• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയ ശരത്ത്, ബെല്ലടിച്ചാലും താങ്കള്‍ ക്ലാസ് തുടരണം... ഹൈബി ഈഡന്റെ ഹൃദ്യമായ കുറിപ്പ്

ആലപ്പുഴ: രാഷ്ട്രീയം വരുമാനമാര്‍ഗമാകുന്ന ഇക്കാലത്ത് വളരെ വ്യത്യസ്തമായ രാഷ്ട്രീയ നേതാവിനെ പരിചയപ്പെടുത്തുകയാണ് ഹൈബി ഈഡന്‍ എംപി. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന കെപിസിസി സെക്രട്ടറി അഡ്വ. എസ് ശരത്തിനെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എത്ര തന്നെ തിരക്കുണ്ടായാലും അതിരാവിലെ കുട്ടികളുടെ മുന്നില്‍ അധ്യാപകനായി എത്തുന്ന ശരത്ത്. കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം കുട്ടികള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ ശരത്ത്... ഹൈബി ഈഡന്റെ കുറിപ്പ് ഇങ്ങനെ....

കഴിഞ്ഞദിവസം രാവിലെ പ്രിയ സുഹൃത്ത് എസ്.ശരത്തിനെ ഞാന്‍ ഫോണ്‍ ചെയ്തു. കോള്‍ അറ്റന്‍ഡ് ചെയ്ത ഉടനെ 'ക്ലാസ് കഴിഞ്ഞ് അരമണിക്കൂര്‍ കൊണ്ട് തിരിച്ചുവിളിച്ചാല്‍ മതിയോ പ്രസിഡന്റെ ' എന്ന് ശരത്തിന്റെ മറുപടി. ഞാന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിയ്ക്കുമ്പോള്‍ ശരത് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്. ഞാന്‍ എന്‍എസ്‌യുഐ ദേശീയ പ്രസിഡന്റായിരിയ്ക്കുമ്പോള്‍ ശരത് ദേശീയ സെക്രട്ടറിയായിരുന്നു. ആ ഗടഡ കാലഘട്ടം മുതല്‍ എന്നെ 'പ്രസിഡന്റ് ' എന്നാണ് വിളിയ്ക്കുന്നത്. അത്യാവശ്യകാര്യം ഒന്നും അല്ലാഞ്ഞതിനാല്‍ 'മതി' എന്ന് ഞാനും പറഞ്ഞു. പിന്നെയാണ് ആലോചിച്ചത് ഈ വെളുപ്പാന്‍ കാലത്ത് തന്നെ ശരത്ത് ആര്‍ക്കാണ് ക്ലാസ് എടുക്കുന്നതെന്ന്?? തിരിച്ചുവിളിച്ചപ്പോള്‍ ഞാന്‍ അദ്യം തിരക്കിയത് അതാണ്. അപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. ഒരു പതിറ്റാണ്ടിലേറെ നീണ്ട അടുത്തബന്ധമുണ്ട് ശരത്തുമായി, എന്നിട്ടും അയാളൊരു ട്യൂഷന്‍ മാഷ് കൂടിയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

രാഷ്ട്രീയം മുഴുവന്‍ സമയവും ഇടപെടേണ്ടി വരുന്നൊരു പൊതുപ്രവര്‍ത്തന മേഖലയാണ്. അതുകൊണ്ട് തന്നെ ഒരു മുഴുവന്‍സമയ തൊഴില്‍ കൂടെ കൊണ്ടുനടക്കുക ഒരു നേതാവിനെ സംബന്ധിച്ചയിടത്തോളം വലിയ പ്രയാസമാണ്. എന്നാല്‍ പത്തു കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കാന്‍ എത്ര തിരക്കിനിടയിലാണെങ്കിലും അതിരാവിലെ ഗുഡ് മോര്‍ണിംഗ് പറയാന്‍ എത്തുന്ന ഈ കാഴ്ച ഒരു സേവനം കൂടിയാണ്. പുതിയ തലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ചൂണ്ടിക്കാണിച്ചു നല്‍കാനുള്ളോരു നല്ല ചിത്രമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കെപിസിസി സെക്രട്ടറി അഡ്വ.എസ് ശരത്ത്, സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ളാസെടുക്കുന്ന ഈ ചിത്രം അങ്ങനെ സംഘടിപ്പിച്ചതാണ്...

കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കഴിഞ്ഞ പത്തുപന്ത്രണ്ട് വര്‍ഷമായി ആലപ്പുഴ അരീപ്പറമ്പിലെ നാരായണ വിദ്യാഭവനില്‍ കുട്ടികളുടെ ട്യൂഷന്‍ മാഷാണ് ശരത്ത്. കാലത്ത് ആറരയ്ക്ക് എത്തും, എട്ടുമണി വരെ നീളുന്ന പാരലല്‍ കോളേജ് ജീവിതം കഴിഞ്ഞാണ് പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. മെച്ചപ്പെട്ട വരുമാനം മാത്രം പ്രതീക്ഷിച്ചല്ല, അല്ലെങ്കിലും വരുമാനം മാത്രം നോക്കിയായിരുന്നേല്‍ നിയമത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവുമുള്ള ഈ ചെറുപ്പക്കാരന് മറ്റുതൊഴിലുകള്‍ വേണമെങ്കില്‍ തേടാമായിരുന്നു. അങ്ങനെ പോയിരുന്നേല്‍ ആ നാട്ടിലെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു പ്രിയപ്പെട്ട ചരിത്രാധ്യാപകനെ നഷ്ടമായേനെ. എന്‍എസ്‌യുഐ അഖിലേന്ത്യാ ഭാരവാഹിയായി ഡല്‍ഹിയിലേക്കും മറ്റും മാറിനിന്ന കാലത്ത് മാത്രമാണ് വിദ്യപകര്‍ന്നു നല്‍കുന്നതിന് മുടക്കം വന്നത്. കോവിഡ് കാലത്തും അല്പം മുടങ്ങി. 8,9,10 ക്ളാസുകളിലെ കുട്ടികള്‍ക്കാണ് ക്ലാസ് എടുക്കുന്നതെന്ന് ശരത്ത് പറഞ്ഞു.

ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി; മലപ്പുറത്തെ ക്ലിനിക്കില്‍ മൂവരും ഒരുമിച്ചപ്പോള്‍...

കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ചേര്‍ത്തല താലൂക്കില്‍ ഈ പൊതുപ്രവര്‍ത്തകന്‍ ഓടി നടന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. എഴുപതോളം പുതിയ ടെലിവിഷനുകളാണ് അന്ന് പാവപ്പെട്ട കുട്ടികളുടെ വീടുകളില്‍ എത്തിച്ചു നല്‍കിയത്. ഒരധ്യാപകന്‍ ആയതുകൊണ്ട് കൂടിയാവണം കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആരെക്കാളും മുന്നില്‍ ഓടിയത്. സംസ്ഥാനത്തു തന്നെ ഒരു പൊതുപ്രവര്‍ത്തകന്‍ സ്വന്തം നിലയില്‍ ഇത്രയധികം പഠനസഹായി അര്‍ഹരായ കുട്ടികളുടെ കൈകളില്‍ ഏല്‍പ്പിച്ചിട്ടുണ്ടാകുമോ എന്ന് സംശയമാണ്. ഞാന്‍ അതിന് സാക്ഷിയുമാണ്. അര്‍ത്തുങ്കല്‍ സ്‌കൂളില്‍ വച്ച് അന്‍പതാമത്തെ കുട്ടിക്കുള്ള ടെലിവിഷന്‍ ഞാനാണ് അന്ന് കൈമാറിയത്. നിസ്വാര്‍ത്ഥമായ പൊതുപ്രവര്‍ത്തനം ഒരു നേതാവിനെ അവരുടെ നാടിന്റെ നെഞ്ചിലാണ് കുടിയിരുത്തുക എന്നത് ആ അര്‍ത്ഥത്തില്‍ പ്രതീക്ഷയാണ്...

കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?

ട്യൂഷന്‍ എടുത്തുകിട്ടുന്ന പണത്തിന്റെ ഒരു പങ്ക് ശരത്ത് ചെലവഴിക്കുന്നതും കുട്ടികള്‍ക്ക് വേണ്ടിയാണ് എന്നതും അതിശയമായി തോന്നി. കലാ-കായിക-വിദ്യാഭ്യാസ മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് ഒരു സമ്മാനം ശരത്ത് എപ്പോഴും കരുതും. ചേര്‍ത്തലക്കാര്‍ പറയുന്നത് ഒരു കുട്ടിക്കൊരു നേട്ടം ഉണ്ടായാല്‍ ആ വീട്ടില്‍ അദ്യം ഓടിയെത്തുന്നത് പത്രക്കാരല്ല ശരത്താണ് എന്നാണത്രെ...! പഠിച്ച സ്ഥാപനത്തില്‍ തന്നെ പഠിപ്പിക്കാനും പഠനകേന്ദ്രത്തിന്റെ തന്നെ നടത്തിപ്പുകാരില്‍ ഒരാളാവാനും ഒരു പൊതുപ്രവര്‍ത്തകന്‍ ഈ തിരക്കിനിടയിലും സമയം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് പുതിയ തലമുറയോടുള്ള, ഈ നാടിനോടുള്ള കരുതല്‍ കൂടിയാണ്..

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

ശരത്തിന്റെ ഭാര്യ ശരണ്യയെയും പരിചയമുണ്ട്. അവര്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ അധ്യാപികയാണ്. അക്ഷരാര്‍ത്ഥത്തില്‍ അക്ഷരങ്ങളെ കൂട്ടുപിടിച്ച കുടുംബം. ശിഷ്യരാണ് ശരത്തിന്റെ സമ്പത്ത്. അറിവും സ്‌നേഹവുമാണ് നിക്ഷേപം. വിശാലമായ സൗഹൃദമാണ് അദ്ദേഹത്തിന്റെ ലോകം...

പ്രിയ ശരത്ത്,

ബെല്ലടിച്ചാലും താങ്കള്‍ ക്ലാസ് തുടരണം, അവസാനത്തെ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനും ഉത്തരം നല്‍കും വരെ..ആശംസകള്‍

15 മണ്ഡലങ്ങള്‍ പിടിക്കാന്‍ ബിജെപി; കൂറ്റന്‍ റാലികള്‍, കേന്ദ്ര നേതാക്കളെത്തും, കൂടുതല്‍ തലസ്ഥാനത്ത്

English summary
Hibi Eden MP Write up about KPCC Secretary Advocate Sarath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X