കോതമംഗലം പള്ളിത്തര്‍ക്കം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി; കോതമംഗലം പള്ളി തര്‍ക്ക കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജില്ലാ കലക്ടര്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ,പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്തത് രാഷ്ട്രീയ സ്വാധീനത്താല്‍ ആണെന്ന് സംശയിക്കുന്നതായും കോടതി പറഞ്ഞു.
പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് വന്ന് ഒരു വര്‍ഷം തികഞ്ഞിട്ടും വിധി നടപ്പാക്കത്തത് രാഷ്ട്രീയ സ്വാധീനത്താല്‍ ആണെന്ന് സംശയമുണ്ടാക്കുന്നു. പള്ളി കോവിഡ് സെന്റര്‍ ആയി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ ആണോ എന്നും സംശയിക്കുന്നു. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കലക്ടര്‍ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി.
അഭിഭാഷക കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ ശുപാര്‍ശ കോടതി തള്ളി . പള്ളി ഏറ്റെടുത്ത് താക്കോല്‍ കൈമാറാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം തന്നെ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കോടതി വിധി പറയും. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ യാക്കോബിറ്റ് വിഭാഗത്തിന്റെ കയ്യിലുള്ള പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഒരുവര്‍ഷം മുന്‍പ് തന്നെ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ യാക്കോബിറ്റ് വിശ്വാസികള്‍ പള്ളി കൈമാറാന്‍ തയാറാവാത്ത് അവസ്ഥായാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പള്ളി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോയാല്‍ അത് രാഷ്ട്രീയമായി ബാധിക്കുമോയെന്ന ആശങ്ക സര്‍ക്കാരിനെ അലട്ടുന്നുണ്ട്