ദിലീപിനെ പറപ്പിച്ച് ഹൈക്കോടതി വീണ്ടും, വിഐപി ആയാലെന്താ.. ''ഇതൊന്നും അംഗീകരിക്കാനാകില്ല''
കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി ദര്‍ശന സൗകര്യം ഒരുക്കിയതില്‍ വീണ്ടും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഹൈക്കോടതി. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. ഹരിവരാസന സമയത്ത് ദിലീപും കൂടെ ഉളളവരും സന്നിധാനത്ത് തുടര്‍ന്നിരുന്നു. ഈ സമയം മറ്റുളളവര്‍ക്ക് ദര്‍ശനം വേണ്ടേ എന്ന് കോടതി ചോദിച്ചു.
വിഐപി ദര്‍ശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഐപി ആണ് മുന്നില്‍ ദര്‍ശനത്തിന് നില്‍ക്കുന്നത് എങ്കില്‍ പിറകില്‍ നില്‍ക്കുന്നവര്‍ക്ക് ദര്‍ശനം നടക്കില്ല. ദിലീപും സംഘവും മുന്നില്‍ നിന്നത് കാരണം മറ്റ് ഭക്തര്‍ക്ക് മുന്നോട് പോകാനായില്ല. ഹരിവരാസന സമയത്ത് പരമാവധി ആളുകള്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുകയാണ് വേണ്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

ഭക്തരുടെ ദര്‍ശനം തടസ്സപ്പെടാതെ നോക്കണമെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ദര്‍ശനത്തിന് പ്രത്യേക പരിഗണന നല്‍കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ദര്‍ശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് തന്നെ ഹാജരാക്കാനും ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ദിലീപ് ശബരിമലയിലെത്തി നിര്‍മാല്യ ദര്‍ശനം നടത്തിയത്. പോലീസ് അകമ്പടിയോടെ എത്തിയ താരം ഹരിവരാസനം പൂര്‍ത്തിയായ ശേഷമാണ് മടങ്ങിയത്. ശബരിമല ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന പാടില്ലെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിറക്കിയിട്ടുളളതാണ്. ഈ സാഹചര്യത്തിലാണ് ദിലീപിന് വിഐപി സൗകര്യം ഒരുക്കിയതില്‍ ഹൈക്കോടതി സ്വമേധയാ ഹര്‍ജി സ്വീകരിച്ചത്. ഇത് ചെറിയ വിഷയം അല്ലെന്നും എങ്ങനെയാണ് ദിലീപ് പോലീസ് അകമ്പടിയില്‍ സന്നിധാനത്ത് എത്തിയത് എന്നും കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.












Click it and Unblock the Notifications