എലപ്പുള്ളി ബ്രൂവറിയിലെ ഹൈക്കോടതി; ഫേസ്ബുക്കിൽ വാക്ക്പോരുമായി എംബി രാജേഷും വിടി ബൽറാമും
എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്‍റെ പ്രാഥമിക അനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് പിന്നാലെ പദ്ധതിയെ ചൊല്ലി ഫേസ്ബുക്കിൽ പോരടിച്ച് മന്ത്രി എംബി രാജേഷും മുൻ എംഎൽഎ വിടി ബൽറാമും. പദ്ധതിക്ക് പുറകിൽ കോടികളുടെ അഴിമതിയുണ്ടെന്ന ആക്ഷേപങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ സാഹചര്യങ്ങളെന്നാണ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെ കോടതി വിധി ചൂണ്ടിക്കാട്ടി ബൽറാമിനോട് എംബി രാജേഷ് ചില ചോദ്യങ്ങൾ ഉയർത്തി. മിനുറ്റകൾക്കുള്ളിൽ തന്നെ അതിന് മറുപടിയുമായി ബൽറാമും രംഗത്തെത്തി.

വിടിക്കെതിരായ മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ-'അരനേരത്തിനുള്ളിൽ രണ്ട് പോസ്റ്റിട്ട് തൃത്താലയിലെ സ്വയം പ്രഖ്യാപിത യുഡിഎഫ് സ്ഥാനാർഥി എഫ്ബിയിൽ പരാക്രമം തുടരുകയാണ്. ഹൈക്കോടതി വിധി വന്ന് പത്ത് മിനുട്ടിനുള്ളിൽ അഴിമതിയാരോപണവുമായി എടുത്തു ചാടിയതാണ്. എഫ്ബിയിലേക്ക് അച്യുതാ ചാടല്ലേ ചാടല്ലേ എന്ന് പറയാൻ ആരുമുണ്ടായില്ല. അഴിമതിയൊക്കെ ആരോപിച്ച് പൊലിപ്പിക്കാൻ നോക്കിയിട്ടും ഒരു അന്തിചർച്ചയ്ക്കു പോലും കൊള്ളാവുന്ന വിഷയമായി ആർക്കും തോന്നിയില്ല. അതിന്റെ ചൊരുക്ക് എഫ്ബിയിൽ തന്നെ തീർക്കാനേ ഇനി മാർഗമുള്ളൂ.
ഹൈക്കോടതി വിധി ഞാൻ തന്നെ എഫ്ബിയിൽ ഇട്ടിട്ടുണ്ട്. കോടതി പറഞ്ഞ കാര്യങ്ങൾ പച്ചമലയാളത്തിൽ പോസ്റ്റിൽ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. വിധിയെക്കുറിച്ച് ഒരക്ഷരം ഉരിയാടിയോ? തെറിവിളിയല്ലാതെ എന്ത് വിധി അല്ലേ?
ചോദ്യങ്ങൾ ആവർത്തിക്കാം
1. അഞ്ച് വർഷം മുൻപത്തെ തോൽവിയുടെ ചൊരുക്ക് തീരാത്തതുകൊണ്ടുളള അഴിമതി ആരോപണം കോടതി വിധിയിലുണ്ടോ? എങ്കിൽ കാണട്ടെ?
2. അഴിമതി ഉണ്ടായെങ്കിൽ പുതിയ അപേക്ഷ പരിഗണിക്കാൻ ഹൈക്കോടതി പറയുമെന്നറിയാൻ എൽ എൽ ബി വേണ്ട, കോമൺസെൻസുണ്ടായാൽ പോരേ? അതും അഞ്ച് വർഷമായിട്ടും തിരിച്ച് കിട്ടിയില്ലേ?
3. നിയമസഭയുടെ സ്പീക്കർക്ക് എഴുതിക്കൊടുത്ത് അഴിമതിയാരോപണം ഉന്നയിക്കാൻ പല നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും ധൈര്യം വരാത്തതെന്തേ?
4. സർക്കാർ പ്രാഥമിക അനുമതി നൽകിയത് നിയമപ്രകാരമാണെന്ന് ഹൈക്കോടതി വിധി വ്യക്തമായി പറഞ്ഞിട്ടും വായിക്കാനാവാത്തതിന് രാഷ്ട്രീയാന്ധതയല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോ?
മറുപടിയൊന്നും ഉണ്ടാവില്ലെന്നറിയാം. ചൊരുക്ക് തീരാത്തത് കൊണ്ടുമാത്രം ആരോപണം ഉന്നയിക്കുന്നവർക്ക് വിധിയും വസ്തുതയുമൊന്നും പ്രശ്നമല്ലല്ലോ. നുണ തന്നെ ഭവാന് കൗതുകം
വാൽക്കഷ്ണം- അവസാനത്തെ ഡിഫൻസ് കലക്കി കേട്ടോ. ' ഞാൻ ബെന്ന്യാമിനെ തെറിയൊന്നും വിളിച്ചില്ലല്ലോ. ' അതായത് എകെജി, മീര, മുല്ലപ്പള്ളി എന്നിവരെ മാത്രമല്ലേ തെറി വിളിച്ചിട്ടുള്ളൂ എന്ന്. കിലുക്കത്തിലെ രേവതിയെ ഓർമിപ്പിച്ച് കളഞ്ഞു.
