നിമിഷപ്രിയയുടെ അമ്മക്ക് യെമനില്‍ പോകാം; സൗകര്യമൊരുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
ന്യൂദല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയ്ക്ക് യെമനില്‍ പോകാന്‍ അനുമതി. ദല്‍ഹി ഹൈക്കോടതിയാണ് പ്രേമകുമാരിയ്ക്ക് അനുമതി നല്‍കിയത്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം എന്ന് വിദേശകാര്യ മന്ത്രാലയത്തോട് കോടതി പറഞ്ഞു. മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം എന്തിനാണ് അത് തടയുന്നത് എന്ന് ഹൈക്കോടതി ചോദിച്ചു.
നിമിഷപ്രിയ കൊലപ്പെടുത്തി എന്നാരോപിക്കുന്ന യെമന്‍ സ്വദേശിയുടെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്താന്‍ സൗകര്യമൊരുക്കണം എന്ന് നിമിഷപ്രിയയുടെ കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യെമനുമായി നയതന്ത്രബന്ധങ്ങള്‍ കുറവാണ് എന്നും അതിനാല്‍ അവിടെ എത്തി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അതേസമയം കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചതോടെ നിമിഷപ്രിയയുടെ അമ്മയെ എങ്ങനെ യെമനില്‍ എത്തിക്കാം എന്നതിനെ കുറിച്ചും ബ്ലഡ് മണി അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ചുമുള്ള നടപടികളിലേക്ക് വിദേശകാര്യമന്ത്രാലയം കടക്കും എന്നാണ് വിവരം. യെമനില്‍ പ്രേമകുമാരിയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തമിഴ്‌നാട് സ്വദേശി സാമുവേല്‍ ജെറോം എത്തിയിരുന്നു.
ഇയാളുടെ വിവരങ്ങള്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാന്‍ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതം എന്ന് പ്രേമകുമാരിയുടെ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നിലവില്‍ ഇവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികള്‍ ഇല്ല. സുരക്ഷാ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം യാത്ര ചെയ്യരുത് എന്നും വിദേശകാര്യ മന്ത്രാലയം നിലപാട് എടുത്തിരുന്നു. നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍ അറിയിച്ചിരുന്നത്.
എന്നാല്‍ ഹൈക്കോടതി കൃത്യമായ നിലപാടെടുത്തതോടെ ഇനി പ്രേമകുമാരിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറാകേണ്ടി വരും. യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ കൂട്ടുകാരിയ്‌ക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്ന കേസിലാണ് നിമിഷ പ്രിയ വധശിക്ഷ നേരിടുന്നത്.












Click it and Unblock the Notifications