ആമസോണില്‍ കാണാതായത് 'നാടകം'; വലിയ അപകടം സംഭവിച്ചെന്ന് മാഹീന്‍: ചങ്ങാടം മറിഞ്ഞു: വിമര്‍ശനം
സാധാരണക്കാരായ ആര്‍ക്കും അനുകരിക്കാനാകാത്ത സാഹസിക യാത്രകള്‍ നടത്തുന്ന മലയാളി ട്രാവല്‍ വ്‌ളോഗറാണ് മാഹീന്‍. വിദേശ രാജ്യങ്ങളിലെ ഏറ്റവും അപകടം പിടിച്ച മേഖലകളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ച് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയനായ വ്യക്തിയാണ് മാഹീന്‍. ഹിച്ച്‌ഹൈക്കിങ് നോമാഡ് എന്നാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇദ്ദേഹത്തിനുള്ളത്.
എന്നാല്‍ കഴിഞ്ഞ ദിവസം മാഹീനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. പെറുവിലെ ആമസോണ്‍ കാടുകള്‍ക്ക് നടുവിലുള്ള നദിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന മാഹീനെ കാണാതായെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. സ്വന്തമായി നിര്‍മ്മിച്ച ചങ്ങാടത്തില്‍ ആമസോണ്‍ കാടുകള്‍ക്ക് നടുവിലുള്ള പുഴയിലൂടെ സഞ്ചരിക്കുകയായിരുന്നു മാഹീന്‍. മഴയും കാറ്റും അടിയൊഴുക്കും ശക്തമായുള്ള നദിയിലൂടെയാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ മാഹീന്‍ യാത്ര ചെയ്തത്. ഒപ്പം രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഈ യാത്ര തുടങ്ങിയപ്പോള്‍ ഫേസ്ബുക്കില്‍ അതിന്റെ വീഡിയോ മാഹീന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ഒന്നും ഉണ്ടായില്ല. ഇതോടെയാണ് ഫോളോവേഴ്‌സ് ആശങ്കയിലായത്.

ഇതിനു പിന്നാലെ, ചങ്ങാടത്തില്‍ യാത്ര പുറപ്പെടും മുമ്പ് മാഹീന്‍ ഷെഡ്യൂള്‍ ചെയ്തുവച്ച ഒരു പോസ്റ്റും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്ക് അപകടം എന്തെങ്കിലും സംഭവിച്ചാല്‍ അത് പുറത്ത് അറിയിക്കുന്നതിനു വേണ്ടിയാണ് ഈ പോസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരുന്നത്. ഈ പോസ്റ്റ് കൂടി കണ്ടതോടെ മാഹീന് എന്തോ അപകടം സംഭവിച്ചതായി ഫോളോവേഴ്‌സ് ഉറപ്പിച്ചു. നാലു ദിവസത്തോളമായി യുവാവ് ഓഫ് ലൈനിലായിരുന്നു. അപ്‌ഡേറ്റുകള്‍ ഒന്നുമില്ലാത്തതിനാല്‍ നദിയില്‍ എന്തോ വലിയ അപകടം സംഭവിച്ചെന്ന ആശങ്ക ശക്തമായി. പെറുവിലെ ഇന്ത്യന്‍ എംബസി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു.
അതിനിടെ, തന്റെ യൂട്യൂബ് ചാനലിന് റീച്ച് കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മാഹീന്റെ ഈ തിരക്കഥയെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എങ്കിലും മാഹീന് എന്ത് സംഭവിച്ചുവെന്ന ആകാംഷ എല്ലാവരിലും ഉണ്ടായിരുന്നു. ഇപ്പോഴിതാ ആശങ്കയ്ക്ക് വിരാമം വിട്ട് മാഹീന്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. തനിക്ക് വലിയൊരു അപകടം സംഭവിച്ചെന്നാണ് മാഹീന്‍ അവകാശപ്പെടുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ അപകടമാണ് സംഭവിച്ചതെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും മാഹീന്‍ പറയുന്നു.
മാഹീന്റെ വാക്കുകള്‍: അന്ന് പുഴയില്‍ ചങ്ങാടത്തില്‍ യാത്ര തുടങ്ങിയതിന് പിന്നാലെ വലിയ മഴ തുടങ്ങി, പിന്നാലെ ഒഴുക്കും ശക്തമായി. വനത്തിലെ വൃക്ഷങ്ങള്‍ കടപുഴകി പുഴയുടെ അടിയില്‍ വീണു കിടക്കുന്നുണ്ടായിരുന്നു. ഇതില്‍ തട്ടി ചങ്ങാടം തലകീഴായി മറിഞ്ഞതായി മാഹിന്‍ പറയുന്നു. ഒരു തടിയില്‍ പിടിച്ച് താന്‍ മുകളിലേക്ക് ഉയര്‍ന്നുവന്നു. ചങ്ങാടം പൂര്‍ണമായി തകര്‍ന്നു. മരണവെപ്രാളത്തില്‍ നീന്തി ഒരു കരയില്‍ കയറിപ്പറ്റി. കരയിലെത്തിയപ്പോള്‍ പാമ്പും. ശരീരം മുഴുവന്‍ മുറിവേറ്റു. പിന്നീട് അതുവഴി കടന്നുപോയ ഒരു ബോട്ടിലാണ് രക്ഷപ്പെട്ടത്. ഈ വീഡിയോ എടുക്കാന്‍ ഞാന്‍ കാണും എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല - മാഹീന്‍ പറയുന്നു.
എന്നാല്‍ മാഹീന്‍ ഈ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മാഹീന്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന ആരോപണമാണ് ഉയര്‍ന്നത്. മാഹിന്‍ പറഞ്ഞ കാര്യങ്ങളില്‍ വലിയ പൊരുത്തക്കേടുണ്ടെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. റീച്ച് വര്‍ധിപ്പിക്കാന്‍ വേണ്ടി ഇങ്ങനെ കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്ന് പലരും ഉപദേശിക്കുന്നു.
മാഹീന്‍ എവിടെപ്പോയിയെന്ന ഫോളോവേഴ്‌സിന്റെ ആകാംക്ഷയാണ് മാഹീന്‍ മുതലെടുത്തതെന്ന് പലരും കുറ്റപ്പെടുത്തുന്നു. അപകടം സംഭവിച്ച ശേഷമാണ് ഷെഡ്യൂള്‍ ചെയ്ത പോസ്റ്റ് മാഹീന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് യൂട്യൂബര്‍മാര്‍ പറയുന്നു. ഫോളോവേഴ്‌സിനെ ഇങ്ങനെ പറ്റിക്കരുതെന്നും പലരും ഉപദേശിക്കുന്നുണ്ട്. ഇത്രയും അപകടകരമായ മേഖലയില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ യാത്ര ചെയ്തതിനെയും പലരും വിമര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications