ബജ്രംഗ് സേന കോണ്‍ഗ്രസ് ലയനം 'നുണയോ' ; പ്രഖ്യാപനത്തിന് പിന്നാലെ കമല്‍നാഥിനെതിരെ നിയമനടപടി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹിന്ദുത്വ സംഘടനയായ ബജ്രംഗ് സേന കോണ്‍ഗ്രസില്‍ ലയിച്ചതിന് പിന്നാലെ വിവാദം. ലയനമെന്നത് കോണ്‍ഗ്രസിന്റെ വ്യാജ പ്രചരണമെന്ന് വ്യക്തമാക്കിക്കൊണ്ട് ബജ്റംഗ് സേനയിലെ ഒരു വിഭാഗം രംഗത്ത് വന്നു. ഇതോടൊപ്പം തന്നെ ലയന പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ബജ്‌റംഗ് സേനയുടെ മുന്‍ ദേശീയ അധ്യക്ഷൻ രൺവീർ പടേരിയയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേർന്ന് പ്രവർത്തിക്കാന്‍ തീരുമാനിച്ചത്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെയും അടുത്തിടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂടുമാറിയ ദീപക് ജോഷിയുടെയും സാന്നിധ്യത്തിലായിരുന്നു ലയന യോഗം.

പത്ത് വർഷം മുമ്പ് രൂപീകരിച്ച സംഘടന പേരുപോലെ ഹിന്ദു ദൈവമായ ബജ്‌റംഗ് ബലിയിൽ നിന്നും പ്രചോദനം ഉള്‍കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ്. താനും തന്റെ സഹ സേനാംഗങ്ങളും കോൺഗ്രസിന്റെ ആശയങ്ങൾ സ്വീകരിക്കുകയാണെന്നും മധ്യപ്രദേശിലെ ബിജെപി സർക്കാരിനെ പരാജയപ്പെടുത്താൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പട്ടേരിയ പറഞ്ഞിരുന്നു. ഈ ലയനം സംസ്ഥാനത്തിന് കൃത്യമായ സൂചനകള്‍ നല്‍കുകയാണെന്ന് കമല്‍നാഥും വ്യക്തമാക്കി.
അതേസമയം, സംഘടന മുഴുവനായി കോണ്‍ഗ്രസില്‍ ലയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി, ബജ്‌റംഗ് സേനയുടെ ഭാരവാഹികളിലെ ഒരു വിഭാഗം ഇന്ന് രംഗത്ത് വരികയായിരുന്നു. "മുഴുവൻ ബജ്‌റംഗ് സേനയും കോൺഗ്രസ് പാർട്ടിയിൽ ചേർന്നിട്ടില്ല, 4 പേർ മാത്രമാണ് സംഘനവിട്ടത്. അവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു," ബജ്‌റംഗ് സേന ഗൗ സേവയുടെ ദേശീയ ജനറൽ സെക്രട്ടറി അജയ് ദുബെ വ്യാഴാഴ്ച പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി.
ബജ്‌റംഗ് സേനയുടെ ദേശീയ കൺവീനർ രഘുനന്ദൻ ശർമ, സംസ്ഥാന പ്രസിഡന്റ് അമ്രിഷ് റായ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് രാജേന്ദ്ര താക്കൂർ, മുൻ ജില്ലാ പ്രസിഡന്റ് (അഷ്ട) ഊർമിള മറാത്ത എന്നിവർ മാത്രമാണ് കോണ്‍ഗ്രസില്‍ ചേർന്നത്. അല്ലാതെ സംഘടന മൊത്തമായി പാർട്ടിയില്‍ ലയിച്ചിട്ടില്ലെന്നും ദുബൈ പറഞ്ഞു. വ്യാജ പ്രചരണം നടത്തിയ കമല്‍നാഥിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ബജ്രംഗ് സേന കോൺഗ്രസ് പാർട്ടിയിൽ ലയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബജ്‌റംഗ് സേനയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ് സിംഗ് ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍, ബജ്‌റംഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേരിയ, കൺവീനർ രഘുനന്ദൻ ശർമ, സംസ്ഥാന പ്രസിഡന്റ് അമ്രിഷ് റായ്, മറ്റ് ഭാരവാഹികൾ, അടുത്തിടെ കോൺഗ്രസിൽ ചേർന്ന ദീപക് ജോഷി എന്നിവരുമായി വ്യാഴാഴ്ച ഭോപ്പാലിലെ ദിഗ്‌വിജയ് സിംഗിന്റെ വീട്ടില്‍ കൂടിക്കാഴ്ച ചിത്രങ്ങള്‍ പുറത്ത് വന്നു.












Click it and Unblock the Notifications