കലാമണ്ഡലം സത്യഭാമയ്ക്ക് തിരിച്ചടി; ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള കേസ് ഹൈക്കോടതി തള്ളി
കൊച്ചി: നിറത്തിന്റെ പേരില്‍ മോഹിനിയാട്ടം നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണനെ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് വിവാദങ്ങളില്‍ ഇടംപിടിച്ച കലാമണ്ഡലം സത്യഭാമയ്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസാണ് തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി റദ്ദാക്കിയത്.
നൃത്താധ്യാപകരായ ഇരുവര്‍ക്കും എതിരേയുള്ള സത്യഭാമയുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കേസ് എടുത്തിരുന്നു. ഇതിനെതിരേ രാമകൃഷ്ണനും ഉല്ലാസും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും ഹര്‍ജി അനുവദിച്ചായിരുന്നു നടപടി.

സത്യഭാമയും രാമകൃഷ്ണനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കേസിന് അടിസ്ഥാനം. താനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ശേഷം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നായിരുന്നു സത്യഭാമയുടെ പരാതി. എന്നാല്‍, അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രചരിപ്പിച്ചതിന്റെ പകര്‍പ്പുകളും ഹാജരാക്കാന്‍ സത്യഭാമയ്ക്ക് കഴിഞ്ഞില്ല. വിചാരണക്കോടതിയും ഇത് പരിഗണിച്ചിട്ടില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, തെളിവുകളുടെ അഭാവത്തില്‍ ഹര്‍ജിക്കാര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെ പലര്‍ക്കും എതിരേ തുടര്‍ച്ചയായി അധിപേക്ഷങ്ങള്‍ നടത്തുന്നതില്‍ സത്യഭാമ വലിയ വിമര്‍ശനമാണ് നേരിടുന്നത്. ചാലക്കുടിക്കാരന്‍ നര്‍ത്തകനു കാക്കയുടെ നിറമാണെന്നു പറഞ്ഞായിരുന്നു ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ചത്. ഈ കേസില്‍ സത്യഭാമയ്‌ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പുതിയ തര്‍ക്കത്തിന് കാരണമായ സംഭവം ഇതാണ്. 2018 ജനുവരിയില്‍ അബുദാബിയില്‍ മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ സത്യഭാമ വിധികര്‍ത്താവായിരുന്നു. ഹര്‍ജിക്കാരായ രാമകൃഷ്ണനും ഉല്ലാസും പരിശീലിപ്പിച്ച ശിക്ഷ്യരും അതില്‍ പങ്കെടുത്തെങ്കിലും പിന്തള്ളപ്പെട്ടു. ഇത് ബോധപൂര്‍വമാണെന്ന് ആരോപിച്ച് ഹര്‍ജിക്കാര്‍ സത്യഭാമയെ ഫോണില്‍ ബന്ധപ്പെട്ടു.
മത്സരാര്‍ഥികളുടെ മുദ്രകള്‍ പലതും തെറ്റായിരുന്നുവെന്നും അനുഭവ പരിചയമുള്ള നൃത്താധ്യാപകര്‍ക്കു പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് നൃത്ത ഗുരുക്കന്മാര്‍ക്കെതിരായ പരാമര്‍ശമെന്ന നിലയില്‍ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.
ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത പരാതിക്കാര്‍ അത് എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്തെന്നും സത്യഭാമ പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണക്കിലെടുത്തു.
തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. അതേസമയം, ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ സത്യഭാമയ്ക്കെതിരെ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications