ബ്ലൂടൂത്തും മൊബൈലും; ഐഎസ്ആര്‍ഒ പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി, രണ്ട് പേര്‍ പിടിയില്‍
തിരുവനന്തപുരം: ഐ എസ് ആര്‍ ഒ പരീക്ഷയില്‍ കോപ്പിയടി നടത്തിയ രണ്ട് പേര്‍ പിടിയില്‍. ഹരിയാന സ്വദേശികളായ സുനില്‍, സുമിത് കുമാര്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ ടെക്‌നീഷന്‍ - ബി കാറ്റഗറി തസ്തികയിലേക്കുള്ള പരീക്ഷയില്‍ ആണ് കോപ്പിയടി നടന്നത്. അതിവിദഗ്ധമായി ഹൈടെക് രീതിയിലാണ് ഇരുവരും കോപ്പിയടിച്ചത്.
മൊബൈല്‍ ഫോണില്‍ ചോദ്യ പേപ്പര്‍ അയച്ച് നല്‍കിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ബ്ലൂടൂത്ത് വഴി കോപ്പിയടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ അരയിലെ ബെല്‍റ്റില്‍ കെട്ടി വെച്ചയിരുന്നു കോപ്പിയടി. ചെവിയില്‍ അകത്തേക്ക് കയറ്റിവെക്കാവുന്ന രീതിയിലുള്ള ബ്ലൂ ടൂത്ത് ഇയര്‍ഫോണും ഇതിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളും പട്ടം സ്‌കൂളും ആയിരുന്നു പരീക്ഷ സെന്റര്‍.

സുനില്‍ കോട്ടണ്‍ഹില്ലില്‍ വെച്ചും സുമിത് കുമാര്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുമാണ് പൊലീസിന്റെ പിടിയിലായത്. ഹരിയാനയില്‍ നിന്നെത്തുന്നവര്‍ കോപ്പിയടിക്കാന്‍ സാഹചര്യമൊരുക്കിയതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വയറില്‍ ബെല്‍റ്റില്‍ കെട്ടിയ ഫോണിലെ സ്‌ക്രീന്‍ വ്യൂവര്‍ വഴി ഹരിയാനയിലെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതുകയായിരുന്നു.
പ്ലസ് ടു യോഗ്യത ആവശ്യമായുള്ള പരീക്ഷയിലാണ് ഇരുവരും കോപ്പിയടിച്ചത്. കോപ്പിയടിക്ക് വേണ്ട ആസൂത്രണം ഹരിയാനയില്‍ വെച്ചാണ് നടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. അതേസമയം കോപ്പിയടിയുമായി ബന്ധപ്പെട്ട് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നില്ല. സുനില്‍ 79 മാര്‍ക്കിന്റെ ഉത്തരങ്ങളും സുമിത് 25 ലധികം ഉത്തരങ്ങളും ശരിയായി എഴുതിയിരുന്നു.












Click it and Unblock the Notifications