നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ സ്വകാര്യ/ വാണിജ്യ സ്ഥാപനങ്ങള്‍/പൊതുമേഖല സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കുകൾക്ക് അവധിയോ?
കേരളത്തിനൊപ്പം അസം, പുതിച്ചേരി എന്നിവിടങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലും ആർബിഐ ബാങ്കുകൾക്ക് അവധി നൽകിയിട്ടില്ല. എന്നാൽ കേരളത്തിൽ നാളെ ബാങ്കുകൾ അവധിയായിരിക്കും.

കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും അവധിയോ?
സംസ്ഥാന നിയമസഭകളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ വോട്ടെടുപ്പ് ദിവസം കേന്ദ്ര സർക്കാർ ഓഫീസുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പൂർണ്ണ അവധിയായിരിക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. പുതുച്ചേരിയിലും അസമിലും ഉള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
'
നിയമസഭാ തിരഞ്ഞെടുപ്പ് : ശരിയായി വോട്ട് രേഖപ്പെടുത്താം
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോളിങ്ങ് ബൂത്തിലെത്തുമ്പോഴുള്ള സംശയങ്ങൾ സ്വാഭാവികമാണ്. ഇനി സംശയങ്ങൾ ഇല്ലാതെ വോട്ട് രേഖപ്പെടുത്താം.
വോട്ട് ചെയ്യാൻ തയ്യാറാണ്
വോട്ടിംഗ് കമ്പാർട്ട്മെന്റിന് മുന്നിൽ എത്തുമ്പോൾ മൂന്നാം പോളിംഗ് ഓഫീസർ ബാലറ്റ് യുണിറ്റ് വോട്ടിങ്ങിന് സജ്ജമാക്കും. അപ്പോൾ ബാലറ്റ് യൂണിറ്റിലെ 'റെഡി' ലൈറ്റ് പ്രകാശിക്കും.
താങ്കളുടെ വോട്ട് രേഖപ്പെടുത്തുക
ബാലറ്റ് യൂണിറ്റിൽ നിങ്ങൾ തിരഞ്ഞെടുത്ത സ്‌ഥാനാർത്ഥിയുടെ പേരിന്റെയും ചിഹ്നത്തിന്റെയും നേരെയുള്ളതോ നോട്ടക്ക് നേരെയുള്ളതോ ആയ നീല ബട്ടണിൽ അമർത്തി വോട്ട് ചെയ്യാം.
ലൈറ്റ് കാണുക
ബട്ടൺ അമർത്തിയ സ്ഥാനാർത്ഥിയുടെ പേരിനോ ചിഹ്നത്തിനോ നോട്ടക്ക് നേരെയുള്ളതോ ആയ ചുവന്ന ലൈറ്റ് പ്രകാശിക്കും.
വോട്ട് പരിശോധിച്ച് ഉറപ്പാക്കുക
തിരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെയോ നോട്ടയുടെയോ ക്രമ നമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഏഴ് സെക്കൻഡ് സമയത്തേക്ക് ഗ്ലാസിലൂടെ സ്ലിപ്പ് കാണാൻ സാധിക്കും. പ്രിൻ്റ് ചെയ്‌ത സ്ലിപ്പ് വിവിപാറ്റിൽ സുരക്ഷിതമായിരിക്കും.
ബീപ്പ് ശബ്‌ദം കേൾക്കുക
കൺട്രോൾ യുണിറ്റിൽ നിന്നുള്ള 'ബീപ്പ് ശബ്ദം കേട്ടാൽ വോട്ട് വിജയകരമായി രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്താം. വിവിപാറ്റിൽ ബാലറ്റ് സ്ലിപ്പ് കാണാതിരിക്കുകയോ ഉയർന്ന ശബ്ദത്തിൽ ഉള്ള 'ബീപ്പ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ ഉടൻ പ്രിസൈഡിങ് ഓഫീസറെ ബന്ധപ്പെടുക.
വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി
വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിങ് ബൂത്തിനകത്ത് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാനാണ് നിർദേശം. ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി, വോട്ടർമാർ തങ്ങളുടെ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുൻപ് ഫോൺ 'മൊബൈൽ ഫോൺ കീപ്പിങ് പൗച്ചി'ൽ നിക്ഷേപിച്ച് വളണ്ടിയർമാരിൽ നിന്ന് ടോക്കൺ വാങ്ങണം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോൾ ടോക്കൺ തിരികെ നൽകി ഫോൺ കൈപ്പറ്റാം.
വോട്ടർമാരുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഹരിത മൊബൈൽ ഫോൺ കീപ്പിങ് പൗച്ച് ഓരോ പോളിങ് സ്റ്റേഷനിലും സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമെ ബൂത്തിനകത്ത് ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ ഇവർ നിർബന്ധമായും ഫോൺ സൈലന്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാവൂ.












Click it and Unblock the Notifications