തമ്മിലിടഞ്ഞ് സുധാകരനും സതീശനും; ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് ഹൈക്കമാന്റ്
സുധാകരനെ മാറ്റാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ദേശീയ നേതൃത്വം സുധാകരന് ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സമയം നല്‍കാം എന്ന നിലപാടിലാണ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വം രണ്ട് തട്ടിലാണ് എന്ന വിമര്‍ശനമാണ് ഹൈക്കമാന്റില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള ഭിന്നത വീണ്ടും മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് ഹൈക്കമാന്റിന്റെ ഇടപെടല്‍.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ആരംഭത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള അകല്‍ച്ചയില്‍ മഞ്ഞുരുകിയിരുന്നു. എന്നാല്‍ ഭാരത് ജോഡോ യാത്ര കേരളം വിട്ടതിന് പിന്നാലെ കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള തര്‍ക്കം വീണ്ടും ഉടലെടുത്തു എന്നാണ് ഹൈക്കമാന്റ് പറയുന്നത്. ദൗര്‍ബല്യങ്ങള്‍ ഉടന്‍ പരിഹരിക്കണം എന്ന് ഇരുനേതാക്കളോടും ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ട്.

ഉടന്‍ പരിഹാരം കാണണം
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടണം എന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്നത്. കെ പി സി സി യോഗത്തിലാണ് സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് സംസ്ഥാന നേതൃത്വത്തിലെ ഭിന്നതക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

യാത്ര കഴിഞ്ഞതോടെ ആവേശവും കഴിഞ്ഞു
ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്ന് പോയി കഴിഞ്ഞതോടെ ആവേശവും നിലച്ചു. യാത്ര കേരളത്തില്‍ എത്തിയപ്പോള്‍ ഉണ്ടാക്കിയ ഓളം നിലനിര്‍ത്താന്‍ നേതൃത്വത്തിനായില്ല. കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര അടുത്ത സംസ്ഥാനത്തേക്ക് കടന്നതോടെ പ്രവര്‍ത്തനം പഴയ പടിയിലേക്ക് തന്നെ വീണ് പോയെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഇടഞ്ഞ് സുധാകരനും സതീശനും
കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള ഭിന്നത കോണ്‍ഗ്രസ് പാര്‍ട്ടി സാരമായി ബാധിക്കുന്നുണ്ട്. നികുതി ബഹിഷ്‌കരണത്തില്‍ ഉള്‍പ്പെടെ കെ സുധാകരനും വി ഡി സതീശനും വിപരീത നിലപാട് ആണ് സ്വീകരിച്ചത്. ഇത് വിവാദവുമായിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോള്‍ ഏറ്റവും മികച്ച സമയമാണ്. എന്നാല്‍ നേതൃത്വത്തിലെ ഭിന്നത നല്ല സൂചനയല്ല എന്നും ദേശീയ നേതൃത്വം വിലയിരുത്തി.

സുധാകരന്‍ തെറിക്കുമോ
കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാന്‍ ശക്തമായ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെയാണ് കെ സി വേണുഗോപാലിന്റെ വിമര്‍ശനം എന്നതും ശ്രദ്ധേയമാണ്. ദേശീയ നേതൃത്വം സുധാകരന് ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ തുടരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം.












Click it and Unblock the Notifications