എച്ച്എംപിവി വന്നത് ചൈനക്കാര്‍ അറിഞ്ഞിട്ടില്ല, പ്രചരിക്കുന്നതല്ല സത്യം'; ചൈനയിലെ മലയാളികള്‍ പറയുന്നു
ചൈനയില്‍ കൊവിഡിന് പിന്നാലെ മറ്റൊരു വൈറസും (എച്ച്എംപിവി) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു എന്നും രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ് എന്നുമുള്ള തരത്തില്‍ വിവിധ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ചൈനയില്‍ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിച്ചിരിക്കുകയാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതെല്ലാം തള്ളുകയാണ് ചൈനയില്‍ നിന്നുള്ള മലയാളി ഡോക്ടറും വ്യവസായിയും.
എച്ച്എംപിവിയുടെ പേരില്‍ ചൈനയില്‍ ഭീകരമായ അന്തരീക്ഷമാണ് എന്ന് പറയുന്നത് ശരിയല്ല എന്ന് ഡോ ഫൈസലും ബേസിലും വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചട്ടില്ല എന്നും പൊതുസ്ഥലത്തൊക്കെ നിരവധി ആള്‍ക്കാര്‍ എത്തുന്നുണ്ട് എന്നും ഇരുവരും പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ ചൈനയുടെ സാഹചര്യത്തില്‍ ഇതായിരിക്കില്ല സ്ഥിതി എന്നും ഫൈസലും ബേസിലും സാക്ഷ്യപ്പെടുത്തുന്നു. ഇരുവരുടേയും വാക്കുകളിലേക്ക്...

ഡോ ഫൈസല്‍
ഞാന്‍ നില്‍ക്കുന്നത് ഫുജിയാനിലെ ആശുപത്രിയിലാണ്. ഇവിടെ ഇതുവരെ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. എച്ച്എംപിവി കേസുകളെല്ലാം നോര്‍മലി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ശ്മശാനങ്ങള്‍ നിറയുന്നു, ആകെ പ്രശ്‌നമാണ് എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അതൊന്നും യാഥാര്‍ത്ഥ്യമല്ല. എച്ച്എംപിവിയില്‍ ഇവിടെ ഇതുവരെ മരണസംഖ്യയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ല. എങ്കിലും ഒരു വൈറസ് ആയതിനാല്‍ നാളെ എങ്ങനെ വ്യാപിക്കും എന്നൊന്നും പറയാന്‍ പറ്റില്ല. സ്വാഭാവികമായും ആ ആശങ്കയിന്മേല്‍ വേണ്ട ജാഗ്രതാ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിലവില്‍ എച്ച്എംപിവിക്ക് വാക്‌സിനില്ല. രോഗലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള ചികിത്സയാണ് നടത്തി കൊണ്ടിരിക്കുന്നത്.
മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, പിസിആര്‍ ടെസ്റ്റ് നടത്തുക എന്നീ കാര്യങ്ങളാണ് പ്രതിരോധം എന്ന നിലയില്‍ സ്വീകരിച്ച് വരുന്നത്. അതും വ്യക്തികളുടെ ചോയ്‌സാണ്. സര്‍ക്കാര്‍ പോലും അത് നിര്‍ബന്ധമാക്കിയിട്ടില്ല. ഇതിലെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ജലദോഷമായി വരുന്നവരെ പോലും നമ്മള്‍ എച്ച്എംപിവിക്കാരായി കാണും.
ബേസില്‍
ചൈനയ്ക്ക് പുറത്ത് എച്ച്എംപിവി ചര്‍ച്ചയാകുന്നത് പോലെ ഇവിടെ ചര്‍ച്ചയാകുന്നില്ല. ഇവിടെയുള്ളവര്‍ ശരിക്ക് അറിഞ്ഞ് വരുന്നതെ ഉള്ളൂ എച്ച്എംപിവി ഉണ്ട് എന്നൊക്കെ. അതുകൊണ്ട് കൂടിയാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
വീട്ടില്‍ നിന്ന് അമ്മയൊക്കെ വിളിച്ച് കയറി പോരാന്‍ പറയുന്നുണ്ട്. അത്ര വലിയ പ്രശ്‌നം ഞങ്ങള്‍ക്ക് ഇവിടെ അനുഭവപ്പെട്ടിട്ടില്ല. ശ്മശാനം നിറയുക എന്നൊക്കെ പറഞ്ഞാല്‍ പ്രശ്‌നമല്ലേ. ഇവിടത്തെ ആശുപത്രികളില്‍ പൊതുവെ തിരക്ക് ഉള്ളതാണ്. മാസ്‌ക് ധരിച്ചുള്ള പല വിഷ്വലുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത് കൊവിഡ് കാലത്ത് എടുത്ത ദൃശ്യങ്ങളാണ് എന്നാണ് തോന്നുന്നത്.












Click it and Unblock the Notifications