'മതത്തിന്റെ പേരില്‍ എന്തും ചെയ്യരുത്'; പൂര്‍ണ്ണത്രയീശ ക്ഷേത്രഭരണ സമിതിയോട് ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനാണ് വിമര്‍ശനം. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ക്ഷേത്ര ഭരണസമിതിയുടെ ഭാഗത്ത് നിന്നുമുണ്ടായത് ജാമ്യമില്ലാത്ത കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു.
'ഹൈക്കോടതിയുടെ അധികാരത്തെ ക്ഷേത്ര ഭരണസമിതി പരസ്യമായി വെല്ലുവിളിച്ചു. സുരക്ഷ കാരണമാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന് എന്തുകൊണ്ടാണ് മനസിലാക്കാത്തത്? മതത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാനാകില്ല. ഉത്സവത്തിനുള്ള അനുമതി റദ്ദാക്കാന്‍ ഈ ഒരു ലംഘനം തന്നെ മതിയാകും,' ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ മനപൂര്‍വം ലംഘിക്കുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യാനാകും എന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. നേരത്തെ ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്ര ഭരണസമിതിക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു.
ആനകള്‍ തമ്മിലുള്ള അകലം മൂന്ന് മീറ്റര്‍ ഉണ്ടായിരുന്നില്ലെന്നും, ജനങ്ങളുമായി എട്ട് മീറ്റര്‍ അകലം ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ കോടതിയെ ധിക്കരിച്ചതല്ലെന്നും മഴകാരണം നടത്തിയ ക്രമീകരണമായിരുന്നുവെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. കോടതി വിധി അനുസരിച്ചാണ് എല്ലാ നടപടികളും ചെയ്തത് എന്ന് ദേവസ്വം ബോര്‍ഡ് അംഗം എം ബി മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ മഴകാരണം എല്ലാം ചിട്ടകളും തെറ്റിയെന്നും മഴയത്ത് ആനയെ നിര്‍ത്താന്‍ പറ്റാത്ത കാരണം ആനക്കൊട്ടിലിലേക്ക് കേറ്റി നിര്‍ത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തറ ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോഴും ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിരുന്നു.
രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ പരിധി വേണമെന്നും ആന എഴുന്നള്ളിത്ത് ക്ഷേത്ര ആചാരത്തിന്റെ ഭാഗമല്ലെന്നുമായിരുന്നു കോടതി പറഞ്ഞിരുന്നത്. ജനങ്ങളുടെ സുരക്ഷയാണ് വലുത്. അനിവാര്യമായ ആചാരങ്ങളില്‍ മാത്രമേ ഇളവുണ്ടാകൂ. ആനകളെ ഉപയോഗിക്കരുത് എന്നല്ല പറയുന്നതെന്നും മാനദണ്ഡം പാലിക്കണമെന്നാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications