തിരുകേശ വിവാദം: അന്വേഷണമാകാമെന്ന് സര്‍ക്കാര്‍
കൊച്ചി: തിരുകേശ വിവാദം പുതിയ വഴിത്തിരിവിലേക്ക്.കാന്തപുരത്തിന് അനുകൂലമായി ആദ്യം സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റി. തിരുകേശത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പിച്ച തുടര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണക്കുന്നതാണ് സര്‍ക്കാരിന്റെ തുടര്‍ സത്യവാങ്മൂലം. കാന്തപുരം വിഭാഗവുമായി ലീഗ് നേതാക്കള്‍ അടുപ്പം പുലര്‍ത്തിയിരുന്ന സമയത്താണ് സര്‍ക്കാര്‍ പള്ളി നിര്‍മാണത്തിന് അനുകൂലമായി സത്യവാങ്മൂലം നല്‍കിയത്. ഇപ്പോള്‍ ലീഗും ഇകെ സുന്നി വിഭാഗവും തമ്മില്‍ പുതിയ കരാറായപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റുകയാണ് ഉണ്ടായത്.

തിരുകേശവുമായി ബന്ധപ്പെട്ട പള്ളി നിര്‍മാണമാണ് വലിയ വിവാദം. ഇത്തരമൊരു പള്ളി നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടില്ലെന്നാണ് പുതിയ സത്യവാങ്മൂലത്തില്‍ ഉള്ളത്. പള്ളിയുടെ പേരില്‍ പണം സ്വരൂപിക്കുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പുതിയ സത്യവാങ്മൂലത്തില്‍ ഉണ്ട്.
ലീഗിന് മേല്‍ സമസ്തയുടെ സ്വാധീനം വെളിവാക്കുന്നതാണ് സത്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. പള്ളിയുടെ പേരില്‍ പണപ്പിരിവും ആത്മീയ ചൂഷണവും നടക്കുന്നുണ്ടെന്ന കാര്യം വ്യക്തമാക്കി സത്യവാങ്മൂലം തിരുത്തണം എന്നതായിരുന്നു സമസ്തയുടെ ആവശ്യം. ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇരു സുന്നി വിഭാഗങ്ങളുടേയും നിലപാടുകള്‍ മുസ്ലീം ലീഗിനെ സംബന്ധിച്ച് നിര്‍ണായകമാണ്. എപി വിഭാഗത്തെ പിണക്കിയാലും വേണ്ടില്ല സമസ്തയുടെ പിന്തുണ നേടണം എന്ന ലീഗിന്റെ തീരുമാനത്തിന്റെ പ്രതിഫലനമായാണ് സര്‍ക്കാരിന്റെ തുടര്‍ സത്യവാങ്മൂലത്തെ വിലയിരുത്തുന്നത്.
വടകര സ്വദേശിയായ യുസി അബുവാണ് തിരുകേശ വിവാദത്തെ കോടതിക്ക് മുന്നില്‍ എത്തിച്ചത്. പ്രവാചകനായ മുഹമ്മദ് നബിയുടെ തിരുകേശം സൂക്ഷിക്കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പണപ്പിരിവ് നടത്തുന്നു എന്ന പറഞ്ഞാണ് അബു ഹൈക്കോടതിയില്‍ എത്തിയത്. എന്നാല്‍ പള്ളിയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ചില മുസ്ലീം വിഭാഗങ്ങള്‍ തിരുകേശത്തിന്റെ കാര്യത്തില്‍ ചില സംശയങ്ങള്‍ പ്രകടിപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് സര്‍ക്കാര്‍ ആദ്യം സത്യവാങ് മൂലം നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് അബു വീണ്ടും കോടതിയെ സമീപിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഇന്റലിജന്‍സ് എഡിജിപിയുടെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.
ആദ്യ സത്യവാങ്മൂലത്തിന് തീര്‍ത്തും വിരുദ്ധമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കാന്തപുരത്തിന് തിരുകേശം നല്‍കിയ അഹമ്മദ് ഖസ്രാജി യുഎഇയിലെ മന്ത്രിയാണ് എന്നായിരുന്നു ആദ്യ സത്യവാങ്മൂലത്തില്‍. ഇക്കാര്യം സര്‍ക്കാര്‍ ഇപ്പോള്‍ നിഷേധിച്ചിട്ടുണ്ട്.












Click it and Unblock the Notifications