'കാവിപ്പടയുടെ തെമ്മാടിത്തം..അധികാരത്തണലിൽ സംഘപരിവാർ മതിമറക്കുന്നു';ജയരാജൻ
തിരുവനന്തപുരം; കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എം വി ജയരാജൻ. വസ്ത്രത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹീനമായ ശ്രമമാണ് കർണാടകയിൽ സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.അധികാരത്തണലിൽ സംഘപരിവാർ മതിമറക്കുകയാണ്. അണികളെ മത ഭ്രാന്തിലേക്ക് നയിക്കുന്നതിൽ ബിജെപി എം.എൽ.എ.മാർ അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങൾക്ക് വലിയ പങ്കുണ്ട്. ഹിജാബ് നിരോധനത്തിനെതിരെയുള്ള ഹരജിയിലെ വാദം കേൾക്കുന്നതിനിടയിൽ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ ഹൈക്കോടതി ജനങ്ങളോട് അഭ്യർത്ഥിക്കുകയുണ്ടായി.ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ സംഘികളുടെ കാട്ടാളത്തമാണ് വ്യക്തമായത്. കുടത്തിൽ നിന്നും പുറത്തേക്ക് വിട്ട ഭൂതത്തെ കുടത്തിലടക്കേണ്ടത് സർക്കാർ തന്നെയാണ്. സംഘികളുടെ ഹീനവും മനുഷ്യത്വരഹിതവുമായ കലാപനീക്കങ്ങൾക്കെതിരെ മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാ മനുഷ്യരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഭരണകൂടഭീകരതയും കാവിപ്പടയുടെ തെമ്മാടിത്തവും
വസ്ത്രത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹീനമായ ശ്രമമാണ് കർണാടകയിൽ സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്നത്. ശിവമോഗ കോളേജിൽ ദേശീയ പതാക അഴിച്ചുമാറ്റി കാവിക്കൊടി ഉയർത്തുകയും ജയ് ശ്രീരാം വിളിക്കുകയും ചെയ്യുന്ന നടപടി മിതമായ ഭാഷയിൽ പറഞ്ഞാൽ തെമ്മാടിത്തമാണ്. ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയ ഒരു സംഭവം ഈ ഘട്ടത്തിൽ ഓർമയിലെത്തുന്നു. ബ്രിട്ടീഷ് പതാക ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും അഴിച്ചുമാറ്റി പതിമൂന്നാമത്തെ വയസ്സിൽ അവിടെ ദേശീയപതാക ഉയർത്തിയ പിന്നീട് സിപിഐ(എം)ന്റെ ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിതിന്റെ ധീരത.
അധികാരത്തണലിൽ സംഘപരിവാർ മതിമറക്കുകയാണ്. അണികളെ മത ഭ്രാന്തിലേക്ക് നയിക്കുന്നതിൽ ബിജെപി എം.എൽ.എ.മാർ അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങൾക്ക് വലിയ പങ്കുണ്ട്. ഹിജാബ് നിരോധനത്തിനെതിരെയുള്ള ഹരജിയിലെ വാദം കേൾക്കുന്നതിനിടയിൽ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ ഹൈക്കോടതി ജനങ്ങളോട് അഭ്യർത്ഥിക്കുകയുണ്ടായി. അതിന് സംഘികൾ പുല്ലുവില പോലും കല്പിച്ചില്ല. ഹിജാബിനെ എതിർക്കുന്നവർ കാവിഷാളും തലപ്പാവുമായി രംഗത്തിറങ്ങി. ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ സംഘികളുടെ കാട്ടാളത്തമാണ് വ്യക്തമായത്.
ഉടുപ്പി സർക്കാർ വനിതാ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പുറത്താക്കിയ കോളേജ് അധികൃതരുടെ നടപടിയാണ് ഇത്തരമൊരു കലാപത്തിലേക്ക് കർണാടകയെ നയിച്ചത്. മൂന്ന് ദിവസത്തേക്ക് വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നതും പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നതും സ്ഥിതിഗതികൾ കൈവിട്ട് പോകുന്നു എന്ന് ബിജെപി സർക്കാറിന് തന്നെ തോന്നിയതുകൊണ്ടാണ്. കുടത്തിൽ നിന്നും പുറത്തേക്ക് വിട്ട ഭൂതത്തെ കുടത്തിലടക്കേണ്ടത് സർക്കാർ തന്നെയാണ്. സംഘികളുടെ ഹീനവും മനുഷ്യത്വരഹിതവുമായ കലാപനീക്കങ്ങൾക്കെതിരെ മതവിശ്വാസികളും അല്ലാത്തവരുമായ എല്ലാ മനുഷ്യരും ഒറ്റക്കെട്ടായി അണിനിരക്കുക.












Click it and Unblock the Notifications