സന്തോഷ വാർത്ത; കേരളത്തിലെ ആറ് ജില്ലക്കാർക്ക് നാളെ അവധി
വിളവെടുപ്പ് ഉത്സവമായ പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് സംസ്ഥാന സർക്കാർ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വ്യാഴാഴ്ച അവധി നൽകിയിരിക്കുന്നത്.
അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവടങ്ങളിൽ പൊങ്കൽ പ്രമാണിച്ച് നീണ്ട അവധിയാണ്. അതോടൊപ്പം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ജനുവരി 10 മുതൽ 16 വരെ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. ആദ്യം 15 വരെയായിരുന്നു അവധിയെങ്കിലും പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. 17-ാം തീയതിയായിരിക്കും തമിഴ്‌നാട്ടിലും തെലങ്കാനയിലും ആന്ധ്രയിലും സ്കൂളുകൾ വീണ്ടും തുറക്കുക.

എന്താണ് തൈപ്പൊങ്കൽ?
തമിഴ് കലണ്ടറിലെ പത്താം മാസമായ 'തൈ' ഒന്നിനാണ് തൈപ്പൊങ്കൽ ആഘോഷിക്കുന്നത്. പ്രകൃതിക്കും സൂര്യദേവനും കന്നുകാലികൾക്കും നന്ദി അർപ്പിക്കുന്ന ഈ ഉത്സവം നാല് ദിവസം നീണ്ടുനിൽക്കുന്നു. അന്ന്പഴയ സാധനങ്ങൾ തീയിലിട്ട് നശിപ്പിച്ച് പുതിയ തുടക്കത്തിനായി വീട് ഒരുക്കുന്നു. മുറ്റത്ത് മൺപാത്രത്തിൽ പാലും പുതിയ നെല്ലും ശർക്കരയും ചേർത്ത് പൊങ്കൽ തയ്യാറാക്കുന്നു. വിഭവം തിളച്ചു മറിയുമ്പോൾ 'പൊങ്കലോ പൊങ്കൽ' എന്ന് വിളിച്ചുപറയുന്നത് ഐശ്വര്യത്തിന്റെ പ്രതീകമാണ്.
മാട്ടുപ്പൊങ്കൽ: കൃഷിയിൽ സഹായിക്കുന്ന കന്നുകാലികളെ ആദരിക്കുന്ന ദിവസമാണിത്. അവയെ കുളിപ്പിച്ച് അലങ്കരിക്കുകയും പൂമാലകളും മണികളും അണിയിക്കുകയും ചെയ്യുന്നു.
കാണും പൊങ്കൽ: കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്ന ദിവസമാണിത്. പരമ്പരാഗത നൃത്തങ്ങളും കളികളും ഉണ്ടാകും. അതിനാൽ വലിയ ആഘോഷമാണ് നടക്കുന്നത്. മലയാളികൾക്ക് ഓണം എന്ന പോലെ പ്രാധാന്യം അർഹിക്കുന്നതാണ്.
കേരളത്തിലെ തമിഴ് സംസ്കാരവുമായി അടുത്തുനിൽക്കുന്ന അതിർത്തി ഗ്രാമങ്ങളിലും തോട്ടം മേഖലകളിലും വിപുലമായ പൊങ്കൽ ആഘോഷങ്ങളാണ് നടക്കുന്നത്. അവധി പ്രഖ്യാപിച്ചതോടെ ജില്ലകളിൽ ആഘോഷങ്ങളുടെ ആവേശം വർദ്ധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications