1693 കോടിയുടെ തട്ടിപ്പ്, പരാതിക്കാരില്ല; വിവരങ്ങള്‍ ശേഖരിച്ച് ഇഡി, പ്രതാപനും ശ്രീനയും ഒളിവില്‍ തന്നെ
തൃശൂര്‍: തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇടപെടുന്നു. ഹൈറിച്ചിലെ നിക്ഷേപകരുടെ വിവരങ്ങള്‍ ഇ ഡി ശേഖരിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കോടിക്കണക്കിന് പേര്‍ നിക്ഷേപകരായി മാത്രമുള്ള ഹൈറിച്ച് വഴി മണി ചെയിന്‍ മാതൃകയില്‍ 1693 കോടി രൂപ ഉടമകളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന പ്രതാപന്‍ എന്നിവര്‍ തട്ടിയെടുത്തിട്ടുണ്ട് എന്നാണ് വിവരം.
എന്നാല്‍ കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും പരാതിക്കാര്‍ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതോടെ പ്രതികള്‍ പണം തിരിച്ച് നല്‍കി കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും ഒളിവിലിരുന്ന് നീക്കം നടത്തുന്നു എന്ന സംശയത്തിലാണ് ഇ ഡി. രണ്ട് ഡോളറിന്റെ ഹൈറിച്ച് കോയിന്‍ എടുത്താല്‍ 10 ഡോളര്‍ ആക്കി മടക്കി നല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

ഈ മോഹന വാഗ്ദാനത്തില്‍ വീണ് സംസ്ഥാനത്തും വിദേശത്തുമുള്ള നിരവധി പേരാണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചത്. എന്നാല്‍ തട്ടിപ്പ് പുറത്ത് വന്നിട്ടും കമ്പനി ഉടമകള്‍ മുങ്ങിയിട്ടും പരാതിക്കാര്‍ കാര്യമായി മുന്നോട്ട് വന്നിട്ടില്ല എന്നാതാണ് അന്വേഷണ ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നത്. ഇഡി അന്വേഷണം തുടങ്ങിയതിന് ശേഷം തൃശൂര്‍ പുതുക്കാട് നിന്ന് മാത്രമാണ് പുതിയ ഒരു പരാതി വന്നത്.
നിലവില്‍ പുതുക്കാട്, എറണാകുളം സൗത്ത്, സുല്‍ത്താന്‍ ബത്തേരി കേസുകളില്‍ മാത്രമാണ് ഇ ഡിയ്ക്ക് ഇ സി ഐ ആര്‍ ഇട്ട് അന്വേഷിക്കാന്‍ കഴിയുന്ന ഐപിസി 420 വകുപ്പുകളുള്ള കേസുകള്‍ ഉള്ളത്. മറ്റ് കേസുകളില്‍ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകളാണ്. അതേസമയം ഇഡി അന്വേഷണം തുടങ്ങിയതോടെ പുതിയ നിക്ഷേപകര്‍ ഹൈറിച്ചില്‍ എത്തുന്നില്ല. പുതിയ അംഗങ്ങള്‍ ചേര്‍ന്നാലെ മുന്‍ അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കാന്‍ കഴിയൂ.
കഴിഞ്ഞ ദിവസം 'ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി'യുടെ തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് സീല്‍ ചെയ്തിരുന്നു. ബഡ്സ് ആക്ട് പ്രകാരമായിരുന്നു നടപടി. പ്രതികള്‍ തമിഴ്‌നാട്ടിലുണ്ട് എന്നാണ് ഇ ഡിയുടെ നിഗമനം. അതിനിടെ ചേര്‍പ്പ് സ്റ്റേഷനിലെ കേസ് റദ്ദാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാങ്കല്‍പിക ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്.
എന്നാല്‍ ക്രിപ്റ്റോകറന്‍സിയായ എച്ച് ആര്‍ കോയിന്‍ വഴി മാത്രം ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ക്രിപ്റ്റോ കറന്‍സി വഴി സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയതായും അന്വേഷക സംഘം സംശയിക്കുന്നു. ഇ ഡി റെയ്ഡിന് തൊട്ടുമുന്‍പാണ് പ്രതാപനും ശ്രീനയും തൃശൂരിലുള്ള വീട്ടില്‍ നിന്ന് മുങ്ങിയത്.












Click it and Unblock the Notifications