പോളിംഗ് സ്റ്റേഷനുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും നാളെ അവധി
കൊച്ചി; തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 11 ന് തിരഞ്ഞെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂർ , പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കളക്ടർമാരുടെ അറിയിപ്പ് നോക്കാം
പാലക്കാട്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒന്‍പത് മുതല്‍ 12 വരെയും, നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് പുറമെ തലേദിവസമായ ഡിസംബര്‍ പത്തിനും അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു.ജില്ലയിലെ വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11 ന് എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

കണ്ണൂർ- തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 10, 11 തീയ്യതികളിലും പോളിംഗ് സാമഗ്രികളുടെ സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 10, 11, 13 തീയ്യതികളിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്- ജില്ലയിൽ പോളിങ് സ്റ്റേഷനുകളായും സ്വീകരണവിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 10നും വോട്ടെടുപ്പ് ദിവസമായ 11നും വോട്ടെണ്ണൽ കേന്ദ്രങ്ങളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവക്ക് വോട്ടെണ്ണലിന്റെ തലേദിവസമായ ർ 12നുംവോട്ടെണ്ണൽ ദിനമായ 15നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
11 ന് അവധി
ഡിസംബർ 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ വോട്ടർമാരായ, എന്നാൽ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കുമെന്നും ലേബർ കമ്മീഷ്ണർ അറിയിച്ചു.












Click it and Unblock the Notifications