തൊണ്ടിമുതലില്‍ കൃത്രിമം: മന്ത്രി ആന്റണി രാജുവിന് ആശ്വാസം, എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി
അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയാണ് അറസ്റ്റിലായത്.

കൊച്ചി: മന്ത്രി ആന്റണി രാജുവിന് ആശ്വാസമായി ഹൈക്കോടതി വിധി. തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ പൊലീസിന് കേസെടുക്കാന്‍ അധികാരം ഇല്ലെന്നായിരുന്നു ആന്റണി രാജു കോടതിയില്‍ വാദിച്ചത്. മജിസ്‌ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളൂവെന്നും വാദിച്ചു.
സാങ്കേതിക തടസം അംഗീകരിച്ചാണ് ഹൈക്കോടതി വിധി. അതേസമയം, കേസ് ഏറെ ഗൗരവമുള്ളതാണെന്നാണ് കോടതിയുടെ നിരീക്ഷണം. നടപടി ക്രമങ്ങള്‍ പാലിച്ച് മുന്നോട്ടു പോകുന്നതില്‍ തടസമില്ല. സാങ്കേതിക കാരണങ്ങളാണ് കേസ് റദ്ദാക്കുന്നത് വരെ എന്ന് കോടതി വ്യക്തമാക്കി. മന്ത്രി ആന്റണി രാജു, ബെഞ്ച് ക്ലാര്‍ക്ക് ജോസ് എന്നിവരുടെ ഹര്‍ജിയിലാണ് ഉത്തരവ് .
നേരത്തെ ഹൈക്കോടതി കേസിലെ തുടര്‍ നടപടികള്‍ തടഞ്ഞിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത കുറ്റപത്രമായതിനാല്‍ ഇത് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു ഹൈക്കോടിയെ സമീപിച്ചത്.കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പോലീസിന് അവകാശമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലഹരിമരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വര്‍ഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളയാണ് ഹൈക്കോടതിയെ സമീപിച്ചത്.
1994 ലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയാണ് അറസ്റ്റിലായത്. കേസില്‍ ആന്റണി രാജു വക്കാലത്ത് ഏറ്റെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു. 2014 ഏപ്രില്‍ 30 നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ആന്റണി രാജു ഹാജരാകാതിരുന്നതിനാല്‍ പലപ്പോഴും കേസ് മാറ്റിവെയ്ക്കുകയായിരുന്നു. 22 തവണയായിരുന്നു ഇത്തരത്തില്‍ കേസ് മാറ്റി വെച്ചത്.












Click it and Unblock the Notifications