ബിജെപിക്ക് ചരിത്ര നിമിഷം; കേരള നിയമസഭയില്‍ ഓഫീസ് അനുവദിച്ചു, പൂജയ്ക്ക് ശേഷം തുറക്കും
തിരുവനന്തപുരം: കേരള നിയമസഭയില്‍ ആദ്യമായി ബിജെപിക്ക് ഓഫീസ് അനുവദിച്ചു. മൂന്ന് എംഎല്‍എമാരുള്ള ബിജെപി പ്രത്യേക മുറി വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മൂന്നാം നിലയിലെ 303ാം നമ്പര്‍ മുറിയാണ് ബിജെപിക്ക് ഓഫീസ് ആയി അനുവദിച്ചിരിക്കുന്നത്. പ്രത്യേക പൂജ നടത്തി ഓഫീസ് തുറക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. യുവമോര്‍ച്ച നേതാവിന് ആയിരിക്കും ഓഫീസ് ചുമതല.
നേരത്തെ ബിജെപിക്ക് ഒരംഗം മാത്രമുള്ളപ്പോള്‍ ഓഫീസ് അനുവദിച്ചിരുന്നില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്ന് ഒ രാജഗോപാല്‍ ജയിച്ചിരുന്നു. ഒരംഗം മാത്രമുള്ളപ്പോള്‍ സാധാരണ ഓഫീസ് അനുവദിക്കാറില്ല. 2021ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മൂന്ന് അംഗങ്ങള്‍ ജയിച്ചു.

നേമം മണ്ഡലത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് വി മുരളീധരന്‍, ചാത്തന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ബിബി ഗോപകുമാര്‍ എന്നിവരാണ് ബിജെപി ടിക്കറ്റില്‍ ഇത്തവണ ജയിച്ചത്. ബിബി ഗോപകുമാര്‍ ആണ് ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. ഇന്ന് നടന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പങ്കെടുത്തില്ല. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നേരത്തെ ബിജെപി പങ്കെടുത്തിരുന്നു.
മൂന്ന് പേര്‍ ജയിച്ചെത്തിയ സാഹചര്യത്തില്‍ പ്രത്യേക ഓഫീസ് വേണം എന്ന് ബിജെപി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്തു നല്‍കിയിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് പുതിയ മുറി അനുവദിച്ചിരിക്കുന്നത്. നിയമസഭയില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനും മറ്റുമാണ് ഈ ഓഫീസ് ഉപയോഗിക്കുക. ഭാവിയില്‍ കൂടുതല്‍ അംഗങ്ങളെ ജയിപ്പിക്കാന്‍ സാധിക്കുമെന്ന് ബിജെപി കരുതുന്നു.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ബിജെപിക്ക് ഓഫീസ് അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്പീക്കറാണ് അന്തിമ തീരുമാനം എടുക്കുക. എംഎല്‍എമാരുടെ അംഗബലം പരിശോധിച്ചാണ് സ്പീക്കര്‍ തീരുമാനമെടുക്കുന്നത്. അംഗങ്ങളുടെ എണ്ണം നോക്കിയാണ് മുറിയുടെ വലിപ്പം തീരുമാനിക്കുക. കുറഞ്ഞ അംഗങ്ങളുള്ളവര്‍ക്ക് ചെറിയ മുറികളാണ് അനുവദിക്കുക.
ഒരു അംഗം മാത്രമുള്ള പാര്‍ട്ടിയുടെ എംഎഎല്‍മാര്‍ ഏതെങ്കിലും മുന്നണിയില്‍പെട്ടവര്‍ ആണെങ്കില്‍ മുന്നണിക്ക് അനുവദിച്ച ഓഫീസ് ഉപയോഗിക്കുകയാണ് ചെയ്യുക. സ്വതന്ത്ര അംഗങ്ങള്‍ക്കും ഏക അംഗമുള്ള പാര്‍ട്ടികള്‍ക്കും ഓഫീസ് സാധാരണ അനുവദിക്കാറില്ല. ഇത്തരം സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന കോമണ്‍ മുറികള്‍ നല്‍കുകയാണ് ചെയ്യുന്നത്.















Click it and Unblock the Notifications