സ്വാശ്രയ മെഡിക്കൽ ഫീസ് അഞ്ച് ലക്ഷം! ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടിയും! പ്രവേശനം 31നകം പൂർത്തിയാക്കണം...
ആഗസ്റ്റ് 30, 31 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻട്രൻസ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ സ്പോട്ട് അഡ്മിഷൻ നടത്താനും കോടതി ഉത്തരവിട്ടു.
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. സ്വാശ്രയ എംബിബിഎസിന് ഫീസ് അഞ്ചു ലക്ഷം രൂപയായി നിജപ്പെടുത്തിയ ഹൈക്കോടതി, ആറു ലക്ഷത്തിന്റെ ബോണ്ടോ ബാങ്ക് ഗ്യാരണ്ടിയോ നൽകണമെന്നും നിർദേശിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശനം ആഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്നും ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഒഴിവുള്ള മെഡിക്കൽ സീറ്റുകളുടെ എണ്ണം ആഗസ്റ്റ് 25നകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ആഗസ്റ്റ് 24നും 26നുമിടയിൽ കൗൺസിലിങ് പൂർത്തിയാക്കി 27ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു.

ആഗസ്റ്റ് 30, 31 തീയതികളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻട്രൻസ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ സ്പോട്ട് അഡ്മിഷൻ നടത്താനും കോടതി ഉത്തരവിട്ടു. ഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം മെഡിക്കൽ പ്രവേശനം അവതാളത്തിലായ സാഹചര്യത്തിലാണ് ഹൈക്കോടതി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെ സർക്കാരിനും എൻട്രൻസ് കമ്മീഷണർക്കുമെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമാണുന്നയിച്ചത്. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും മാനസികാവസ്ഥ സർക്കാർ പരിഗണിക്കുന്നില്ലെന്നും, മാനേജ്മെന്റുകളുടെ കളിപ്പാവയായി സർക്കാർ മാറരുതെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ മെഡിക്കൽ പ്രവേശന നടപടികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാനാണ് എൻട്രൻസ് കമ്മീഷണറുടെ തീരുമാനം.












Click it and Unblock the Notifications