രണ്ടുദിവസം അവധി; ആഴ്ചയിലെ അവധി കൂട്ടുന്നതില്‍ നിര്‍ണായക നീക്കം, ശനിയാഴ്ച ഓഫീസ് തുറന്നേക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ അവധി കൂട്ടുന്നത് പരിഗണനയില്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഡിസംബര്‍ അഞ്ചിന് വൈകീട്ട് യോഗം ചേരും. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ക്കുന്ന യോഗം ഓണ്‍ലൈന്‍ ആയിട്ടാണ് നടക്കുക. സര്‍വീസ് സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ അഭിപ്രായം അറിയിക്കും.
നിലവില്‍ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് പൊതു അവധി. ഇനി മുതല്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കുന്നതാണ് ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ക്ക് ചില സംശയങ്ങള്‍ ബാക്കിയാണ്. ഡിസംബര്‍ അഞ്ചിന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. ആഴ്ചയില്‍ അവധി കൂട്ടിയാല്‍ എന്താണ് സംഭവിക്കുക?

അവധി കൂട്ടുന്ന വിഷയം മാസങ്ങളായി ചര്‍ച്ചയിലുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കേണ്ടതായിരുന്നു. പല കാരണങ്ങളാല്‍ വൈകി. ഡിസംബര്‍ അഞ്ചിലെ യോഗത്തില്‍ സര്‍വീസ് സംഘടനകളുടെ സംശയം ദൂരീകരിക്കാന്‍ സാധിച്ചാല്‍ നടപടികള്‍ വേഗത്തിലാകും. അതേസമയം, മറിച്ചാണെങ്കില്‍ കാര്യങ്ങള്‍ പ്രതിഷേധങ്ങളിലേക്കും മറ്റും കടക്കാനുള്ള സാധ്യതയും തള്ളാനാകില്ല.
നിലവില്‍ ഞായറാഴ്ച മാത്രമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയുള്ളത്. കൂടാതെ രണ്ടാം ശനിയാഴ്ചയും. നാലാം ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധിയുണ്ടെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ചയും അവധി നല്‍കിയാലോ എന്ന ചര്‍ച്ച നേരത്തെ നടന്നിരുന്നു. പിന്നീടാണ് ആഴ്ചയില്‍ രണ്ട് അവധി എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.
അവധി കൂട്ടുമ്പോള്‍ ജോലി സമയം വ്യത്യാസപ്പെടും
പ്രതിവാര അവധി എണ്ണം കൂട്ടുമ്പോള്‍ നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കാഷ്വല്‍ ലീവ് ഉള്‍പ്പെടെയുള്ള മറ്റു ആനുകൂല്യങ്ങള്‍ കുറയ്ക്കുമോ എന്ന ആശങ്ക സര്‍വീസ് സംഘടനകള്‍ക്കുണ്ട്. ലീവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല എന്നാണ് ഇതുവരെ ലഭ്യമായ വിവരം. അതേസമയം, ജോലി സമയത്തില്‍ മാറ്റം വരുത്തിയേക്കും.
ശമ്പള പരിഷ്‌കണ കമ്മീഷന്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ എന്നിവരുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ മാറ്റത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം കൂടി അവധി നല്‍കുമ്പോള്‍ ഓരോ ദിവസവും ജോലി സമയം വര്‍ധിപ്പിച്ച് ക്രമീകരണം നടത്താനാണ് സാധ്യത. രാവിലെയും വൈകീട്ടും അല്‍പ്പനേരം അധികമായി ജോലി ചെയ്യേണ്ടി വന്നേക്കും.
ഈ തീരുമാനം വന്നാല്‍ മൊത്തം പ്രതിവാര ജോലി സമയത്തില്‍ മാറ്റമുണ്ടാകില്ല. ഉച്ചയ്ക്കുള്ള ഒഴിവ് സമയത്തിലും ക്രമീകരണം വരുത്തിയേക്കും. അതേസമയം, ആഴ്ചയില്‍ രണ്ട് അവധി വരുന്നതോടെ വിപണി സജീവമാകുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. രണ്ട് അവധി വരുമ്പോള്‍ ജീവനക്കാരുടെ ചെലവ് വര്‍ധിക്കാനാണ് സാധ്യത. ടൂറിസം ഉള്‍പ്പെടെയുള്ള മേഖല സജീവമാകുമെന്നും പ്രതീക്ഷിക്കുന്നു. ജോലിയിലെ മികവ് കൂട്ടാനും സര്‍ക്കാര്‍ പദ്ധതി ഒരുക്കിയേക്കും.












Click it and Unblock the Notifications