വിടി ബൽറാമിൻ്റെ മറുപടി-'എക്സൈസ് മന്ത്രി വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. മദ്യക്കമ്പനിക്ക് അനുമതി നൽകിയ വിഷയത്തിൽ കേരളത്തോട് മറുപടി പറയാൻ ഉത്തരവാദപ്പെട്ടയാൾ തിരിച്ച് തൃത്താലയിലുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായ എന്നോട് ഇങ്ങോട്ട് ഏതാണ്ടൊക്കെയോ ചോദ്യങ്ങൾ ചോദിക്കുകയാണ്. മന്ത്രിയങ്ങുന്നേ, ഇത് നിങ്ങൾ മറുപടി പറയേണ്ടുന്ന സമയമാണ്. എന്നോട് ചോദ്യം ചോദിക്കാൻ നിങ്ങളുടെ പാർട്ടി നിങ്ങൾക്ക് അവസരം തരുകയാണെങ്കിൽ അപ്പോൾ ചോദിക്കൂ, കൃത്യമായ മറുപടികൾ ഓരോ വിഷയത്തിലും അപ്പോൾ പറയാം. തൽക്കാലം ചോദ്യങ്ങൾ സംസ്ഥാനത്തെ എക്സൈസ് വകുപ്പ് മന്ത്രിയോടാണ്:
1) എലപ്പുള്ളി പഞ്ചായത്ത് ഗുരുതരമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഒരു പ്രദേശമാണെന്ന കാര്യം നിങ്ങൾക്കറിയാത്തതാണോ? വികെ ശ്രീകണ്ഠനോട് തോൽക്കുന്നതിന് മുൻപ് എം പി എന്ന നിലയിൽ നിങ്ങൾ പ്രതിനിധീകരിച്ചിരുന്ന നാടല്ലേ അത്?
2) എലപ്പുള്ളിയിലാണ് നിങ്ങൾ മദ്യക്കമ്പനി കൊണ്ടുവരുന്നത് എന്ന കാര്യം മറച്ചുവെക്കാനാണോ നിങ്ങൾ നൽകിയ അനുമതിയിൽ പദ്ധതി കഞ്ചിക്കോട് വ്യവസായ മേഖലയിലാണെന്ന് തെറ്റായി രേഖപ്പെടുത്തിയത്? ഇന്നത്തെ കോടതി വിധിയിലും ഈ വിഷയം പരാമർശ്ശിക്കുന്നുണ്ടല്ലോ?
3) വാട്ടർ അതോറിറ്റിക്ക് മദ്യക്കമ്പനി അപേക്ഷ നൽകിയ അന്ന് തന്നെ പ്രതിദിനം 5 ലക്ഷം ലിറ്റർ കുടിവെള്ളം നൽകാനുള്ള സന്നദ്ധത അറിയിച്ചത് നിങ്ങളുടെ സർക്കാർ സംവിധാനങ്ങൾ അത്രമേൽ കാര്യക്ഷമമായതുകൊണ്ടാണോ അതോ രാഷ്ട്രീയ ഇടപെടൽ മൂലമാണോ? ഈ ധൃതി അബദ്ധമാവുമെന്ന് മനസ്സിലായത് കൊണ്ടാണോ പിന്നീട് വാട്ടർ അതോറിറ്റി നിലപാട് തിരുത്തിയത്?
4) വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കാനുള്ള എത്തനോൾ ഉണ്ടാക്കാൻ എണ്ണക്കമ്പനികളുമായി ഉണ്ടാക്കിയ ധാരണാപത്രം വച്ചല്ലേ നിങ്ങളുടെ വേണ്ടപ്പെട്ട ഈ ഒയാസിസ് കമ്പനി വെള്ളത്തിനായി വാട്ടർ അതോറിറ്റിയെ സമീപിച്ചത്? എത്തനോൾ ഉണ്ടാക്കിയാൽ അത് മുഴുവൻ എണ്ണക്കമ്പനികൾക്ക് നൽകണമെന്നതല്ലേ ധാരണ?
5) ഏതായാലും ഇനി ഈ കമ്പനിക്ക് വെള്ളം നൽകാനാവില്ല എന്നല്ലേ വാട്ടർ അതോറിറ്റിയുടെ നിലപാട്? പിന്നെങ്ങനെയാണ് കമ്പനി വീണ്ടുമപേക്ഷിച്ചാൽ സർക്കാർ അനുമതി നൽകും, അത് കോടതി തടഞ്ഞിട്ടില്ല എന്നൊക്കെ താങ്കൾ ഇങ്ങനെ മുൻകൂറായി പ്രഖ്യാപിക്കുന്നത്? അത്രത്തോളം കമ്പനിയോട് കമ്മിറ്റഡായോ താങ്കൾ?
6) ഏതായാലും മഴവെള്ള സംഭരണം കൊണ്ടൊന്നും കമ്പനിയുടെ ആവശ്യങ്ങൾ നടക്കില്ല, അതിന് ഓരോ ദിവസവും ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം തന്നെ വേണം എന്ന് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? അഹല്യയുമായ താരതമ്യവും ന്യായീകരണവും നിങ്ങൾ ഉപേക്ഷിച്ചോ?
7) സ്ഥലത്തെ പഞ്ചായത്തിന്റെ ശക്തമായ എതിർപ്പ് പദ്ധതിയോടുണ്ടെന്ന് പഞ്ചായത്ത് വകുപ്പ് മന്ത്രി കൂടിയായ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? അതോ ഇപ്പോളവിടെയുണ്ടാവാൻ പോകുന്ന ഭരണമാറ്റത്തിലാണോ നിങ്ങളുടെ പ്രതീക്ഷ?
മറുപടികൾ വി ടി ബൽറാമിനല്ല വേണ്ടത്, കേരളത്തിനാണ്'












Click it and Unblock the Notifications