എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്ത് അബുദാബിയില്‍ സ്വകാര്യ ആയുര്‍വേദിക് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാട ചടങ്ങില്‍ ഇങ്ങനെ പങ്കെടുക്കാന്‍ ആരാണ് എഡിജിപിക്ക് അനുമതി നല്‍കുന്നതെന്ന് കോടതി ചോദിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ദീപന്‍ ഇടവന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ശ്രീജിത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയ കാലത്തുണ്ടായ ആരോപണങ്ങളെ കുറിച്ചും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി എഡിജിപി ശ്രീജിത്ത് ഔദ്യോഗിക ചുമതല നിര്‍വഹിച്ച സമയത്ത് ഉണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി പിബി നൂഹ് ഐഎഎസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
ശ്രീജിത്തിന്റെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, സസ്‌പെന്‍ഷന്‍ സംബന്ധമായ ഫയലുകള്‍, ട്രാന്‍സ്ഫര്‍ ഓര്‍ഡറുകള്‍, ടിസി സ്‌ക്വാഡ് റിപ്പോര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ചും ഹര്‍ജിക്കാരന്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ചീഫ് സെക്രട്ടറിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശ്രീജിത്ത് 01.02.2026 ലെ അവധിയെ ഉപയോഗപ്പെടുത്തി 02.02.2026, 03.02.2026 ദിവസങ്ങളില്‍ കാഷ്വല്‍ ലീവ് എടുത്ത് ദുബായ് സന്ദര്‍ശിച്ചതായി അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ വിദേശ യാത്രയ്ക്ക് അനുമതി ലഭിച്ചെന്ന രേഖകളൊന്നും നല്‍കിയിട്ടില്ലന്നും കോടതി നിരീക്ഷിച്ചു.
എഡിജിപി പൊലീസ് യൂണിഫോമില്‍ സ്വകാര്യ ആയുര്‍വേദ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിന്റെ പരസ്യത്തില്‍ എത്തിയത് ഗൗരവതരമാണ് എന്ന് കോടതി പറഞ്ഞു. ആരോപണം ശരിയാണെങ്കില്‍, അത് ഗുരുതരമായതാണെന്നും, അന്വേഷണം ആവശ്യമാണെന്നും ജസ്റ്റിസ് ബദറുദീന്‍ പറഞ്ഞു. തുടര്‍ന്നാണ് രണ്ട് പരാതികളിലും അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications