എല്‍ഡിഎഫിന് സെഞ്ച്വറിയില്ല; നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച് കോടതിയും, ഹർജി തള്ളി
കൊച്ചി: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസില്‍ ലീഗ് എം എല്‍ എ നജീബ് കാന്തപുരത്തിന് ആശ്വാസം. നജീബ് കാന്തപുരത്തെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ എല്‍ ഡി എഫ് സ്വന്തത്ര സ്ഥാനാർത്ഥി കെ പി എം മുസ്തഫ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ ലീഗ് അംഗത്തിന് നിയമസഭാംഗമായി തുടരാന്‍ സാധിക്കും.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും ലീഗ് സ്ഥാനാർത്ഥിയായി കേവലം 38 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നജീബ് കാന്തപുരം മുസ്തഫയെ പരാജയപ്പെടുത്തിയത്. ഇതോടെയാണ് 340 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പ്രധാന പരാതി. പ്രിസൈഡിങ് ഓഫീസറുടെ ഒപ്പില്ലെന്ന കാരണത്താല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവെക്കുകയായിരുന്നു.

പോസ്റ്റല്‍ വോട്ടുകള്‍ കൂടെ എണ്ണിയിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നു, പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നുറില്‍ അധികവും തനിക്കായിരുന്നു. ഏതെങ്കിലും വോട്ടറുടേയോ സ്ഥാനാർത്ഥിയുടേയോ പിഴവ് കൊണ്ടല്ല ഇത്തരത്തില്‍ ഒരു പിശക് വന്നത്. അത് ഉദ്യോഗസ്ഥന്റെ പിഴവാണ്. അതുകൊണ്ട് തന്നെ മാറ്റിവെച്ച പോസ്റ്റല്‍ വോട്ടുകള്‍ കൂടെ എണ്ണി വിജയിയെ പ്രഖ്യാപിക്കണം എന്നായിരുന്നു മുസ്തഫയുടെ വാദം.
'ഉദ്യോഗസ്ഥന്‍മാരുടെ പിഴവിന് വോട്ടര്‍മാരെ പഴി പറഞ്ഞിട്ട് കാര്യമില്ല. ഇടതിന്‍റെ തോല്‍വി ഉറപ്പിക്കാന്‍ യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥര്‍ ഇടതുവോട്ടര്‍മാരുടെ തപാല്‍ വോട്ടുകളില്‍ മനഃപ്പൂര്‍വ്വം സീല്‍ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെ്' എന്നും മുസ്തഫ നേരത്തെ ആരോപിച്ചിരുന്നു.
എന്നാല്‍ പ്രിസൈഡിങ് ഓഫീസറുടെ ഒപ്പില്ലാത്ത പോസ്റ്റല്‍ വോട്ടുകള്‍ അസാധുവാകുമെന്ന ചട്ടം മുന്‍ നിർത്തി തന്നെ കോടതി അന്തിമ തീരുമാനത്തിലേക്ക് പോകുകയായിരുന്നുവെന്നാണ് സൂചന. കോടതി വിധി സംബന്ധിച്ച വിശദമായ റിപ്പോർട്ട് പുറത്ത് വരാനിരിക്കുന്നതേയുള്ളു. കെപിഎം മുസ്തഫയുടെ വാദം അംഗീകരിച്ച് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നെങ്കില്‍ ഇടതുപക്ഷത്തിന് സഭയില്‍ നൂറ് സീറ്റുകള്‍ തികയ്ക്കാമായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെ 76530 വോട്ടുകള്‍ നജീബ് കാന്തപുരത്തിന് ലഭിച്ചപ്പോള്‍ തൊട്ടുപിന്നിലായി 76492 വോട്ടുകളാണ് ഇടത് സ്വതന്ത്രനായ കെപിഎം മുസ്തഫയ്ക്ക് ലഭിച്ചത്. നജീബ് കാന്തപുരത്തിനും മുസ്തഫയ്ക്കും യഥാക്രമം 46.21, 46.19 ശതമാനം വോട്ടുകള്‍ ലഭിച്ചു. 2016 ലും മലപ്പുറം ജില്ലയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തല്‍മണ്ണയിലായിരുന്നു. 579 വോട്ടുകള്‍ക്കായിരുന്നു വി ശശികുമാറിനെതിരെ മഞ്ഞളാംകുഴി അലി ജയിച്ചത്.
മാറ്റിവെച്ച താപല്‍ വോട്ടുകളുടെ പെട്ടി കാണാതായതും നേരത്തെ വലിയ വിവാദമായിരുന്നു. മൂന്ന് തപാല്‍ വോട്ട് പെട്ടികളായിരുന്നു എണ്ണാതെ മാറ്റി വെച്ചത്. പെരിന്തല്‍മണ്ണ ട്രഷറിയില്‍ ആയിരുന്നു 348 തപാല്‍ വോട്ടുകള്‍ അടങ്ങിയ തപാല്‍ വോട്ട് പെട്ടി സൂക്ഷിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തപാല്‍ വോട്ട് പെട്ടി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.












Click it and Unblock the Notifications