രാമലീലക്ക് പോലീസ് കാവൽ! ടോമിച്ചൻ മുളകുപാടത്തിന്റെ ആ പ്രതീക്ഷയും പൊലിഞ്ഞു; വരുന്നിടത്ത് കാണാം...
നേരത്തെയും സമാന ആവശ്യവുമായി ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Recommended Video

കൊച്ചി: ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് പോലീസ് സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി. രാമലീല റിലീസ് ചെയ്യുമ്പോൾ തീയേറ്ററുകൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ഇത് രണ്ടാം തവണയാണ് ടോമിച്ചൻ മുളകുപാടത്തിന്റെ ഹർജി ഹൈക്കോടതി തള്ളുന്നത്. നേരത്തെയും സമാന ആവശ്യവുമായി ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രാമലീല റിലീസ് ചെയ്യുമ്പോൾ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള തീയേറ്ററുകൾക്ക് പോലീസ് സംരക്ഷണം നൽകുന്നത് പ്രായോഗികമല്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ആദ്യതവണയും ഹർജി തള്ളിയത്.

ബിഗ് ബഡ‍്ജറ്റ് ചിത്രം...
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നതിന് മുൻപ് ചിത്രീകരണം പൂർത്തിയായ ബിഗ് ബഡ്ജറ്റ് ചിത്രമാണ് രാമലീല. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം ടോമിച്ചൻ മുളകുപാടമാണ് നിർമ്മിച്ചത്.

ജയിലിലായതോടെ...
എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിലായതോടെയാണ് രാമലീലയുടെ കഷ്ടകാലവും തുടങ്ങിയത്. റിലീസിനൊരുങ്ങിയ ചിത്രം ദിലീപ് ജയിലിലായതോടെ പെട്ടിക്കുള്ളിലായി.

പുറത്തിറങ്ങുന്നതും കാത്ത്...
ജയിലിൽ കഴിയുന്ന ദിലീപിന് ജാമ്യം ലഭിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ സിനിമ റിലീസ് ചെയ്യാനായിരുന്നു അണിയറക്കാരുടെ തീരുമാനം. പക്ഷേ, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് പ്രോസിക്യൂഷൻ വാദിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷകളെല്ലാം കോടതി തള്ളി.

ഒടുവിൽ..
ദിലീപ് ഇനിയടുത്തൊന്നും പുറത്തിറങ്ങില്ലെന്ന് ബോദ്ധ്യമായതോടെയാണ് ചിത്രം റിലീസ് ചെയ്യാൻ നിർമ്മാതാവും വിതരണക്കാരും തീരുമാനിച്ചത്. സെപ്റ്റംബർ 28 വ്യാഴാഴ്ച രാമലീല റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തീയേറ്ററുകൾ...
എന്നാൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് അഭിനയിച്ച ചിത്രം പ്രദർശിപ്പിച്ചാൽ ജനരോഷമുണ്ടാകുമെന്നാണ് തീയേറ്ററുടമകളുടെ ഭയം. ഇതിനാൽ പല തീയേറ്ററുടമകളും ചിത്രം പ്രദർശിപ്പിക്കാൻ വിമുഖത കാണിച്ചു.

കോടതിയിലേക്ക്...
രാമലീല പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് നേരെ അക്രമമോ പ്രതിഷേധമോ ഉണ്ടാകുമെന്ന ഭയത്താലാണ് നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഹർജി.

തള്ളിപ്പോയി...
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച രണ്ട് ഹർജികളും ഹൈക്കോടതി തള്ളി. ചിത്രം പ്രദർശിപ്പിക്കുന്ന കേരളത്തിലെ തീയേറ്ററുകൾക്ക് പോലീസ് സംരക്ഷണം നൽകുന്നത് പ്രായോഗികമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.












Click it and Unblock the Notifications