കെ സുരേന്ദ്രന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം, എന്തിനാണ് ശബരിമലയിലേക്ക് പോയത്?
Recommended Video

കൊച്ചി: ശബരിമലയില്‍ പോലീസ് നിയന്ത്രണം മറികടന്ന് നിരോധനാജ്ഞ ലംഘിച്ചതിനാണ് കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചകളായി കെ സുരേന്ദ്രന്‍ ജയിലില്‍ കിടക്കുകയാണ്. സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കിയതാണ് എന്നാണ് കെ സുരേന്ദ്രനും ബിജെപിയും ആരോപിക്കുന്നത്. ജാമ്യത്തിനായി ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല.
എന്ന് മാത്രമല്ല, ഹൈക്കോടതി കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ശബരിമലയിലെ പോലീസ് നിയന്ത്രണത്തിന് എതിരെയുളള ഹർജി പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും കോടതിയുടെ സമയം മെനക്കെടുത്തിയെന്നുമാണ് ഹൈക്കോടതി കുറ്റപ്പെടുത്തിയത്. അതിന് പിന്നാലെയാണ് കെ സുരേന്ദ്രനും കോടതിയില്‍ നിന്ന് കണക്കിന് കിട്ടിയിരിക്കുന്നത്.

കേസുകളുടെ പ്രളയം
ശബരിമല സംഘര്‍ഷത്തിലേത് ഉള്‍പ്പെടെ പതിനഞ്ചോളം കേസുകളാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് എതിരെയുളളത്. നിരോധനാജ്ഞ ലംഘിച്ചതിനും സന്നിധാനത്ത് ഭക്തയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിനും നെടുമ്പാശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞതിനുമാണ് ശബരിമലയുമായി ബന്ധപ്പെട്ടുളള കേസുകള്‍. സുരേന്ദ്രന്‍ അറസ്റ്റിലായതിന് പിന്നാലെ പോലീസ് മറ്റു കേസുകളുടെ പ്രൊഡക്ഷന്‍ വാറണ്ടുകള്‍ ഹാജരാക്കുകയായിരുന്നു.

ജാമ്യം തേടി ഹൈക്കോടതിയിൽ
പഴയ കേസുകള്‍ പലതും രാഷ്ട്രീയ സമരങ്ങളുമായും മറ്റും ബന്ധപ്പെട്ടവയാണ്. ഇവയില്‍ മിക്കതിനും കെ സുരേന്ദ്രന് വിവിധ കോടതികള്‍ ജാമ്യം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ 52കാരിയായ ഭക്തയെ ചിത്തിര ആട്ട വിശേഷത്തിന് ആക്രമിച്ച സംഭവത്തില്‍ കെ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം നിഷേധിച്ചതോടെയാണ് സുരേന്ദ്രന് അകത്ത് തന്നെ കിടക്കേണ്ടി വന്നത്. തുടര്‍ന്നാണ് ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയുടെ രൂക്ഷ വിമർശനം
ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചു. കെ സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചു. ശബരിമലയിലും നിലയ്ക്കലിലും കെ സുരേന്ദ്രന്‍ കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ സാധിക്കില്ല. ഏത് സാഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ഹൈക്കോടതി ചോദിച്ചു.

ശക്തമായി എതിർത്ത് സർക്കാർ
ഭക്തിയുടെ പേരില്‍ കലാപം അഴിച്ച് വിടരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്ന വ്യക്തി ഇതുപോലെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തു. കെ സുരേന്ദ്രന്‍ ശബരിമലയില്‍ നിയമം കയ്യിലെടുത്തുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഭക്തയെ തടയാൻ ആസൂത്രണം
സുപ്രീം കോടതി വിധിയെ കെ സുരേന്ദ്രന്‍ മാനിച്ചില്ല. ശബരിമലയിലെത്തുന്ന ഭക്തരില്‍ നിന്നുണ്ടാകുന്ന പ്രവര്‍ത്തികളല്ല കെ സുരേന്ദ്രനില്‍ നിന്നുമുണ്ടായത്. ശബരിമലയില്‍ ഭക്തയെ തടയാനുളള ആസൂത്രണം നടത്തിയത് കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് എന്നും സര്‍ക്കാര്‍ വാദിച്ചു. സുരേന്ദ്രന് ജാമ്യം നല്‍കിയാല്‍ ശബരിമലയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ട് എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു.

മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേ
ശബരിമലയില്‍ ഒരു കൂട്ടര്‍ കലാപത്തിനുളള നിരന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും ആ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് സുരേന്ദ്രനെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സുരേന്ദ്രന്റെ പേരില്‍ നിരവധി കേസുകളുണ്ട്. എട്ട് വാറണ്ടുകള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിമാര്‍ക്കെതിരെയും കേസുകളില്ലേ എന്നാണ് കോടതി തിരിച്ച് ചോദിച്ചത്.

എത്രനാൾ ജയിലിലിടും?
കെ സുരേന്ദ്രനെ എത്രകാലം ഇങ്ങനെ ജയിലില്‍ ഇടാന്‍ സാധിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയില്‍ സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ കെ സുരേന്ദ്രന് ആരാണ് അധികാരം കൊടുത്തത് എന്നും ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിക്കവേ ചോദിക്കുകയുണ്ടായി. ഒരു വിശ്വാസി എന്ന നിലയ്ക്കാണ് താന്‍ ശബരിമലയില്‍ പോയതെന്ന് കെ സുരേന്ദ്രന്‍ വാദിച്ചു. പോലീസിന്റെത് കെട്ടുകഥയാണ്.

തനിക്കെതിരെ തെളിവില്ല
ചിത്തിര ആട്ട വിശേഷത്തിന് ഭക്തയെ ആക്രമിച്ച സംഭവത്തില്‍ തന്റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പോലീസിന്റെ പക്കല്‍ തെളിവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വധശ്രമക്കേസ ആണ് തന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അത്തരം സാഹചര്യമില്ല. സ്ത്രീയുടെ ചുണ്ടിന് മാത്രമാണ് പരിക്ക് പറ്റിയിട്ടുളളത് എന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇരുകൂട്ടരുടേയും ബാക്കി വാദം കേട്ടശേഷം സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുരേന്ദ്രന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications