സോളാർ പീഡന കേസിൽ ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി, സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി
തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് എംപി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി.കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി ജെ എം കോടതി അംഗീകരിച്ചു. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജിയും കോടതി തള്ളി.
സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ഹൈബിക്കെതിരായ പരാതി. നാല് വർഷത്തോളം കേരള പോലിസായിരുന്നു കേസ് അന്വേഷിച്ചത്. തെളിവ് ലഭിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്.എന്നാൽ കേസ് അന്വേഷിച്ച സിബിഐ സംഘം തെളിവില്ലെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

അതേസമയം ഹൈബി ഈഡനെ കൂടാതെ അടൂർ പ്രകാശിനും എപി അനിൽ കുമാറിനും സി ബി ഐ നേരത്തേ ക്ലീൻ ചിറ്റ് നൽകിയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനേയും നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു.
അതിനിടെ സോളാർ പീഡന കേസിലെ ഗൂഢാലോചനയിൽ പത്തനാപുരം എം എൽ എ കെ ബി ഗണേഷ് കുമാറിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ് നൽകി. കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്.കോൺഗ്രസ് നേതാവ് അഡ്വ സുധീർ ജേക്കബ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.ഗണേഷ് കുമാറിനും പരാതിക്കാരിക്കും എതിരെയാണ് കേസ്.
സോളാർ കേസിലെ പരാതിക്കാരി എഴുതിയ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കുകയായിരുന്നുവെന്നുമാണ് സുധീർ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. 21 പേജുകളുള്ള കത്തിൽ 4 പേജുകൾ എഴുതിച്ചേർത്തെന്ന് നേരത്തേ സി ബി ഐ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications