കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളങ്ങളെല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ ശ്രീരാമകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം; വിഷയദാരിദ്ര്യവും വിഭവദാരിദ്ര്യവും കൊണ്ട് പ്രതിപക്ഷത്തിന് എത്രത്തോളം തരംതാഴാനാകും എന്നതിന്റെ ഉദാഹരണമാണ് അവർ സ്‌പീക്കർക്കെതിരെ അവതരിപ്പിച്ച പ്രമേയമെന്ന് പി ശ്രീരാമകൃഷ്ണൻ. കേട്ടുകേൾവികളുടെയും അപവാദങ്ങളുടെയും പിൻബലത്തിൽ ഒരു നിയമസഭയുടെ അധ്യക്ഷവേദിക്കെതിരെ ഇന്ത്യയിൽ ആദ്യമായി പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്നും പ്രതിപക്ഷ നേതാവെന്നുമാണ് ചരിത്രം രേഖപ്പെടുത്തുക. അപക്വമായ ഈ രീതി ഭാവിയിലും ആവർത്തിച്ചാൽ അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

നിയമസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ നെപ്പോളിയന്റെ വാക്കുകൾ പറയുകയുണ്ടായി. "വെൻ ഐ വാസ്‌ ഇൻ ഈജിപ്‌ത്‌ ഐ വാസ്‌ എ മുസ്‌ലിം. നൗ ഐ ആം ഇൻ ഇസ്രയേൽ ഡഫ്‌നിറ്റ്‌ലി ഐ ആം കൃസ്‌ത്യൻ'' ഈ വാക്കുകൾ പാലിക്കാൻ പരമാവധി ശ്രമിച്ചു. നാലേമുക്കാൽ വർഷം അധ്യക്ഷനിൽനിന്ന്‌ നീതി കിട്ടിയില്ല എന്ന ഒരു പരാതിയും ഈ സഭയിൽ വന്നിട്ടില്ല. പ്രതിപക്ഷത്തിന്റെ ശബ്ദത്തിന് കുറവുണ്ടാകാതിരിക്കാൻ ആകുന്നവിധം പരിശ്രമിച്ചു. ഇപ്പോൾ "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയാണ് ഓർമവരുന്നത്. ഈ സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്ത പ്രതിപക്ഷത്തിന്റെ ഈ അടി സ്വയം തിരിച്ചടിക്കുന്ന ബൂമറാങ്‌ ആണ്.

srk

എന്താണ് സഭാധ്യക്ഷൻ ചെയ്ത തെറ്റ്? ലെജിസ്ലേച്ചർ ആക്ടിവിസം എന്ന തലത്തിലേക്ക് നമ്മുടെ നിയമസഭയെ ഉയർത്താൻ ശ്രമിച്ചതോ? മാറുന്ന കാലത്തോടു ചേർന്നുനിൽക്കാൻ പദ്ധതികൾ ആവിഷ്കരിച്ചതോ? ഭരണഘടന വെല്ലുവിളികൾ നേരിടുമ്പോൾ ഭരണഘടനാ ക്ലാസുകളിലൂടെ ബദൽ പ്രതിരോധം ഉയർത്തിക്കൊണ്ടുവന്നതോ? ഇന്ത്യയിൽ ആദ്യമായി നിയമനിർമാണത്തിൽ ജനകീയ പങ്കാളിത്തത്തിന് തുടക്കം കുറിച്ചതോ? നിയമസഭയ്‌ക്ക്‌ ഇന്ത്യയിൽ ആദ്യമായി ബദൽ മാധ്യമം കൊണ്ടുവന്നതോ? നിയമസഭാ പ്രവർത്തനങ്ങളെ എക്കാലത്തും ലഭ്യമാക്കാൻ മാധ്യമരംഗത്തെ പുതിയ അനുഭവമായ ഒടിടി പ്ലാറ്റ്ഫോം രാജ്യത്ത്‌ ആദ്യമായി തുടക്കം കുറിച്ചതോ? നിർമിച്ച നിയമങ്ങളുടെ അനുഭവങ്ങളെയും പരിമിതികളെയും വിശകലനം ചെയ്യുന്ന ഇംപാക്ട് സ്റ്റഡിക്ക് തുടക്കം കുറിച്ചതിനോ? 21 ഗ്രന്ഥത്തിലൂടെ നിയമനിർമാണത്തിന്റെ ചരിത്രംവിശകലനത്തിന് വിധേയമാക്കിയതോ? ചട്ടങ്ങളില്ലാത്ത നിയമങ്ങൾ എന്ന അവസ്ഥയ്ക്ക് അറുതിവരുത്താൻ നേതൃത്വം കൊടുത്തതോ?

ഗ്രീൻ പ്രോട്ടോകോളിലൂടെ നിയമസഭാ സമുച്ചയത്തെ ജൈവജീവിതത്തിന്റെ ഭാഗമാക്കിയതോ? ഇതെല്ലാം തെറ്റാണെങ്കിൽ ആ തെറ്റ് ഏറ്റെടുക്കാൻ തയ്യാറാണ്.
ജനാധിപത്യത്തിന്റെ അന്തസ്സത്തയ്‌ക്ക് ഇടിവു പറ്റുന്ന ഒരു കാലത്തിന്റെ കരിനിഴൽ ഇന്ന് ഇന്ത്യയിലുണ്ട്. ഭരണസംവിധാനത്തിന്റെ എല്ലാ ഘടകത്തെയും കൈപ്പിടിയിൽ ഒതുക്കുന്ന അസാധാരണമായ നീക്കം. ജനാധിപത്യത്തിന്റെ മധുരത്തെത്തന്നെ ഇത് ഇല്ലാതാക്കുമെന്ന് ഏത് രാഷ്ട്രീയ വിദ്യാർഥിക്കും മനസ്സിലാകും. ഈ സാഹചര്യത്തിൽ നിയമനിർമാണ സഭകൾക്ക് പരമ്പരാഗത ചുമതലകൾ അല്ലാതെ പലതും ചെയ്യാൻ കഴിയും. പലതും ചെയ്യാൻ കഴിയണം. ജനാധിപത്യത്തിൽ ശരിയായ മതനിരപേക്ഷ രാഷ്ട്രീയത്തിലുള്ള വിശ്വാസം പൊതുസമൂഹത്തിനും യുവതലമുറയിലും വളർത്തിയെടുക്കാൻ ബോധപൂർവം ശ്രമിക്കേണ്ട കാലമാണ് ഇത്. അതൊന്നും അൽപ്പംപോലും പ്രതിപക്ഷം പരിഗണിച്ചില്ല. ഇവിടെയാണ് സോക്രട്ടീസിനെ ഓർമ്മിക്കേണ്ടത്. അദ്ദേഹത്തെ കുറിച്ചുളള കുറ്റപത്രത്തിൽ പറയുന്നു.

"ഈ മനുഷ്യൻ ചിന്താപരമായ പ്രകോപനം കൊണ്ട് യുവത്വത്തെ വഴിതെറ്റിച്ചു. അതിനാൽ ഇയാൾ ശിക്ഷ അർഹിക്കുന്നു. സോക്രട്ടീസിന്റെ വാക്കുകൾ "ബുദ്ധിമാന്മാർ ആശയങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും, സാധാരണക്കാർ സംഭവങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും, നിലവാരമില്ലാത്തവർ വ്യക്തികളെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. ആ പുലഭ്യത്തിൽ അവർക്ക് ആനന്ദ നിർവൃതി ഉണ്ടാകും". ഇതിൽ തങ്ങളേത് പക്ഷത്തിൽപ്പെടുമെന്ന്, ഏത് വിഭാഗത്തിൽപ്പെടുമെന്ന്, ഓരോരുത്തരും സ്വയം ചിന്തിച്ചാൽ മതി. ഇന്ത്യയുടെ ഈ സാഹചര്യത്തെക്കുറിച്ചൊന്നും പ്രതിപക്ഷം ചിന്തിച്ചില്ല. ഓർത്തില്ല.

ഫെസ്റ്റിവൽ ഓൺ ഡെമോക്രസി, ദളിത്, ആദിവാസി, ന്യൂനപക്ഷസമ്മേളനം, നാഷണൽ വിദ്യാർഥി പാർലമെന്റ് എന്നിവയെല്ലാം ധൂർത്തും വ്യർഥവും അനാവശ്യവുമാണെന്ന് പ്രതിപക്ഷനേതാവ് പലവുരു പറഞ്ഞു. അതും ആ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചതിനുശേഷം. ശശി തരൂരും അബ്ദുസമദ് സമദാനിയും അനിൽകുമാറും സജീന്ദ്രനും കെ എസ് ശബരീനാഥനും ആബിദ് ഹുസൈൻ തങ്ങളും ഒ രാജഗോപാലും വി എം സുധീരനും സി പി ജോണും എല്ലാവരും പലപ്പോഴായി അതിൽ പങ്കാളികളായിരുന്നു. അത് സംഘടിപ്പിച്ച സാഹചര്യത്തെക്കുറിച്ച് അൽപ്പമെങ്കിലും പ്രതിപക്ഷം ചിന്തിച്ചില്ല.

ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മുകളിൽ അധികാര പ്രമത്തതയുടെ പിടിവീണുകൊണ്ടിരിക്കുന്ന ഒരു ദേശീയ സാഹചര്യത്തിലാണ് ഇന്ത്യൻ ക്യാമ്പസുകളിലെ നേതൃത്വം ഇവിടെ ഒത്തുകൂടിയത്. ഇന്ത്യ എന്ന ആശയം ഈ സമയത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. യുവത്വത്തിന്റെ നിലപാടുകൾ ഏകോപിക്കുന്ന ഒരു അനുഭവമായി ഫെസ്റ്റിവൽ ഓൺ ഡെമോക്രസി‌ മാറി. ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയുടെ കേരള മോഡൽ രാജ്യം മുഴുവൻ കൊണ്ടുവരണമെന്നും സംസ്ഥാന നിയമസഭകളും ലോക്‌സഭാ സെക്രട്ടറിയറ്റും അതിന് നേതൃത്വം കൊടുക്കണമെന്നും നിർദേശിച്ചതും രാജസ്ഥാനിലെ സ്പീക്കറും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കോൺഗ്രസ് നേതാവ് സി പി ജോഷിയാണ്. അതുപോലെ ഡിജിറ്റൽ അസംബ്ലിയും സഭാ ടിവിയും ലോഞ്ച് നവീകരണവും എല്ലാം അനാവശ്യവും ധൂർത്തും അഴിമതിയുമാണെന്നും പറയുന്നു.

ഇതൊന്നും സ്പീക്കറുടെ പോക്കറ്റിൽനിന്ന്‌ തന്നിഷ്ടംപോലെ ചെലവഴിക്കുന്ന കാര്യങ്ങൾ അല്ലെന്നും എല്ലാ ക്രമവും പാലിച്ചുകൊണ്ടാണെന്നും എല്ലാവർക്കും അറിയാം. അതിനുപുറമേ വിവിധ തലത്തിലുള്ള മോണിറ്ററിങ്‌ സമിതികളും രൂപീകരിച്ചാണ്‌ എല്ലാം ചട്ടപ്രകാരം ചെയ്യുന്നത്‌.

ചെക്കോവിന്റെ കഥയുണ്ട്‌. മനോഹരമായ ഒരു വെണ്ണക്കൽ കൊട്ടാരം കണ്ട കിരീടാവകാശികളായ രണ്ട് രാജകുമാരന്മാർ. അവർക്ക് ധാർമികമൂല്യവും വിശാല വീക്ഷണവും പഠിപ്പിച്ച ഗുരുനാഥൻ അവരെ പരീക്ഷിക്കാനായി വെണ്ണക്കൽ കൊട്ടാരം കണ്ട് അവർ നിരീക്ഷിച്ച കാര്യങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടു. ഒരാൾ കൊട്ടാരത്തിന്റെ മനോഹാരിതയും സർഗവൈഭവവും ചാരുചിത്ര ഭംഗിയും തൊഴിലാളികളുടെ അധ്വാനശേഷിയും സൗന്ദര്യബോധവും കുറിച്ചിട്ടു. മറ്റേയാൾ ആ പണിക്ക് നേതൃത്വം നൽകിയ ആൾ നടത്താനിടയുള്ള കള്ളത്തരങ്ങളുടെയും മോഷണ സാധ്യതകളെയും കുറിച്ച് എഴുതിക്കൊടുത്തു. ഈ വികൃത മനോഭാവമുള്ളയാളെ രാഷ്ട്രഭരണത്തിന് യോജിക്കില്ലെന്ന് വിധിയെഴുതി അയാളെ രാജ്യത്തിന് പുറത്തേക്ക് അയച്ചു എന്നാണ് കഥ. ഇതിൽ പ്രതിപക്ഷം ഏത് മനോഭാവക്കാരാണെന്ന് സ്വയം തീരുമാനിച്ചാൽ മതി.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ടോട്ടൽ പ്രൊവൈഡർ ആയി അംഗീകരിക്കുകയും സാങ്കേതിക പ്രവൃത്തി ചെയ്യാനുള്ള അനുവാദം കൊടുക്കുകയും ചെയ്ത് ഐടി വകുപ്പിന്റെ ഉത്തരവിറക്കിയത്. യുഡിഎഫിന്റെ ഭരണകാലത്ത്‌ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഇന്നത്തെ പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷ എംഎൽഎമാരുടെയും മണ്ഡലങ്ങളിൽ നിരവധി പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശൂന്യതയിൽനിന്ന് ഉണ്ടാക്കിയെടുത്ത ഒരു കഥയാണ് സ്റ്റാർട്ടപ് സംരംഭമായ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം. കോൺസുലേറ്റ് ഫസ്റ്റ് സെക്രട്ടറി എന്ന നിലയിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ ക്ഷണം സ്വീകരിച്ച്‌ ഉദ്ഘാടനം ചെയ്യാൻ പോയി എന്നത് ശരിയാണ്. അത് അവരുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് ഒന്നും അറിയാതെയാണ്.

ഇതേ കഥാപാത്രത്തെയല്ലേ പ്രതിപക്ഷനേതാവ് വീട്ടിൽ വിളിച്ചുവരുത്തി സൽക്കരിച്ചത്. ഉത്തമബോധ്യത്തോടെ പറയുന്നു ഒരു സഹായവും ഒരു വഴിവിട്ട നീക്കവും ഒരു ശുപാർശയും എന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. ഒരു ശതമാനംപോലും തെറ്റ് ചെയ്യാത്തതുകൊണ്ട് ഒരിഞ്ചുപോലും തലകുനിക്കില്ല എന്ന് നട്ടെല്ല് നിവർത്തി ധൈര്യസമേതം പറയാൻ കഴിയുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഈ കൈകൾ പരിശുദ്ധമാണ്, ജനുസ്സ് വേറെ ആയതുകൊണ്ടുമാണ്. ചില്ലറക്കിലുക്കം കേൾക്കുമ്പോൾ പതർച്ച ഇല്ലാത്തതുകൊണ്ടാണ്.
ഒരു വ്യക്തി രൂപപ്പെടുന്നത് ഒരു ദിവസം കൊണ്ടല്ല. നിരവധി അനുഭവങ്ങളിലൂടെയും കാലത്തിലൂടെയും ആണ്. കഴിഞ്ഞ 40 വർഷത്തെ പൊതുപ്രവർത്തനരംഗത്തെ ഒരാളെ സംബന്ധിച്ച് കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്ത് ചാടിയിറങ്ങുന്നതിനുമുമ്പ് അന്വേഷിക്കേണ്ടതായിരുന്നു.

തന്റെ പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ച് ഇ എം എസിന്റെ ആത്മകഥയിൽ എഴുതിവച്ചിട്ടുണ്ട്. അദ്ദേഹമാണ് മാഞ്ചീരി രാമൻനായർ. ആ പിതാമഹന്റെ പൈതൃകത്തിന്റെകൂടി ബലത്തിലാണ് വള്ളുവനാട്ടിലെയും ഏറനാട്ടിലെയും ജനങ്ങളുടെ വാത്സല്യം എനിക്ക്‌ ലഭിച്ചത്. അതുകൊണ്ടുതന്നെയാണ് പൊന്നാനിയിൽനിന്ന്‌ മുസ്ലിംലീഗ് പിന്തുണയില്ലാതെ ജനങ്ങൾ എന്നെ അംഗീകരിക്കുന്നത്. ഇതൊന്നും സ്വന്തം നേട്ടമല്ല. ഒരു നാടിനെ രൂപപ്പെടുത്തിയ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നേട്ടമാണ്. അതിന്റെ ബലത്തിൽ ഉറപ്പിച്ചുപറയുന്നു, ഈ കള്ളങ്ങൾ എല്ലാം ചരിത്രം ചവറ്റുകൊട്ടയിൽ തള്ളും. കേരള നിയമസഭയുടെ ചരിത്രത്തിൽ മാറ്റങ്ങളുടെ ഒരു കാലത്തിലൂടെയാണ് ഈ സഭ കടന്നുപോകുന്നതെന്ന് കാലം തെളിയിക്കും, ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
History will throw all lies in the trash; Speaker P SreeRamakrishnan lashes out at the Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X