മരത്തില്‍ ആണി അടിക്കരുത്
കൊച്ചി: മന്ത്രവാദികളുടെ നെഞ്ചില്‍ ആണി അടിച്ചുകൊണ്ട് ഒരു ഹൈക്കോടതി ഉത്തരവ്. പ്രേതങ്ങളെ തളക്കാന്‍ പോലും ഇനി മരത്തില്‍ ആണി അടക്കാന്‍ പറ്റില്ല. ആണി അടിക്കല്‍ മാത്രമല്ല, മരങ്ങളില്‍ ഇനിമുതല്‍ പരസ്യങ്ങള്‍ തൂക്കാന്‍ പോലും പാടില്ലെന്നാണ് ഉത്തരവ്.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ഒരു കത്താണ് ഹൈക്കോടതിയെ ഇങ്ങനെ ഒരു ഉത്തരവിന് പ്രേരിപ്പിച്ചത്. കുട്ടികളുടെ കത്ത് ഹര്‍ജിയായി കോടതി പരിഗണിക്കുകയായിരുന്നു.

വെറുമൊരു കത്തയക്കുക മാത്രമല്ല കുട്ടികള്‍ ചെയ്തത്. തങ്ങളുടെ സ്‌കൂളിന്റേയും പരിസരത്തേയും ആണിയടിക്കപ്പെട്ട മരങ്ങളുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു കത്ത്. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എഎം ഷഫീക്കും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കുട്ടികളുടെ പരാതിക്ക് ഉത്തരവിലൂടെ പരിഹാരം കണ്ടത്.
സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ മുമ്പ് ചില നടപടികളൊക്കെ എടുത്തിരുന്നു. 2011 ജൂലായ് മാസത്തിലായിരുന്നു അത്. മരങ്ങളില്‍ പരസ്യം തൂക്കാം, പക്ഷേ അത് മരത്തിന് ദോഷം വരാത്ത രീതിയില്‍ ആയിരിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി ഇതിനെ വിശ്വാസത്തിലെടുത്തില്ല. കടുത്ത നടപടി തന്നെ വേണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
കോടതി ഉത്തരവിനെ പിന്‍പറ്റി ഒരു മാസത്തിനകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ബന്ധപപെട്ട അധികൃതര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് നല്‍കണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications