരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കാക്കനാട് സൈബര്‍ ക്രൈം പൊലീസാണ് താരത്തിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നടക്കം ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് സുരാജ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. താരത്തിന്റെ മൊബൈല്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് അസഭ്യവര്‍ഷം നടത്താന്‍ ആഹ്വാനം ചെയ്തയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ സുരാജ് പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് സുരാജ് നേരിട്ടത്. ഫോണ്‍ നമ്പരുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം കൊച്ചിയില്‍ സുരാജിന്റെ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് സുരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിരുന്നു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസില്‍ സുരാജ് പങ്കെടുക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തത്. കാറുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിരുന്നു. കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പച്ചിരിക്കുന്നത്.
കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു സുരാജ് വെഞ്ഞാറമൂട്. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികനായ ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റു. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു.












Click it and Unblock the Notifications