'തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണം'; സ്വകാര്യ ബില്ലുമായി ഹൈബി ഈഡന്‍; എതിര്‍ത്ത് സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം പി രംഗത്ത്. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി.
അടിയന്തരമായി ഇതില്‍ അഭിപ്രായം അറിയിക്കണമെന്നും അതിന് ശേഷം മാത്രമേ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാനാകൂ എന്നാണ് കേന്ദ്രം അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈബി ഈഡന്റെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ചെയ്തത്. ഈ നിര്‍ദ്ദേശം അപ്രയോഗികമാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇക്കാര്യം ഫയലിലും കുറിച്ചു.

സംസ്ഥാനം രൂപീകരിച്ച കാലം മുതല്‍ തിരുവനന്തപുരമാണ് തലസ്ഥാന നഗരം. അവിടെ അതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കൊച്ചിയെ സംബന്ധിച്ച് മഹാനഗരമെന്ന നിലയില്‍ ഇനിയും വികസിക്കാനുള്ള സാധ്യതകള്‍ക്ക് സ്ഥലപരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അധിക സാമ്പത്തിക ചെലവുണ്ടാക്കും. തലസ്ഥാന നഗരം മാറ്റേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലെന്ന വിലയിരുത്തലാണുള്ളത്.
കേരളത്തിന്റെ തെക്കേയറ്റത്തെ നഗരമാണ് തിരുവനന്തപുരം എന്നതുകൊണ്ട് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈബി ഈഡന്‍ അവതരിപ്പിച്ച ബില്ലില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കേരളത്തിന്റെ ഇരട്ടിയിലധികം വലുപ്പമുള്ള തമിഴ്‌നാട്ടില്‍ ഇതുപോലെ ഒരറ്റത്താണ് തലസ്ഥാന നഗരമായ ചെന്നൈ സ്ഥിതി ചെയ്യുന്നതെന്നാണ് മറ്റൊരു ഭാഗത്ത് നിന്നുയരുന്ന വാദം.
എന്നാല്‍ ഇത്തരമൊരു നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ഒരു ചര്‍ച്ച പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടില്ലെന്ന് അടൂര്‍ പ്രകാശ് എം പി വ്യക്തമാക്കി. 'തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റുന്നത് അത്ര എളുപ്പമല്ല, അതിന് വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. പണ്ട് മുതല്‍ തിരുവനന്തപുരം തന്നെയല്ലേ തലസ്ഥാനം. അത് ഒരു സുപ്രഭാതത്തില്‍ മാറ്റുന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് തോന്നുന്നില്ല'- അടൂര്‍ പ്രകാശ് പറഞ്ഞു.












Click it and Unblock the Notifications