കുംഭമേള വൈറൽ പെൺകുട്ടിക്ക് തിരിച്ചടി; അനുവദിച്ച പൊലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി!
സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കുംഭമേള വൈറൽ പെൺകുട്ടിക്ക് അനുവദിച്ച പ്രത്യേക പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി. ഹർജിക്കാരിയായ പെൺകുട്ടിയെ അവർ നൽകിയിരിക്കുന്ന ഫോൺ നമ്പറിലോ വിലാസത്തിലോ ബന്ധപ്പെടാൻ പൊലീസിന് സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുൻപ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പിൻവലിച്ചത്. എങ്കിലും, പെൺകുട്ടിക്ക് സുരക്ഷ ആവശ്യമുണ്ടെങ്കിൽ അവർ നേരിട്ട് രേഖാമൂലം അപേക്ഷ നൽകിയാൽ സംരക്ഷണം നൽകാൻ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഈ കേസ് ജൂലൈ 21ന് കോടതി വീണ്ടും പരിഗണിക്കും.
തനിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും തന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കഴിഞ്ഞ മാസം കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം തേടിയത്. ഇതിന്റെ ഗൌരവം കണക്കിലെടുത്ത് ജൂൺ 19ന് കോടതി ഇവർക്ക് പ്രത്യേക സുരക്ഷ നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് ഉണ്ടായിട്ടും പെൺകുട്ടിയെ കണ്ടെത്താനോ ഫോണിൽ ബന്ധപ്പെടാനോ പൊലീസിന് കഴിഞ്ഞിരുന്നില്ല.

"കാണാതാകുന്നത് യുവതിയുടെ പതിവ്"
പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും എന്നാൽ പിന്നീട് അധികൃതർ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കാണാതാവുകയും ചെയ്യുന്നത് ഹർജിക്കാരിയുടെ ഒരു പതിവായി മാറിയിരിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. അപേക്ഷ നൽകിയ ശേഷം യുവതിയെ കണ്ടെത്താൻ കഴിയാത്ത ഇത്തരമൊരു സാഹചര്യത്തിൽ സംരക്ഷണത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനു മേൽ മാത്രം കെട്ടിവയ്ക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ നിലവിൽ തനിക്കും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകനും കോടതിയിൽ സമ്മതിച്ചു.
കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയും സുഹൃത്തായ മുഹമ്മദ് ഫര്‍മാനും കേരളത്തിൽ വച്ചാണ് വിവാഹിതരായത്. എന്നാൽ ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിൽ നിന്നുള്ള ഭീഷണികൾക്കെതിരെ സംരക്ഷണം തേടി ദമ്പതികൾ കേരള ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് നിയമനടപടികൾക്കായി മധ്യപ്രദേശിലെ കോടതിയെ സമീപിക്കുന്നതിന് ഫർമാന് ഹൈക്കോടതി മുൻപ് ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചിരുന്നു. തന്റെ ജനന സർട്ടിഫിക്കറ്റിൽ മധ്യപ്രദേശിൽ വെച്ച് തിരുത്തൽ വരുത്തിയെന്ന് ആരോപിച്ച് പെൺകുട്ടി അവിടുത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതിനിടെ, മധ്യപ്രദേശിലെ പോക്സോ കോടതി ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ട്രാൻസിറ്റ് ജാമ്യം നീട്ടി നൽകാൻ കേരള ഹൈക്കോടതി വിസമ്മതിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ സുരക്ഷാ ഉത്തരവും റദ്ദാക്കിയിരിക്കുന്നത്.












Click it and Unblock the Notifications