സെനറ്റ് അംഗങ്ങളെ പുറത്താക്കിയ സംഭവം: ഇടപെട്ട് ഹൈക്കോടതി, നിയമനത്തിന് വിലക്ക്
കൊച്ചി : കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. പുതിയ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് ഹൈക്കോടതി വിലക്കി. ഇതുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നീക്കം ചെയ്യപ്പെട്ട അംഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് .

അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ചാന്‍സലറുടെ അഭിഭാഷകന്‍ അറിയിച്ചു . കഴിഞ്ഞ ദിവസമാണ് സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ ഉത്തരവ് ഇറക്കാത്തതിനെ തുടര്‍ന്നായിരുന്നു രാജ്ഭവന്‍ ഉത്തരവിറക്കിയത്. വിസി ശബരിമല ദര്‍ശനത്തിന് പോയതാണെന്നും മറ്റാര്‍ക്കും ചുമതല നല്‍കാത്തതിനാല്‍ ഉത്തരവിറക്കാനാവില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ മറുപടി .
അതേസമയം, പുറത്താക്കിയ നടപടി നിയമവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഡോ. വിപി മഹാദേവന്‍ പിളള ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ഉത്തരവിറക്കാനുളള ഗവര്‍ണറുടെ അന്ത്യശാസനം നല്‍കിയ വി സി പുറത്താക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഉളളവര്‍ക്ക് നവംബര്‍ നാലിന് നടക്കാനിരിക്കുന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനുളള കത്ത് അയച്ചിരുന്നു. അതിനിടെയാണ് ചാന്‍സലര്‍ എന്നുളള അധികാരം ഉപയോഗിച്ച് 15 സെനറ്റ് അംഗങ്ങളേയും ഗവര്‍ണര്‍ തന്നെ പുറത്താക്കിയത്.
സെനറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരില്‍ നാല് വകുപ്പ് മേധാവിമാരും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് ഉളളത്. ഇന്നലെ വൈകിട്ടോടെ ഉത്തരവിറക്കണം എന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. ഇത് നടപ്പിലാകാതെ വന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ പുറത്താക്കുന്ന നടപടിയിലേക്ക് കടന്നത്.
അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. കേരള സര്‍വകലാശാല വി.സി നിയമനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിയുമായി മുന്നോട്ടു പോകുമ്പോള്‍ സെനറ്റ് പ്രതിനിധിയെ നല്‍കാതെ കേരള സര്‍വകലാശാലയിലെ വി.സി നിയമനം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കാണാത്ത രീതിയില്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ ഈ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications