ലണ്ടൻ- കൊച്ചി സർവീസ് നിർത്തലാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹൈബി ഈഡൻ
ഡൽഹി: മാർച്ച് മുപ്പത് മുതൽ, കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക്, നേരിട്ടുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് സർവ്വീസ് നിർത്തലാക്കാനുള്ള തീരുമാനത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അഭ്യർത്ഥിച്ച് വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനു നിവേദനം നൽകി ഹൈബി ഈഡൻ. നഴ്‌സുമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും, ടൂറിസ്റ്റുകൾക്കും മറ്റും ഈ ഫ്‌ളൈറ്റ് നിർത്തലാക്കൽ കാരണം വരാനിടയുള്ള പ്രയാസങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഈ സർവ്വീസ് നിർത്തലാക്കാതിരിക്കാൻ വേണ്ട ഇടപെടൽ നടത്താമെന്നു മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.
വിമാന സർവീസ് നിർത്തലാക്കാനുള്ള എയർഇന്ത്യയുടെ തീരുമാനത്തിൽ ഹൈബി ഈഡൻ ആശങ്ക രേഖപ്പെടുത്തി. തീരുമാനം പുന പരിശോധിക്കണമെന്നും സർവീസ് തുടരണമെന്നും അദ്ദേഹം എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു. യു കെയിൽ ജോലി ചെയ്യുന്ന കേരളത്തൽ നിന്നുള്ള ധാരാളം നഴ്സുമാരാണ് ഈ വിമാന സർവീസിനെ ആശ്രിയിക്കുന്നതെന്നും നേരിട്ടുള്ള സർവീസ് നിർത്തലാക്കുന്നത് നഴ്സുമാർ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിനും ബിസിനസ് യാത്രക്കാരെയും വിനോദ സഞ്ചാരികളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യും യു കെയും തമ്മിലുള്ള ടൂറിസം, വ്യാപാരം, സാംസ്കാരിക കൈമാറ്റം എന്നവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും എം പി പറഞ്ഞു. വിഷയം അടിയന്തരമായി പരിശോധിച്ച് സർവീസ് തുടരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഗാട്ട്വിക്കിൽ നിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽനിന്നും ഗാട്ട്വിക്കിലേക്കും ആഴ്ചയിൽ മൂന്ന് ദിസമാമാണ് എയർ ഇന്ത്യ ഡയറക്ട് സർവീസ് നടത്തിയിരുന്നത്. ഇതാണ് മാർച്ച് മുതൽ നിർത്തലാക്കാൻ ഒരുങ്ങുന്നത്. കോവിഡ് കാലത്ത് കൊച്ചിയിൽ നിന്ന് യു കെയിലേക്ക് ആരംഭിച്ച നേരിട്ടുള്ള സർവീസ് ആണ് വിമാനമില്ലെന്ന പേരിൽ നിർത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
സമ്മർ ഷെഡ്യൂളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ യു കെയിലെ പ്രവാസി മലയാളികൾക്ക് സാധിച്ചില്ല. അന്വേഷിച്ചപ്പോഴാണ് ബോയിങ് ഡ്രീം ലൈനർ വിമാനത്തിന് വാർഷിക അറ്റകുറ്റപ്പണി ആവശ്യമായതിനാൽ സർവീസ് തുടരുന്നില്ലെന്ന വിശദീകരണം ഉണ്ടായത് . ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു കൊച്ചിയിൽ നിന്നുള്ള ഫ്ലൈറ്റ്.
ഇക്കണോമി ക്ലാസിൽ 238 സീറ്റുകളും ബിസിനസ് ക്ലാസിൽ 18 സീറ്റുകളുമാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്നുള്ള സർവീസ് നിർത്തുന്നതിനെതിരെ പാർലമെന്റിൽ എം പിമാർ പ്രതിഷേധം ഉയർത്തിയിരുന്നു.












Click it and Unblock the Notifications