ഹിജാബ് ധരിച്ചെത്തി എട്ടാം ക്ലാസ്സുകാരി, വിലക്കി കൊച്ചിയിലെ സ്കൂൾ, രണ്ട് ദിവസത്തേക്ക് അടച്ചിട്ടു, വിവാദം..
കൊച്ചി: വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് എത്തിയതിനെ തുടര്‍ന്നുളള തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്‌കൂള്‍ പൂട്ടി. പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലാണ് ഹിജാബിനെ ചൊല്ലിയുളള വിവാദം. യൂണിഫോം അല്ലാതെയുളള മറ്റ് വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കരുത് എന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് നിലപാട്. എന്നാല്‍ ഹിജാബ് ധരിക്കണമെന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് സംഭവം വിവാദത്തിലേക്ക് നീങ്ങിയത്.
സ്‌കൂളില്‍ അനുവദനീയമല്ലാത്ത വസ്ത്രധാരണവുമായി വന്ന ഒരു വിദ്യാര്‍ത്ഥിനിയുടേയും മാതാപിതാക്കളുടേയും മറ്റ് ചിലരുടേയും ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദം മൂലം പഠനം തുടരാനാകാത്ത സാഹചര്യം ആണെന്നും അതിനാല്‍ രണ്ട് ദിവസത്തേക്ക് സ്‌കൂള്‍ അവധി ആയിരിക്കുമെന്നും റീത്താസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വിവാദത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി നിര്‍ദേശപ്രകാരം സ്‌കൂളിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഹിജാബ് ധരിച്ച് വന്നതിന് മകളോട് സ്‌കൂള്‍ അധികൃതര്‍ ക്ലാസില്‍ കയറരുതെന്ന് പറഞ്ഞുവെന്നും മാനസികമായി കുട്ടിയെ പീഡിപ്പിക്കുകയാണ് എന്നുമാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കും വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുകയാണ്.

AI Generated Image
സ്‌കൂള്‍ ബൈലോ പ്രകാരം യൂണിഫോം അല്ലാതെ മതപരമായതടക്കമുളള മറ്റ് വസ്ത്രധാരണം പാടില്ല എന്നാണ് മാനേജ്‌മെന്റ് വാദം. എട്ടാം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനി ഇക്കഴിഞ്ഞ ജൂണിലും ജൂലൈയിലും ചില ദിവസങ്ങളില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ വന്നിരുന്നു. അന്ന് ഇക്കാര്യം വിലക്കിയതോടെ നാല് മാസം ഹിജാബ് ധരിക്കാതെ ആയിരുന്നു കുട്ടി സ്‌കൂളില്‍ വന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും ഹിജാബ് ധരിച്ച് എത്തുകയായിരുന്നു. ഇത് വിലക്കിയപ്പോള്‍ പുറത്ത് നിന്ന് ചിലര്‍ സ്‌കൂളില്‍ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ ആരോപിക്കുന്നു.
അതിനിടെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് എത്തി. സ്‌കൂള്‍ യൂണിഫോം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇത്തരം വിഷയങ്ങള്‍ മറ്റ് പ്രശ്‌നങ്ങളിലേക്ക് പോകാതെ സ്‌കൂള്‍ മാനേജ്‌മെന്റ് കൈകാര്യം ചെയ്യണമെന്നും സംഭവം ഡിഇഒ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം എഇഒ സെന്റ് റീത്താസ് സ്‌കൂളിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.












Click it and Unblock the Notifications