ഹിമയുടെ പരാതിയില്‍ പോലീസുകാര്‍ വിശദീകരണം നല്‍കണം
തിരുവനന്തപുരം: നാടക പ്രവര്‍ത്തകയും സിനിമാ നടിയുമായ ഹിമ ശങ്കറിനെ രാത്രി യാത്രയില്‍ തടഞ്ഞു നിര്‍ത്തുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസുകാരോട് വിശദീകരണം ആവശ്യപ്പെട്ടു. ഹിമയുടെ പരാതിയെ തുടര്‍ന്നാണ് ആരോപണവിധേയരായ മൂന്നു എ.എസ്.ഐമാരോടും സിവില്‍ പൊലീസ് ഓഫീസറോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.
ഓഗസ്ത് 5ന് മുന്‍പായി ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണം. പോലീസുകാരുടെ നിലപാട് പരിശോധിച്ചശേഷമാകും ഇവര്‍ക്കെതിരായ ശിക്ഷാ നടപടിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. നിലവില്‍ ഇവര്‍ക്കെതിരെ ശിക്ഷാ നടപടിയെന്നോണം പരിശീലനത്തിന് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടി തത്കാലം മരവിപ്പിച്ചിരിക്കുകയാണ്.

നടി ഹിമ ശങ്കറും സുഹൃത്ത് ശ്രീറാമും വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം നാടക ക്യാമ്പിലേക്ക് പോകുംവഴിയാണ് രാത്രി 12 മണിയോടെ പോലീസുകാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുകയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തത്. ബന്ധുക്കള്‍ നേരിട്ടെത്തിയെങ്കിലും പിറ്റേന്നു രാവിലെ മാത്രമാണ് ഇവരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്.
സംഭവം വിവാദമായതോടെ പോലീസുകാര്‍ ന്യായീകരണവുമായി രംഗത്തെത്തി. എന്നാല്‍ മനുഷ്യാവകാശ കമ്മീഷനടക്കം പരാതി നല്‍കുമെന്ന് ഹിമ പറഞ്ഞതോടെ പോലീസുകാരുടെ നടപടി അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പോലീസുകാരുടെ മാന്യമല്ലാത്ത പെരുമാറ്റം ഹിമ മൊബൈല്‍ഫോണില്‍ റെക്കോര്‍ഡ് ചെയ്തതാണ് ഉദ്യോഗസ്ഥര്‍ക്ക് വിനയായത്.












Click it and Unblock the Notifications