മലയോരപാത തയ്യാർ: 195 കോടി ചിലവില്‍ നിർമ്മിച്ച കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചില്‍ ഇനി വാഹനം ഓടിക്കാം
കോഴിക്കോട്: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മലയോരപാതയുടെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. നിർമ്മാണം പൂർത്തിയായ കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിന്റെ ഉദ്ഘാടനം കൂടരഞ്ഞിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു. മലയോരപാതയുടെ നിർമ്മാണം പൂർത്തയായ ആദ്യ റീച്ചാണ് 34 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ച്. മലപ്പുറം മുതല്‍ കോടഞ്ചേരി വരെ നീളുന്ന പുതിയ റീച്ചിന്റെ നിർമ്മാണ പ്രവർത്തന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടത്തു.
195 കോടി ചെലവിട്ടാണ് കോടഞ്ചേരി- കക്കാടംപൊയിൽ റീച്ചിന്റെ പണി പൂർത്തിയാക്കിയത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതി നിര്‍വഹണത്തിനുള്ള പ്രത്യേക ഉദ്ദേശ്യ സ്ഥാപനം. മലയോര മേഖലകളിലൂടെ കടന്നു പോകുന്ന റോഡുകൾ വികസിപ്പിക്കുന്നതിനായി മലയോര പാതയും തീരദേശറോഡുകളുടെ വികസനത്തിന് തീരദേശ പാതയുമാണ് കിഫ്ബി ധനസഹായത്തോടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. തീരദേശ പാതയുടെ ആദ്യ റീച്ച് കഴിഞ്ഞദിവസം താനൂരിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു.

ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും കടന്നുപോകുന്ന മലയോരപാത കാസർഗോഡ് നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ വ്യാപിച്ചുകിടക്കുന്നതും തന്ത്രപ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതുമായ റോഡാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായ എസ്എച്ച് 59 ആണ് മലയോരപാതയായി നാമകരണം ചെയ്തിട്ടുള്ളത്. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റ് നാണ്യവിളകളുടേയും വ്യാപാരത്തിലും കൃഷിയിലും ഏർപ്പെട്ടിരിക്കുന്ന മിക്ക നഗരങ്ങളെയും ബന്ധിപ്പിക്കുന്നതിനാൽ ഈ പാതയെ 'കേരള സ്പൈസസ് റൂട്ട്' എന്നും വിളിക്കുന്നുണ്ട്. സംസ്ഥാനത്തെ ഹില്‍സ്റ്റേഷനുകളിലേക്ക് എത്തുന്നതിനുള്ള കണക്ഷന്‍ റോഡുകള്‍കൂടിയായ മലയോര പാത ടൂറിസം മേഖലകളേയും ശക്തിപ്പെടുത്തും.
സർക്കാർ അംഗീകരിച്ച അലൈൻമെന്റ് പ്രകാരം ഇതിന്റെ ആകെ നീളം 1,166.27 കിലോമീറ്ററാണ്. 54 റീച്ചുകളിലായി നടത്തുന്ന നിർമ്മാണ പ്രവൃത്തികൾക്ക് കിഫ്ബിയാണ് ധനസഹായം നൽകുന്നത്. 738.20 കിലോമീറ്റർ റോഡിന് 3593 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് കിഫ്ബി നല്‍കിയിരിക്കുന്നത്. 506.73 കിലോമീറ്റര്‍ സാങ്കേതികാനുമതി നൽകി, ടെൻഡർ ചെയ്യുകയും അതിൽ 481.13 കിലോമീറ്റര്‍ പ്രവൃത്തി കരാറിൽ ഏർപ്പെട്ട് ആരംഭിക്കുകയും ചെയ്തു. 166.08 കി. മി. റോഡിന്റെ നിര്‍മാണം ഇതുവരെ പൂർത്തിയായി. 1288 കോടി രൂപ ഇതുവരെ മലയോര പാതയുടെ പ്രവൃത്തികൾക്കായി ചെലവഴിച്ചിട്ടുണ്ട്. ഏകദേശം 250 കിലോമീറ്റർ മലയോര ഹൈവേയുടെ നിര്‍മാണം 2025 ഡിസംബർ മാസത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസും വ്യക്തമാക്കി.
12 മീറ്റര്‍ വീതിയില്‍ രണ്ടുവരിയായി പൂർണമായും ബിഎംബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന മലയോര പാതയിൽ മെച്ചപ്പെട്ട റോഡ് പ്രതലവും മാർക്കിംഗുകളും അടിസ്ഥാന സുരക്ഷാസംവിധാനങ്ങളും ഉണ്ടാകും. റോഡിന്റെ അടിത്തറ ശക്തിപ്പെടുത്തി കൂടുതൽ കാലം നിലനിൽക്കുന്ന ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യ മലയോര പാതയുടെ നിർമാണത്തിലാണ് ആദ്യമായി വ്യാപകമായി പരീക്ഷിച്ചത്.
നിലവിലെ റോഡിന്റെ ഉപരിതലം മുതൽ താഴേയ്ക്ക് നിശ്ചിത ആഴത്തിൽ ഇളക്കിയെടുത്ത് വലിയ പാളികളെ ചെറിയ കഷണങ്ങളാക്കി അവിടെത്തന്നെ സിമന്റും സോയിൽ സ്റ്റെബിലൈസറും കലർത്തി റോളർ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനു മീതേയാണ് ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്യുക. പാറയും മണലും മെറ്റലും ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനും റോഡിന് കൂടുതൽ ഈടും ബലവും ലഭിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും സഹായിക്കുന്ന സാങ്കേതിക വിദ്യയാണിത്.












Click it and Unblock the Notifications